ADVERTISEMENT

മുംബൈ ∙ തുടർച്ചയായ മോശം പ്രകടനങ്ങളിലൂടെ ടെസ്റ്റ് ടീമിലെ സ്ഥാനം ചോദ്യചിഹ്‌നമായെങ്കിലും, ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ രക്ഷിക്കാൻ കെ.എൽ.രാഹുൽ തന്നെ വേണ്ടിവന്നു. വിരാട് കോലിയും ടെസ്റ്റിൽ രാഹുലിന്റെ സ്ഥാനം ‘കയ്യടക്കിയ’ ശുഭ്മൻ ഗില്ലുമെല്ലാം നിരാശപ്പെടുത്തിയ മത്സരത്തിൽ അവസരോചിതമായ അർധസെഞ്ചറിയുമായി രാഹുൽ ഒരറ്റത്ത് ഉറച്ചുനിന്നതോടെ, പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആവേശകരമായ ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ഓസീസിനെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ 35.4 ഓവറിൽ 188 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 10.1 ഓവറും അഞ്ച് വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി. ഇതോടെ, മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിൽ ഇന്ത്യ 1–0ന് മുന്നിലെത്തി. രണ്ടാം മത്സരം ഞായറാഴ്ച വിശാഖപട്ടണത്ത് നടക്കും.

ഒരു ഘട്ടത്തിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 39 റൺസെന്ന നിലയിലും പിന്നീട് അഞ്ചിന് 83 റൺസ് എന്ന നിലയിലും തകർന്ന ഇന്ത്യയ്ക്ക്, പിരിയാത്ത ആറാം വിക്കറ്റിൽ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം രാഹുൽ പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് വിജയത്തിന് അടിത്തറയായത്. 123 പന്തുകൾ നേരിട്ട ഇരുവരും അടിച്ചുകൂട്ടിയത് 108 റൺസാണ്. അഞ്ചാമനായി ക്രീസിലെത്തിയ രാഹുൽ 75 റൺസുമായി പുറത്താകാതെ നിന്ന് ഇന്ത്യയുടെ ടോപ് സ്കോററായി. 91 പന്തുകൾ നേരിട്ട രാഹുൽ ഏഴു ഫോറും ഒരു സിക്സും സഹിതമാണ് 75 റൺസെടുത്തത്. രാഹുലിന്റെ 13–ാം ഏകദിന അർധസെഞ്ചറിയാണിത്. ഓസീസിന്റെ ക്ഷമ പരീക്ഷിച്ച് ക്രീസിൽ ഉറച്ചുനിന്ന രവീന്ദ്ര ജഡേജ, രാഹുലിന് ഉറച്ച പിന്തുണ നൽകി. ജഡേജ 69 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 36 റൺസെടുത്തു.

ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 31 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 25 റൺസെടുത്ത് പുറത്തായി. നാലിന് 39 റൺസ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ ആദ്യം കരകയറ്റിയത് അഞ്ചാം വിക്കറ്റിൽ രാഹുൽ – പാണ്ഡ്യ സഖ്യം കൂട്ടിച്ചേർത്ത 44 റൺസാണ്. 54 പന്തിലാണ് ഇരുവരും 44 റൺസ് കൂട്ടിച്ചേർത്തത്. ശുഭ്മൻ ഗിൽ 31 പന്തിൽ മൂന്നു ഫോറുകളോടെ 20 റൺസെടുത്ത് പുറത്തായി.

അതേസമയം, മുൻ നായകൻ വിരാട് കോലി (ഒൻപത് പന്തിൽ നാല്), ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു പകരം ഈ മത്സരത്തിൽ ഇടം ലഭിച്ച ഓപ്പണർ ഇഷാൻ കിഷൻ (എട്ടു പന്തിൽ മൂന്ന്), സൂര്യകുമാർ യാദവ് (0) എന്നിവർ തീർത്തും നിരാശപ്പെടുത്തി. ഓസീസിനായി സ്റ്റാർക്ക് 9.5 ഓവറിൽ 49 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. മാർക്കസ് സ്റ്റോയ്നിസ് ഏഴ് ഓവറിൽ 27 റൺസ് വഴങ്ങി രണ്ടു വിക്കറ്റും സ്വന്തമാക്കി.

∙ മികച്ച തുടക്കം മുതലാക്കാനാകാതെ ഓസീസ്

നേരത്തെ, മികച്ച തുടക്കം ലഭിച്ചിട്ടും ഇന്ത്യൻ ബോളർമാർക്കു മുന്നിൽ പിടിച്ചുനിൽക്കാനാകാതെ ഓസ്ട്രേലിയ 35.4 ഓവറിൽ 188 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 65 പന്തിൽ 81 റൺസെടുത്ത ഓപ്പണർ‌ മിച്ചൽ മാർഷ് മാത്രമാണ് ഓസ്ട്രേലിയയ്ക്കായി തിളങ്ങിയത്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ നൂറു കടന്ന ഓസ്ട്രേലിയയാണ് 200 തൊടാനാകാതെ വീണത്. ഷാര്‍ദൂൽ ഠാക്കൂറൊഴികെ പന്തെറിഞ്ഞ മറ്റെല്ലാ ബോളർമാർക്കും വിക്കറ്റു കിട്ടിയ മത്സരത്തിൽ ഓസീസ് മധ്യനിരയും വാലറ്റവും ബാറ്റിങ്ങിൽ പരാജയപ്പെട്ടു. ജോഷ് ഇംഗ്ലിഷ് (27 പന്തിൽ 26), സ്റ്റീവ് സ്മിത്ത് (30 പന്തിൽ 22), മാർനസ് ലബുഷെയ്ൻ (22 പന്തിൽ 15), കാമറൂൺ ഗ്രീൻ (19 പന്തിൽ 12) എന്നിവരാണ് ഓസ്ട്രേലിയയുടെ പ്രധാന സ്കോറർമാർ.

സ്കോർ അഞ്ചിൽ നിൽക്കെ ഓസീസ് ഓപ്പണർ ട്രാവിസ് ഹെഡിനെ ബോൾഡാക്കി മുഹമ്മദ് സിറാജാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. സ്മിത്തിനെ കൂട്ടുപിടിച്ച് മിച്ചൽ മാർഷ് സ്കോർ ഉയർത്തിയതോടെ ഓസീസ് 50 പിന്നിട്ടു. 77ൽ നിൽക്കെ സ്മിത്തിനെ പാണ്ഡ്യയുടെ പന്തിൽ തകർപ്പനൊരു ഡൈവിങ് ക്യാച്ചിലൂടെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുൽ പുറത്താക്കി. 51 പന്തുകളില്‍നിന്നാണ് മിച്ചല്‍ മാർഷ് അർധ സെഞ്ചറി നേടിയത്.

ജഡേജയ്ക്കാണ് മാർഷിന്റെ വിക്കറ്റ്. മാർനസ് ലബുഷെയ്ൻ കുൽദീപ് യാദവിന്റെ പന്തിലും ഇംഗ്ലിഷ്, കാമറൂൺ ഗ്രീൻ എന്നിവർ മുഹമ്മദ് ഷമിയുടെ പന്തിലും പുറത്തായതോടെ ഓസീസ് പ്രതിരോധത്തിലായി. പേരുകേട്ട ഓൾ റൗണ്ടർമാരും വാലറ്റവും നിരാശപ്പെടുത്തിയപ്പോൾ ഓസ്ട്രേലിയ 188 റൺസിനു പുറത്ത്. ഇന്ത്യയ്ക്കായി പേസർമാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മൂന്നു വിക്കറ്റു വീതം വീഴ്ത്തി. ജഡേജ രണ്ടും, ഹാർദിക് പാണ്ഡ്യ, കുൽദീപ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

English Summary: India vs Australia First ODI Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com