മുംബൈ∙ പ്രഥമ വനിതാ പ്രിമിയർ ലീഗ് ട്വന്റ20 ക്രിക്കറ്റ് ക്ലൈമാക്സിലേക്ക്. ലീഗിൽ 4 മത്സരം മാത്രം ബാക്കി നിൽക്കെ ആദ്യ മൂന്നിൽ ഇടംപിടിക്കാൻ കടുത്ത പോരാട്ടം. 5 ടീമുകളിൽ ഒന്നും ഇതുവരെ പുറത്തായിട്ടില്ല. ലീഗിലെ ഒന്നാം സ്ഥാനക്കാർ നേരിട്ടു ഫൈനലിലെത്തും. രണ്ടും മൂന്നും സ്ഥാനക്കാർ തമ്മിലുള്ള പ്ലേ ഓഫ് മത്സരം ജയിക്കുന്നവരോടാണ് ഫൈനലിൽ ഇവർ ഏറ്റുമുട്ടുക. നിലവിൽ ആദ്യ 2 സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസും ആദ്യ മൂന്നിൽ എത്തുമെന്നുറപ്പാണ്. 3-ാം സ്ഥാനത്തെത്തി പ്ലേഓഫ് യോഗ്യത നേടാൻ യുപി വാരിയേഴ്സും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ഗുജറാത്ത് ജയന്റ്സും തമ്മിലാണ് മത്സരം. 2 മത്സരം ശേഷിക്കെ യുപിക്ക് 6 പോയിന്റുണ്ട്. ഓരോ മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ബാംഗ്ലൂരിനും ഗുജറാത്തിനും 4 പോയിന്റ് വീതമാണുള്ളത്. 24നാണ് പ്ലേ ഓഫ് മത്സരം. 26ന് വൈകിട്ട് 7.30നാണ് ഫൈനൽ.
ജയിച്ചാൽ യുപി അകത്ത്!
പ്ലേ ഓഫ് യോഗ്യത നേടുന്ന 3-ാം ടീമാകാൻ ഏറ്റവും സാധ്യത യുപി വാരിയേഴ്സിനാണ്. അവശേഷിക്കുന്ന 2 മത്സരങ്ങളിൽ ഒന്നിൽ ജയിച്ചാൽ യുപിക്ക് പ്ലേ ഓഫ് കളിക്കാം. ഇന്ന് ഗുജറാത്തിനെതിരെയും നാളെ ഡൽഹിക്കെതിരെയുമാണ് യുപിയുടെ മത്സരങ്ങൾ. ഇവ രണ്ടിലും ചെറിയ മാർജിനിൽ തോറ്റാലും യുപിക്ക് പ്ലേഓഫ് കളിക്കാൻ സാധിച്ചേക്കും.
വൻജയത്തിന് ബാംഗ്ലൂർ
നാളെ മുംബൈയ്ക്കെതിരെയാണ് ബാംഗ്ലൂരിന്റെ അവസാന ലീഗ് മത്സരം. ഇതു ജയിക്കുന്നതിനൊപ്പം യുപി അടുത്ത 2 മത്സരങ്ങൾ തോൽക്കുകയും വേണം. ഇങ്ങനെ സംഭവിച്ചാൽ ബാംഗ്ലൂർ, യുപി, ഗുജറാത്ത് ടീമുകൾക്ക് 6 പോയിന്റ് വീതമാകും. റൺറേറ്റിൽ മുകളിലുള്ള യുപിയെ മറികടക്കാൻ ബാംഗ്ലൂരിന് മുംബൈയ്ക്കെതിരെ വൻ വിജയം വേണം. ആദ്യ 5 മത്സരങ്ങൾ തോറ്റ ബാംഗ്ലൂർ അവസാന 2 മത്സരങ്ങളിൽ തകർപ്പൻ ജയമാണ് നേടിയത്.

ഗുജറാത്തിന് കഠിനം !
മൈനസ് 2.5 റൺറേറ്റുള്ള ഗുജറാത്ത് ജയന്റ്സാണ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത്. ഇന്ന് യുപിക്കെതിരായ മത്സരത്തിൽ വൻ വിജയം നേടണം. അതിനൊപ്പം യുപിയെ അടുത്ത കളിയിൽ ഡൽഹി ക്യാപിറ്റൽസ് വൻ മാർജിനിൽ പരാജയപ്പെടുത്തണം. ബാംഗ്ലൂർ മുംബൈയോടും തോൽക്കണം. ഇവ മൂന്നും നടന്നാൽ മാത്രമേ ഗുജറാത്തിന് പ്ലേഓഫ് യോഗ്യത സ്വപ്നം കാണാൻ കഴിയൂ.
ഒന്നാമത് ആര് ?
തോൽവി അറിയാതെ കുതിച്ച മുംബൈ ഇന്ത്യൻസിനെ കഴിഞ്ഞ ശനിയാഴ്ച യുപി തോൽപിച്ചതോടെ ആദ്യ സ്ഥാനത്തിനായുള്ള പോരാട്ടവും ശക്തമായി. ഇന്ന് ഡൽഹിക്കെതിരെ ജയം നേടാനായാൽ മുംബൈയ്ക്ക് ഒന്നാം സ്ഥാനം ലഭിക്കും. എന്നാൽ ഡൽഹി ജയിച്ചാൽ ഇരുടീമിനും 10 പോയിന്റ് വീതമാകും. നാളത്തെ മുംബൈ-ബാംഗ്ലൂർ, ഡൽഹി-യുപി മത്സരഫലം ഒന്നാം സ്ഥാനക്കാരെ നിശ്ചയിക്കും. 2.670 ആണ് മുംബൈയുടെ റൺറേറ്റ്. ഡൽഹിക്ക് 1.431.
English Summary: Women Premier league Twenty20 cricket towards the climax