‘മുംബൈ ഇന്ത്യൻസിന്റെ ഒരുക്കങ്ങൾ ഗുണം ചെയ്തു, പ്രധാന ഓൾ റൗണ്ടർമാരെല്ലാം അവർക്കൊപ്പം’
Mail This Article
ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ മിഥാലി രാജ്, ജുലൻ ഗോസാമി എന്നിവർക്കൊപ്പം ചേർത്തുവായിക്കപ്പെട്ട പേരാണ് റീമ മൽഹോത്ര എന്ന ഓൾ റൗണ്ടറുടേത്. ഇന്ത്യൻ ടീമിനായി 41 ഏകദിന മത്സരങ്ങളും 22 ട്വന്റി20 മത്സരങ്ങളും ഒരു ടെസ്റ്റും കളിച്ചിട്ടുള്ള റീമ, 2020ൽ ക്രിക്കറ്റിൽ നിന്നു വിരമിച്ചെങ്കിലും കമന്റേറ്ററുടെയും പരിശീലകയുടെയും റോളിൽ വനിതാ ക്രിക്കറ്റിൽ സജീവമാണ്. പ്രഥമ വനിതാ പ്രിമിയർ ലീഗിന്റെ വിശേഷങ്ങളും പ്രതീക്ഷകളും മനോരമയോടു പങ്കുവയ്ക്കുകയാണ് സ്പോർട്സ് 18, ജിയോ സിനിമ കമന്ററി പാനൽ അംഗം കൂടിയായ റീമ....
∙ വനിതാ ലോക കപ്പിൽ നിറം മങ്ങിയ ഷഫാലി വർമ വിമൻ പ്രിമിയർ ലീഗിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ക്യാപ്റ്റൻ മെഗ് ലാനിങ്ങിന്റെ പ്രഭാവമാണോ ഷഫാലിയുടെ മാറ്റത്തിന് കാരണം?
തീർച്ചയായും അതെ. ആദ്യ പന്തു മുതൽ അറ്റാക്ക് ചെയ്തു കളിക്കാൻ സാധിക്കുന്ന ഒരു ഓപ്പണിങ് ബാറ്ററാണ് ഷഫാലി. പക്ഷേ, ഷോട്ട് സിലക്‌ഷനിലെ പിഴവുമൂലം പലപ്പോഴും മികച്ച തുടക്കം കിട്ടിയിട്ടും അതു മുതലാക്കാൻ ഷഫാലിക്കു സാധിക്കുന്നില്ല. അതാണ് ലോകകപ്പിൽ കണ്ടത്. എന്നാൽ വിമൻ പ്രിമിയർ ലീഗിലേക്ക് വരുമ്പോൾ മെഗ് ലാനിങ്ങിനെ പോലെ, ഇത്രയേറെ പരിചയസമ്പത്തുള്ള ഒരു ഓപ്പണറുടെ കൂടെ ബാറ്റ് ചെയ്യുമ്പോൾ സമ്മർദമില്ലാതെ കളിക്കാൻ ഷഫാലിക്കു സാധിക്കുന്നു.
∙ ടൂർണമെന്റിൽ ഇതുവരെയുള്ള പ്രകടനങ്ങൾ നോക്കിയാൽ വിദേശതാരങ്ങളാണ് മുൻപന്തിയിൽ
വർഷങ്ങളായി രാജ്യാന്തര തലത്തിൽ മികവുതെളിയിക്കുന്ന ഒട്ടേറെ വിദേശതാരങ്ങൾ ഈ ലീഗിൽ കളിക്കുന്നുണ്ട്. സ്വാഭാവികമായും അവർ ആ മികവു തുടരുന്നതിൽ അതിശയിക്കാനില്ല. ഇന്ത്യൻ താരങ്ങൾ പലരും ടൂർണമെന്റ് തുടങ്ങുന്നതിനു തൊട്ടുമുൻപാണ് ടീമിനൊപ്പം ചേർന്നത്. ഇത് അവരുടെ പ്രകടനത്തെ ബാധിച്ചിരിക്കാം. എന്നാൽ സൈക ഇഷാഖ്, അമൻജോത് കൗർ തുടങ്ങിയ ചില ആഭ്യന്തര താരങ്ങൾ ഇതിനോടകം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റിന് അത് ശുഭസൂചനയാണ്.
∙ അസം ക്രിക്കറ്റ് അസോസിയേഷനൊപ്പം താങ്കൾ പ്രവർത്തിച്ചിട്ടുണ്ട്. വടക്കേ ഇന്ത്യയിൽ ക്രിക്കറ്റിന്റെ വളർച്ച എത്രമാത്രമാണ്.
രണ്ട് സീസൺ ഞാൻ അസം ടീമിനു വേണ്ടി കളിച്ചു. ക്രിക്കറ്റിനെ വളരെ താൽപര്യത്തോടെ കാണുന്നവരാണ് അവർ. പുറത്തുനിന്നുള്ള പ്ലയേഴ്സിനെയും പരിശീലകരെയും അവിടെ എത്തിച്ച് ആഭ്യന്തര താരങ്ങൾക്ക് അവർക്കൊപ്പം കളിക്കാനും അവരിൽ നിന്ന് കൂടുതൽ കാര്യങ്ങൾ പഠിക്കാനും അസം ക്രിക്കറ്റ് ബോർഡ് അവസരം നൽകാറുണ്ട്. പുരുഷ താരങ്ങളുടെ പരിശീലനം നടക്കുമ്പോൾ വനിതാ താരങ്ങൾക്ക് പരിശീലിക്കാൻ ഗ്രൗണ്ട് കിട്ടാത്ത സ്ഥിതി പല സ്ഥലങ്ങളിലും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ അസമിൽ അത്തരം പ്രശ്നങ്ങളില്ല. പുരുഷ–വനിതാ താരങ്ങളെ തുല്യരായാണ് അവർ കാണുന്നത്.
∙ വിമൻ പ്രിമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് അജയ്യരായി തുടരുകയാണ്. എന്താണ് മുംബൈയുടെ സക്സസ് മന്ത്ര?
ടൂർണമെന്റ് തുടങ്ങുന്നതിന് എത്രയോ മുൻപു തന്നെ ടീമിനായുള്ള ഒരുക്കങ്ങൾ മുംബൈ തുടങ്ങിയിരുന്നു. പരിശീലകരായും മെന്റർമാരായും ലോകോത്തര താരങ്ങളെ അവർ കൊണ്ടുവന്നു. ലേലം നടന്നപ്പോൾ പ്രധാന ഓൾ റൗണ്ടർമാരെയെല്ലാം ടീമിലെത്തിക്കാൻ അവർക്കു സാധിച്ചു. നിലവിൽ ഏറ്റവും സന്തുലിതമായ ടീം മുംബൈ ആണെന്ന കാര്യത്തിൽ തർക്കമില്ല. ഈ പ്ലാനിങ് തന്നെയാണ് അവരുടെ വിജയക്കുതിപ്പിന് കാരണവും.
English Summary: WPL 2023, Interview with Reema Malhotra