ലഹോർ∙ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) തകർത്തടിച്ച് അർധസെഞ്ചറി നേടി ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) മുംബൈ ഇന്ത്യൻസിന്റെ ബാറ്റിങ് പരിശീലകൻ കയ്റൻ പൊള്ളാർഡ്. കഴിഞ്ഞ സീസണോടെ ഐപിഎലിൽ നിന്ന് വിരമിച്ചെങ്കിലും, പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ഉൾപ്പെടെ ഇപ്പോഴും കളത്തിൽ സജീവമാണ് മുപ്പത്തഞ്ചുകാരനായ പൊള്ളാർഡ്. ഇതിനിടെയാണ് പിഎസ്എൽ മത്സരത്തിൽ മുൾട്ടാൻ സുൽത്താൻസിനായി പൊള്ളാർഡിന്റെ മറ്റൊരു അർധസെഞ്ചറി പ്രകടനം പിറന്നത്. പിഎസ്എലിൽ മുൾട്ടാൻ സുൽത്താൻസ് ഫൈനലിൽ കടന്നിരുന്നു.
ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പൊള്ളാർഡിന്റെ അർധസെഞ്ചറി മികവിൽ മുൾട്ടാൻ സുൽത്താൻസ് കീഴടക്കിയത് ഷഹീൻ അഫ്രീദി നയിക്കുന്ന ലഹോർ ക്വാലാൻഡേഴ്സിനെ. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത മുൾട്ടാൻ നിശ്ചിത 20 ഓവറിൽ നേടിയത് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 160 റൺസ്. 34 പന്തിൽ ഒരു ഫോറും ആറു സിക്സും സഹിതം 57 റൺസുമായി പൊള്ളാർഡ് മുൾട്ടാന്റെ ടോപ് സ്കോററായി. ഉസ്മാൻ ഖാൻ (28 പന്തിൽ 29), റിസ്‌വാൻ (29 പന്തിൽ 33), ടിം ഡേവിഡ് (15 പന്തിൽ 22*) എന്നിവർ കൂടി ചേർന്നതോടെയാണ് മുൾട്ടാൻ മികച്ച സ്കോറിലെത്തിയത്.
Mumbai Indians' batting coach still going strong in the PSL 😬 #IPL #PSL pic.twitter.com/lF11GKNrIi
— Cricbuzz (@cricbuzz) March 16, 2023
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലഹോറിന്റെ ഇന്നിങ്സ് 14.3 ഓവറിൽ വെറും 76 റൺസിൽ അവസാനിച്ചു. രണ്ടക്കം കണ്ടത് സാം ബില്ലിങ്സ് (27 പന്തിൽ 19), ഡേവിഡ് വീസ് (12 പന്തിൽ 12), ഹാരിസ് റൗഫ് (13 പന്തിൽ 15) എന്നിവർ മാത്രം. മൂന്ന് ഓവറിൽ 20 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഷെൽഡൻ കോട്രലാണ് മുൾട്ടാനായി തിളങ്ങിയത്. പൊള്ളാർഡ് ഒരു ഓവറിൽ മൂന്ന് റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത് ബോളിങ്ങിലും തിളങ്ങി.
ഈ സീസണിൽ മുൾട്ടാനായി പൊള്ളാർഡിന്റെ രണ്ടാം അർധസെഞ്ചറി പ്രകടനമാണിത്. ഇതിനു മുൻപ് പെഷാവർ സാൽമിക്കെതിരെയും താരം അർധസെഞ്ചറി നേടിയിരുന്നു. ഈ സീസണിലാകെ 10 മത്സരങ്ങളിൽനിന്ന് 60.25 ശരാശരിയിൽ 241 റൺസുമായി ടോപ് സ്കോറർമാരുടെ പട്ടികയിൽ 12–ാമനാണ് പൊള്ളാർഡ്. പട്ടികയിെല ആദ്യ 20 പേരിൽ പൊള്ളാർഡിനേക്കാൾ ശരാശരിയുള്ളത് മൂന്നാം സ്ഥാനത്തുള്ള ഇമാദ് വാസിമിനു മാത്രം. 134.67 ആണ് വാസിമിന്റെ ശരാശരി.
∙ മുൻപ് താരം, ഇപ്പോൾ പരിശീലകൻ
നേരത്തെ, രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചതിനു പിന്നാലെയാണ് ഐപിഎലിൽനിന്നും വിരമിക്കൽ പൊള്ളാർഡ് വിരമിക്കൽ പ്രഖ്യാപിച്ചത്. പുതിയ സീസണിൽ പൊള്ളാർഡിനെ ടീമിൽ നിലനിർത്തേണ്ടെന്ന് മുംബൈ ഇന്ത്യൻസ് തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന് ബാറ്റിങ് പരിശീലകന്റെ ചുമതല നൽകിയത്. മുംബൈ ഇന്ത്യൻസിന് തലമുറമാറ്റം വേണമെന്ന കാര്യം അംഗീകരിക്കുന്നുവെന്നും, മുംബൈ കുപ്പായത്തിൽ കളിക്കാനായില്ലെങ്കിൽ അവർക്കെതിരെ ഒരിക്കലും കളിക്കാൻ തനിക്കു കഴിയില്ല എന്നതിനാലാണ് ഐപിഎലിൽ നിന്ന് വിരമിക്കുന്നതെന്നും പൊള്ളാർഡ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
2010 മുതൽ മുംബൈ ഇന്ത്യൻസിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു പൊള്ളാർഡ്. ഐപിഎൽ കണ്ട ഏറ്റവും മികച്ച വിദേശ താരങ്ങളിലൊരാളായ പൊള്ളാർഡ്, 13 സീസണുകളിൽ മുംബൈയുടെ ജഴ്സിയണിഞ്ഞ ശേഷമാണ് കളി മതിയാക്കിയത്. മുംബയ്‌ക്കൊപ്പം അഞ്ച് ഐപിഎൽ കിരീട നേട്ടങ്ങളിലും പൊള്ളാർഡ് ഉണ്ടായിരുന്നു. മാത്രമല്ല ഒരേ ഐപിഎൽ ടീമിനായി 100 മത്സരങ്ങളിലെങ്കിലും കളത്തിലിറങ്ങിയ അപൂർവം താരങ്ങളിൽ ഒരാൾ കൂടിയാണ് പൊള്ളാർഡ്. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശതാരമായാണ് പൊള്ളാർഡ് ഐപിഎൽ കരിയർ അവസാനിപ്പിക്കുന്നത്. 189 മത്സരങ്ങളാണ് ഐപിഎലിൽ പൊള്ളാർഡ് കളിച്ചത്. 171 ഇന്നിങ്സുകളിൽനിന്നായി 147.32 സ്ട്രൈക്ക് റേറ്റിൽ 3412 റൺസ് താരം നേടിയിട്ടുണ്ട്. 16 അർധസെഞ്ചറികളും ഇതിൽ ഉൾപ്പെടുന്നു.
English Summary: Mumbai Indians' Batting Coach Pollard Hits Fifty In PSL Match