ADVERTISEMENT

ഇസ്‌‍ലാമബാദ്∙ പാക്കിസ്ഥാൻ പേസർ ഷഹീൻ ഷാ അഫ്രീദിക്ക് വേണമെങ്കിൽ ഇന്ത്യൻ ഓള്‍ റൗണ്ടർ ഹാർദിക് പാണ്ഡ്യയെപ്പോലെ ആകാൻ സാധിക്കുമെന്ന് പാക്കിസ്ഥാൻ താരം മുഹമ്മദ് ആമിർ. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിൽ ഷഹീൻ അഫ്രീദി മികച്ച ബാറ്റിങ് പ്രകടനങ്ങൾ നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ആമിറിന്റെ വാക്കുകൾ. അഫ്രീദിക്ക് ബാറ്റിങ്ങിൽ മികവു കണ്ടെത്താനായാൽ പാക്കിസ്ഥാന് അതു നേട്ടമാകുമെന്നും ആമിർ വ്യക്തമാക്കി.

‘‘ബാറ്റിങ് മെച്ചപ്പെടുത്താമെന്ന വിശ്വാസവും കഠിനാധ്വാനവുമുണ്ടെങ്കിൽ ഉറപ്പായും ഷഹീൻ അഫ്രീദിക്ക് ഓൾ റൗണ്ടറാകാൻ സാധിക്കും. ഷഹീൻ അഫ്രീദിക്ക് വമ്പൻ സിക്സറുകൾ പറത്താൻ സാധിക്കുമെന്നത് ഞാൻ കണ്ടതാണ്. അദ്ദേഹം അർധ സെഞ്ചറിയും നേടി. ഇന്ന് ക്രിക്കറ്റിന് വേഗതയേറി, അതുകൊണ്ടു തന്നെ തീരുമാനങ്ങൾ സെക്കൻഡുകൾകൊണ്ട് എടുക്കേണ്ടിവരും.’’– മുഹമ്മദ് ആമിർ ക്രിക്കറ്റ് പാക്കിസ്ഥാനോടു പറഞ്ഞു.

ഏകദിന ലോകകപ്പിൽ ഷഹീൻ അഫ്രീദിയുടെ ബാറ്റിങ്ങിലെ മികവ് ഉപയോഗിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കണമെന്നും മുഹമ്മദ് ആമിർ ആവശ്യപ്പെട്ടു. ‘‘ഇന്നത്തെക്കാലത്ത് ബാറ്റർമാരുടെ ഗെയിം പ്ലാനുകൾ പലവിധത്തിലുള്ളതാണ്. സാഹചര്യങ്ങൾ അനുസരിച്ച് ബാറ്റർമാരെ വ്യത്യസ്തമായി ഉപയോഗിക്കേണ്ടിവരും. ഷഹീൻ അഫ്രീദിയുടെ കാര്യം പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം പരിഗണിക്കണം.’’– ആമിർ വ്യക്തമാക്കി.

പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ലാഹോര്‍ ക്വാലാൻഡേഴ്സ് ടീമിന്റെ ക്യാപ്റ്റനാണ് ഷഹീൻ അഫ്രീദി. പിഎസ്എല്ലിൽ പെഷവാർ സൽമിക്കെതിരായ മത്സരത്തിൽ ആറാമനായി ബാറ്റിങ്ങിന് ഇറങ്ങിയ ഷഹീൻ അഫ്രീദി അർധ സെഞ്ചറി നേടിയിരുന്നു. അഞ്ച് സിക്സും മൂന്നു ഫോറുകളും അടിച്ച താരം 36 പന്തുകളിൽനിന്ന് 52 റൺസാണു നേടിയത്.

English Summary: Mohammed Amir feels Shaheen Afridi can become all-rounder like Hardik Pandya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com