ADVERTISEMENT

ഇനിയാരും അവനെ തല്ലരുത്. എനിക്ക് ഒറ്റയ്ക്കു തല്ലണം’ – ഇതൊരു സിനിമാ ഡയലോഗാണ്! ക്രിക്കറ്റുമായും ഇതിനെ ബന്ധിപ്പിക്കാം. ചില ബാറ്റർമാർ ക്രീസിലെത്തുമ്പോൾ ബോളർമാർ മനസ്സിൽ പറയും; ഈ വിക്കറ്റ് എനിക്കുള്ളതാണ്. ഇതു മനസ്സിലാക്കി ക്യാപ്റ്റൻ പന്ത് അവർക്കു തന്നെ നൽകും. ഒരു ബാറ്ററും ഒരു ബോളറും തമ്മിലുള്ള ‘പോരാട്ടം’ അവിടെ തുടങ്ങുന്നു. കഴിഞ്ഞ ദിവസം അവസാനിച്ച ബോർഡർ–ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലുമുണ്ട് ഇത്തരം  പോരാട്ടങ്ങൾ.

ക്യാരിക്കു പ്യാരിയല്ല അശ്വിൻ!

ഓസീസ് വിക്കറ്റ് കീപ്പർ അലക്സ് ക്യാരി ഈ പരമ്പരയ്ക്കു ശേഷം മറക്കാൻ ആഗ്രഹിക്കുന്ന മുഖമായിരിക്കും ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റേത്. പരമ്പരയിൽ 6 തവണ ബാറ്റിങ്ങിന് ഇറങ്ങിയതിൽ 5 തവണയും ക്യാരിയുടെ വിക്കറ്റ് അശ്വിനാണ് സ്വന്തമാക്കിയത്. ഒരു തവണ രവീന്ദ്ര ജഡേജയും വിക്കറ്റെടുത്തു. ആദ്യ മത്സരങ്ങളിൽ സ്പിൻ പിച്ചിലാണ് അശ്വിൻ വിക്കറ്റു നേടിയതെങ്കിൽ ഫ്ലാറ്റ് പിച്ചിൽ നടന്ന അവസാന മത്സരത്തിൽ ക്യാരി റൺ സ്കോർ ചെയ്യും മുൻപുതന്നെ അശ്വിൻ മടക്കി. അഞ്ചിൽ രണ്ട് തവണ എൽബിഡബ്ല്യുവും ഒരു തവണ ബോൾഡുമായി. ഒരു ഇന്നിങ്സിൽ സ്ലിപ് ക്യാച്ചിലും പുറത്തായി.

തുടക്കക്കാരനായ ഓസീസ് ഓഫ് സ്പിന്നർ ടോഡ് മർഫിയിൽനിന്ന് ഇന്ത്യൻ സൂപ്പർതാരം വിരാട് കോലി ഇതു പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. 4 തവണയാണ് കോലിയെ മർഫി പുറത്താക്കിയത്. ഓഫ് സ്പിൻ ബോളർമാരെ നേരിടുന്നതിലെ കോലിയുടെ ദൗർബല്യമാണ് മർഫിക്കു വിക്കറ്റ് നേടിക്കൊടുത്തത്. (ടെസ്റ്റിൽ 172 തവണ പുറത്തായതിൽ 37 എണ്ണം ഓഫ് സ്പിന്നർമാർക്ക് അവകാശപ്പെട്ട വിക്കറ്റുകളാണ്.) പരമ്പരയിൽ 2 തവണ കീപ്പർ ക്യാച്ചിലൂടെയും ഒരു തവണ എൽബിഡബ്ല്യുവിലൂടെയുമാണ് കോലിയുടെ വിക്കറ്റ് മർഫി നേടിയത്. അവസാന ടെസ്റ്റിൽ സെഞ്ചറി തികച്ച കോലി മർഫിയെ മികച്ച രീതിയിൽ നേരിട്ടെങ്കിലും ഒടുവിൽ വിക്കറ്റ് മർഫിക്കു തന്നെയായിരുന്നു. മറ്റു 2 ഇന്നിങ്സുകളിൽ സ്പിന്നർ മാത്യു കോനമനാണ് കോലിയുടെ വിക്കറ്റെടുത്തത്. മർഫിയെറിഞ്ഞ 207 പന്തുകളിൽനിന്ന് കോലി നേടിയത് 89 റൺസ് സ്ട്രൈക് റേറ്റ്– 43.

അശ്വിൻ അവതാർ!

പരമ്പരയിലെ 4 ടെസ്റ്റുകളിലായി അശ്വിൻ എല്ലാ ഓസീസ് താരങ്ങളുടെയും വിക്കറ്റ് നേടി. അലക്സ് ക്യാരിയെ 5 തവണ പുറത്താക്കിയ അശ്വിൻ ഉസ്മാൻ ഖവാജ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മാറ്റ് റെൻഷോ, പീറ്റർ ഹാൻഡ്സ്കോംബ്, നേഥൻ ലയൺ എന്നിവരെ 2 തവണ വീതം പുറത്താക്കി; മറ്റ് ഓസീസ് താരങ്ങളെ ഓരോ തവണയും. അശ്വിനാണ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് (25). ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ അശ്വിൻ ടെസ്റ്റിൽ ഇതുവരെ 8 തവണ പുറത്താക്കിയിട്ടുണ്ട്.

ആൻഡേഴ്സനും കോലിയും തമ്മിൽ

ടെസ്റ്റ് ക്രിക്കറ്റിൽ നിലവിലുള്ള ഏറ്റവും ശ്രദ്ധേയമായ ബാറ്റർ – ബോളർ പോരാട്ടങ്ങളിലൊന്നാണ് വിരാട് കോലിയും ഇംഗ്ലണ്ട് പേസർ ജയിംസ് ആൻഡേഴ്സനും തമ്മിലുള്ളത്. 2014ൽ ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിലേത് കോലിയുടെ കരിയറിലെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നായിരുന്നു. പരമ്പരയിൽ കോലിക്കെതിരെ ആൻഡേഴ്സൻ എറിഞ്ഞ 50 പന്തിൽ 42 എണ്ണവും ഡോട്ട് ബോളുകൾ. പുറത്താക്കിയത് 4 തവണ! കോലി ആകെ നേടിയത് 19 റൺസ്.

ബാറ്റർമാരെ കുഴയ്ക്കുന്ന ‘കോറിഡോർ ഓഫ് അൺസേർട്ടനിറ്റി’ എന്ന പോയിന്റിൽ കുത്തിവന്ന പന്തുകളാണ് കോലിയെ വലച്ചത്. ഈ പോയിന്റിൽ കുത്തിവരുന്ന പന്തുകൾ ഏതു ഷോട്ടിലൂടെ കളിക്കണമെന്ന ആശയക്കുഴപ്പം ബാറ്റർമാരിൽ ഉണ്ടാക്കും. പന്ത് വെറുതെ വിട്ടാൽ വിക്കറ്റിലേക്ക് തിരിയാനുള്ള സാധ്യതയും ഉണ്ട്. ടെസ്റ്റ് കരിയറിൽ ഇതുവരെ ആ‍ൻഡേഴ്സന്റെ 710 പന്തുകളാണ് കോലി നേരിട്ടത്. നേടിയത് 305 റൺസ്. പുറത്താക്കപ്പെട്ടത് 7 തവണ!

English Summary : India vs Australia test series, batters vs bowlers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com