മുംബൈ∙ അഞ്ച് വിക്കറ്റിനാണ് ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ വിജയിച്ചത്. ഏകദിന മത്സരത്തിൽ ക്യാപ്റ്റനായുള്ള അരങ്ങേറ്റം ജയിച്ചുകൊണ്ട് ഹാർദിക് പാണ്ഡ്യ ഗംഭീരമാക്കി. ട്വന്റി20 പരമ്പരകളിൽ ഇന്ത്യയെ പല തവണ നയിച്ചിട്ടുള്ള ഹാർദിക് പാണ്ഡ്യയ്ക്ക് ആദ്യമായാണ് ഏകദിനത്തിൽ ക്യാപ്റ്റൻ സ്ഥാനം ലഭിക്കുന്നത്. ഭാര്യാ സഹോദരന്റെ വിവാഹമായതിനാൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മുംബൈയിൽ നടന്ന ആദ്യ ഏകദിനത്തിൽ കളിക്കാൻ ഉണ്ടായിരുന്നില്ല.
രോഹിത് ഒഴികെ ഇന്ത്യൻ ടീമിലെ മുതിർന്ന താരങ്ങളായ വിരാട് കോലി, കെ.എൽ. രാഹുൽ എന്നിവരും ഇന്നലെ ഹാർദിക് പാണ്ഡ്യയ്ക്കു കീഴിലാണു കളിച്ചത്. മത്സരത്തിനിടെ വിരാട് കോലി, ഹാർദിക് പാണ്ഡ്യ, സ്പിന്നർ കുൽദീപ് യാദവ് എന്നിവർ ചർച്ച നടത്തുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ വിഡിയോയിൽ വിരാട് കോലി സംസാരിക്കുന്നതിനിടെ ഹാര്‍ദിക് അതു കേൾക്കാൻ നിൽക്കാതെ മടങ്ങിപ്പോകുന്നതു കാണാം.
തുടർന്ന് സംസാരം നിർത്തി വിരാട് ഫീൽഡിങ് പൊസിഷനിലേക്കു പോകുന്നതും വിഡിയോയിലുണ്ട്. അതിനിടെ വിരാട് കോലി കൂടെയുണ്ടായിരുന്ന കുൽദീപിനോടു സംസാരിക്കുകയും ചെയ്യുന്നുണ്ട്. മുതിർന്ന താരമായ കോലിയുടെ നിർദേശങ്ങൾ സ്വീകരിക്കാൻ പാണ്ഡ്യ തയാറാകുന്നില്ലെന്നാണ് ആരാധകരിൽ ചിലരുടെ വാദം. എന്നാൽ എന്താണു താരങ്ങള്‍ സംസാരിക്കുന്നതെന്ന കാര്യം ഇതുവരെ പുറത്തുവന്നിട്ടില്ല.
വിശാഖ പട്ടണത്ത് ഞായറാഴ്ചയാണ് പരമ്പരയിലെ രണ്ടാം ഏകദിനം. ഈ മത്സരത്തിൽ രോഹിത് ശർമയായിരിക്കും ടീം ഇന്ത്യയെ നയിക്കുക. രോഹിത് ശർമയ്ക്കു ശേഷം ഹാർദിക് പാണ്ഡ്യ തന്നെ ഇന്ത്യൻ ഏകദിന ടീമിന്റെ സ്ഥിരം ക്യാപ്റ്റനാകുമെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ.
English Summary: Hardik Pandya seemingly ignores Virat Kohli