ADVERTISEMENT

മുംബൈ ∙ വനിതാ പ്രിമിയർ ലീഗിന്റെ പ്രഥമ സീസണിൽ ആദ്യ അഞ്ച് കളികളും തോറ്റ് ദയനീയ തുടക്കമിട്ട റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് വിജയവഴി തെളിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ‘മോട്ടിവേഷൻ ക്ലാസ്’. സീസണിലെ ആറാം മത്സരത്തിൽ യുപി വാരിയേഴ്സിനെ നേരിടുന്നതിനു മുന്നോടിയായാണ്, സ്മൃതി മന്ഥന നയിക്കുന്ന ആർസിബിക്ക് പ്രചോദനം പകരാൻ ആർസിബി പുരുഷ ടീം താരം കൂടിയായ വിരാട് കോലി നേരിട്ടെത്തിയത്. ഇതിനു പിന്നാലെ മുംബൈയിലെ ഡിവൈ പാട്ടീൽ സ്പോർട്സ് അക്കാദമിയിൽ നടന്ന മത്സരത്തിൽ ആർസിബി വനിതകൾ സീസണിലെ ആദ്യ ജയം കുറിച്ചു. പൊരുതിക്കളിച്ച യുപി വാരിയേഴ്സിനെ വീഴ്ത്തിയത് അഞ്ച് വിക്കറ്റിന്.

ആർസിബിക്കായി കളത്തിലിറങ്ങിയ മലയാളി താരം ആശാ ശോഭന രണ്ടു വിക്കറ്റെടുത്ത് ചരിത്രം കുറിച്ചു. ഇതുവരെ ഐപിഎൽ കിരീടം നേടാനായിട്ടില്ലെങ്കിലും, ആവേശത്തോടും വിശ്വാസത്തോടും കൂടിയാണ് ഓരോ സീസണിലും ആർസിബിയുടെ പുരുഷ ടീം കളത്തിലിറങ്ങുന്നതെന്ന് വിരാട് കോലി, വനിതാ താരങ്ങളോട് വിശദീകരിച്ചു.

‘‘കഴിഞ്ഞ 15 വർഷമായി ഞാൻ ഐപിഎൽ കളിക്കുന്നു. ഇതുവരെ കിരീടം നേടാനായിട്ടില്ല. പക്ഷേ, ഇതൊന്നും ടീമിനായി ആവേശത്തോടെ കളത്തിലിറങ്ങുന്നതിൽനിന്ന് എന്നെ തടയുന്നില്ല. എനിക്ക് ചെയ്യാനാകുന്നത് അതു മാത്രമല്ലേ. ഞാൻ കളിക്കുന്ന ഓരോ ടൂർണമെന്റിലും അതിലെ ഓരോ കളിയിലും ഒരേ ആവേശം കാത്തുസൂക്ഷിക്കും. അതാണ് എന്റെ ശൈലി. നമ്മൾ ജയിച്ചാൽ വളരെ നല്ലത്. തോറ്റാലും ഒളിച്ചോടാനൊന്നുമില്ല. ഐപിഎൽ ജയിച്ചാൽ മാത്രമേ സന്തോഷത്തോടെ മരിക്കാനാകൂ എന്നൊന്നും ഞാൻ കരുതുന്നില്ല. അങ്ങനെ ചിന്തിക്കേണ്ട കാര്യവുമില്ല’ – കോലി പറഞ്ഞു.

‘‘അതുകൊണ്ട് ഇപ്പോഴത്തെ അവസ്ഥ നോക്കാതെ നമുക്കു ലഭിച്ച അവസരത്തെക്കുറിച്ച് സന്തോഷിക്കുക. എല്ലാറ്റിനും രണ്ടു വശമുണ്ട്. ഇതുവരെ നമുക്ക് ഐപിഎൽ ജയിക്കാനായിട്ടില്ലെങ്കിലും, ലോകത്തെ ഏറ്റവും മികച്ച ആരാധകരുള്ളത് നമുക്കാണെന്ന് ഞാൻ കരുതുന്നു. അത് കളിയോട് നാം കാണിക്കുന്ന ആത്മാർഥതകൊണ്ടാണെന്ന് ഞാൻ കരുതുന്നു’ – കോലി പറഞ്ഞു.

‘ആർസിബിയെ കാണുമ്പോൾ അവരുടെ മുഖത്തു വിരിയുന്ന ചിരിയിലുണ്ട്, കളിയോടുള്ള ആത്മാർഥതയാണ് നമുക്ക് അവർക്കു നൽകാവുന്ന ഏറ്റവും വലിയ സമ്മാനമെന്ന്. എല്ലാ വർഷവും ആരാധകർക്ക് കിരീടം സമ്മാനിക്കാൻ നമുക്കാകുമെന്ന് യാതൊരു ഉറപ്പുമില്ല. പക്ഷേ, ടീമിനായി നമ്മുടെ 110 ശതമാനവും നൽകാനാകുമെന്ന് ഉറപ്പു നൽകാനാകും. അതാണ് വേണ്ടതും’ – കോലി പറഞ്ഞു.

കോലിയുടെ വാക്കുകൾ നൽകിയ ആത്മവിശ്വാസത്തിൽ കളത്തിലിറങ്ങിയ ആർസിബി വനിതകൾ, അ‍ഞ്ച് വിക്കറ്റിനാണ് വിജയം പിടിച്ചത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ യുപി വാരിയേഴ്സ് 19.3 ഓവറിൽ 135 റൺസിന് എല്ലാവരും പുറത്തായി. മലയാളി താരം ആശ ശോഭന നാല് ഓവറിൽ 27 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. എലിസ് പെറി മൂന്നും സോഫി ഡിവൈൻ രണ്ടു വിക്കറ്റും വീഴ്ത്തി. ‌‌

മറുപടി ബാറ്റിങ്ങിൽ ക്യാപ്റ്റൻ സ്മൃതി മന്ഥന ഒരിക്കൽക്കൂടി നിരാശപ്പെടുത്തിയെങ്കിലും, രണ്ട് ഓവർ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ആർസിബി വിജയലക്ഷ്യം മറികടന്നു. 30 പന്തിൽ 46 റൺസെടുത്ത കനിക അഹൂജയുടെ പ്രകടനമാണ് ടീമിന് കരുത്തായത്. റിച്ച ഘോഷ് 32 പന്തിൽ 31 റൺസുമായി പുറത്താകാതെ നിന്നു.

English Summary: Virat Kohli peps up RCB women’s team with motivational speech ahead of WPL 2023 match vs UP Warriorz

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com