ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനൊരുങ്ങുന്ന എം.എസ്. ധോണിയുടെ ചിത്രം പുറത്തുവിട്ട് ചെന്നൈ സൂപ്പർ കിങ്സ്. 41 വയസ്സുകാരനായ മുൻ ഇന്ത്യൻ ക്യാപ്റ്റന്റെ ബാറ്റിങ് പരിശീലനത്തിന്റെ ചിത്രമാണ് ചെന്നൈ ട്വിറ്ററിൽ ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ധോണിയുടെ ചിത്രം കണ്ട ആരാധകരും ഒന്നു ഞെട്ടി. കൈകളിൽ പതിവിലും കൂടുതൽ മസിലുകളുമായി ക്രിക്കറ്റ് പരിശീലിക്കുന്ന ധോണിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലും വൈറലായി.
രാജ്യാന്തര ക്രിക്കറ്റിൽനിന്നു നേരത്തേ വിരമിച്ച ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക് സ്റ്റേഡിയത്തിലാണു പരിശീലിക്കുന്നത്. മാസങ്ങളായി ക്രിക്കറ്റിൽനിന്നു വിട്ടുനിന്ന ധോണി മണിക്കൂറുകൾ നീണ്ട പരിശീലനത്തിലാണെന്നാണു പുറത്തുവരുന്ന വിവരം.
എംഎസ്ഡി എന്നാൽ മസ്കുലർ സിങ് ധോണിയെന്നാണെന്ന് ഒരു ആരാധകന്‍ ട്വിറ്ററിൽ കുറിച്ചത്. 2008ലെ ഐപിഎല്ലിന്റെ ഉദ്ഘാടന സീസൺ മുതൽ ചെന്നൈ സൂപ്പർ കിങ്സിനൊപ്പമുള്ള ധോണി 2010, 2011, 2018, 2021 വര്‍ഷങ്ങളിൽ ചെന്നൈയെ കിരീടത്തിലേക്കെത്തിച്ചു. കഴിഞ്ഞ സീസണിൽ ചെന്നൈ ക്യാപ്റ്റനായി രവീന്ദ്ര ജഡേജയെ നിയമിച്ചെങ്കിലും പിന്നീട് ക്യാപ്റ്റൻ സ്ഥാനം ധോണി തന്നെ ഏറ്റെടുത്തു.
English Summary: Muscular Singh Dhoni: Fans left awestruck by MSD's biceps