ADVERTISEMENT

മുംബൈ∙ മൂന്ന് മാസത്തോളം സമയം ബാക്കിയുണ്ടെങ്കിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് ഒരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം. ഓസ്ട്രേലിയയ്ക്കെതിരായ ഫൈനലിനു മുൻപ് മൂന്ന് ദിവസത്തെ സന്നാഹമത്സരത്തിനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനെ ബിസിസിഐ സമീപിച്ചിട്ടുണ്ട്. അതേസമയം ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കായി വിക്കറ്റ് കീപ്പറായ കെ.എസ്. ഭരതിനെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കളിപ്പിക്കാൻ ബിസിസിഐയ്ക്കു താൽപര്യമില്ലെന്നാണു വിവരം. പകരം കെ.എൽ. രാഹുലിനെ ടെസ്റ്റില്‍ കീപ്പറാക്കാനാണ് ആലോചനയെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ‍ എടുത്തു പറയാവുന്ന ബാറ്റിങ് പ്രകടനം കെ.എസ്. ഭരതില്‍ നിന്നുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ലോക ടെസ്റ്റ് ചാംപ്യൻഷിപ് പോലെ പ്രധാനപ്പെട്ട മത്സരത്തിൽ താരത്തെ ഇറക്കേണ്ടതില്ലെന്നാണ് ബിസിസിഐ നിലപാട്. കെ.എൽ. രാഹുല്‍ ഇതുവരെ ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് കീപ്പറായിട്ടില്ല. ജൂണിൽ നടക്കുന്ന ഫൈനൽ ആകുമ്പോഴേക്കും യുവവിക്കറ്റ് കീപ്പർ ഋഷഭ് പന്ത് പരുക്കിൽനിന്നു മുക്തനാകില്ല. ഈ സാഹചര്യത്തിലാണ് രാഹുലിന് കീപ്പറുടെ ചുമതല നൽകുന്നത്.

ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ– ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ രാഹുലിനെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ മാത്രമാണു കളിപ്പിച്ചത്. അവസാന ടെസ്റ്റുകളിൽ ടീമിലെത്തിയ ശുഭ്മൻ ഗിൽ തകർപ്പൻ പ്രകടനം നടത്തിയതോടെ താരം ഓവലിൽ നടക്കുന്ന ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിലും കളിക്കുമെന്ന് ഉറപ്പാണ്. പരുക്കേറ്റ ശ്രേയസ് അയ്യർക്കു പകരം സൂര്യകുമാർ യാദവിനെ ടീമിലെത്തിക്കാനാണ് ബിസിസിഐയുടെ പദ്ധതി.

ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ രാഹുലിനെ കീപ്പറാക്കണമെന്ന് മുൻ ഇന്ത്യൻ താരങ്ങളായ സഞ്ജയ് മഞ്ജരേക്കറും രവി ശാസ്ത്രിയും നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഓവലിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം യുവതാരം ശുഭ്മൻ ഗിൽ ഓപ്പണറാകണമെന്നും രാഹുൽ അഞ്ചാമതായി ബാറ്റിങ്ങിന് ഇറങ്ങണമെന്നുമാണ് രവി ശാസ്ത്രിയുടെ നിർദേശം. ശിവസുന്ദർ ദാസിന്റെ നേതൃത്വത്തിലുള്ള ബിസിസിഐ സിലക്ഷൻ കമ്മിറ്റി അടുത്ത മാസം ഫൈനൽ പോരാട്ടത്തിനുള്ള ടീമിനെ പ്രഖ്യാപിക്കും. 

English Summary: BCCI Want KL Rahul is in wicket keeper role for WTC final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com