ഞാൻ ബാറ്ററെങ്കിൽ നിങ്ങൾ ഔട്ട് നൽകുമായിരുന്നു: നിതിൻ മേനോനെ കളിയാക്കി കോലി- വിഡിയോ

kohli-nitin-menon
വിരാട് കോലിയുടെ കമന്റ് കേട്ട് ചിരിക്കുന്ന നിതിൻ മേനോൻ, വിരാട് കോലി
SHARE

അഹമ്മദാബാദ്∙ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ അവസാന ദിവസം മത്സരത്തിനിടെ അംപയർ നിതിൻ മേനോനെ കളിയാക്കി ഇന്ത്യൻ താരം വിരാട് കോലി. അശ്വിൻ എറിഞ്ഞ 35–ാം ഓവറിനിടെ ഇന്ത്യ ഡിആർഎസിനു പോയപ്പോഴാണ് കോലി അംപയർ നിതിൻ മേനോനെ കളിയാക്കി സംസാരിച്ചത്. ട്രാവിസ് ഹെ‍ഡ് അർധ സെഞ്ചറിക്ക് അരികെ നിൽക്കെ അശ്വിന്റെ പന്തിൽ എൽബിഡബ്ല്യുവിനു വേണ്ടി ഇന്ത്യൻ താരങ്ങൾ അപ്പീൽ ചെയ്തെങ്കിലും അംപയർ അനുവദിച്ചിരുന്നില്ല.

തുടർന്ന് അശ്വിന്റെ നിർദേശ പ്രകാരം ക്യാപ്റ്റൻ രോഹിത് ശർമ ഡിആർഎസ് വിളിക്കുകയായിരുന്നു. ട്രാവിസ് ഹെഡ് ഔട്ടല്ലെന്നായിരുന്നു തേർഡ് അംപയറുടെ വിധി. എന്നാൽ താനായിരുന്നു ബാറ്ററെങ്കിൽ അംപയർ ഔട്ട് നൽകുമായിരുന്നെന്നാണ് ഈ സമയത്ത് കോലി പ്രതികരിച്ചത്. ഇതുകേട്ട് അംപയർ നിതിൻ മേനോൻ ചിരിക്കുകയാണു ചെയ്യുന്നത്. സംഭവത്തിന്റെ വി‍ഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ അംപയർ നിതിൻ മേനോന്റെ തീരുമാനത്തിനെതിരെ ആരാധകർ പല തവണ രംഗത്തെത്തിയിരുന്നു. വിരാട് കോലിക്കെതിരെ നിതിൻ മേനോൻ എടുക്കുന്ന തീരുമാനങ്ങളില്‍ പലതും തെറ്റാണെന്നാണ് ആരാധകരുടെ വാദം. പരമ്പരയിലെ നാലാം മത്സരം സമനിലയിലാണ് അവസാനിച്ചത്. അഞ്ചാം ദിനമായ തിങ്കളാഴ്ച ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണു നേടിയത്.

നാലാം ടെസ്റ്റ് സമനിലയിലായതോടെ പരമ്പര 2–1ന് ഇന്ത്യ വിജയിച്ചു. രണ്ടാം ഇന്നിങ്സിൽ 163 പന്തുകൾ നേരിട്ട ട്രാവിസ് ഹെഡ് 90 റണ്‍സെടുത്തു പുറത്തായിരുന്നു. അക്ഷർ പട്ടേലിന്റെ പന്തിൽ താരം ബോൾഡായി. ആദ്യ രണ്ടു ടെസ്റ്റുകൾ വിജയിച്ച ഇന്ത്യ ബോർഡർ– ഗാവസ്കർ ട്രോഫി നേരത്തേ നിലനിർത്തിയിരുന്നു.

English Summary: Virat Kohli takes a cheeky dig at Nitin Menon

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS