ADVERTISEMENT

ചെന്നൈ ∙ തുടർച്ചയായി പരാജയപ്പെടുന്ന ടോപ് ഓർഡർ ബാറ്റിങ്, ഫ്രീ വിക്കറ്റുകളായി മാറുന്ന മധ്യനിര, പിച്ചിൽ നിന്ന് സഹായം ലഭിച്ചിട്ടും താളം കണ്ടെത്താൻ കഷ്ടപ്പെടുന്ന ബോളിങ് നിര... ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ഏകദിനത്തിലെ ദയനീയ തോൽവിയോടെ അടിമുടി ഉലഞ്ഞുപോയ ടീം ഇന്ത്യയ്ക്ക് ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ ഇന്നത്തെ മൂന്നാം മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ല.

മറുവശത്ത് ആത്മവിശ്വാസത്തിന്റെ പരകോടിയിൽ നിൽക്കുന്ന ഓസ്ട്രേലിയയെ കാത്തിരിക്കുന്നത് ടെസ്റ്റ് പരമ്പരയിലെ തോൽവി മറക്കാനുള്ള സുവർണാവസരമാണ്. പരമ്പര 1–1 എന്ന നിലയിലായതിനാൽ ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലെ ‘ഫൈനലിൽ’ തീപാറും. 

ഇന്ത്യയ്ക്ക് അഗ്‌നിപരീക്ഷ

വിശാഖപട്ടണത്തു നേരിട്ട 10 വിക്കറ്റ് തോൽവിയുടെ ‘അടി’ മറക്കാൻ ടീം ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം ജയിച്ചേ മതിയാകൂ. ആദ്യ രണ്ടു മത്സരങ്ങളിലും നിരാശപ്പെടുത്തിയ ടോപ് ഓർഡർ ബാറ്റിങ്ങിൽ കാര്യമായ അഴിച്ചുപണിക്ക് സാധ്യതയില്ലെങ്കിലും തുടർച്ചയായി രണ്ടുതവണ ഗോ‍ൾഡൻ ഡക്കായ സൂര്യകുമാർ യാദവിന് നാലാം നമ്പറിൽ വീണ്ടും അവസരം നൽകണോ എന്നതുൾപ്പെടെയുള്ള സംശയങ്ങൾ ടീം മാനേജ്മെന്റിനെ അലട്ടുന്നുണ്ട്.

പേസർമാർക്ക് മേൽക്കൈ ലഭിച്ച വിശാഖപട്ടണത്തെ പിച്ചിൽ ഷാർദൂൽ ഠാക്കൂറിനു പകരം അക്ഷർ പട്ടേലിനെ കളിപ്പിക്കാൻ തീരുമാനിച്ചത് ബോളിങ്ങിൽ തിരിച്ചടിയായിരുന്നു. അതിനാൽ ഇന്നത്തെ മത്സരത്തിൽ ഷാർദൂൽ തിരിച്ചെത്തിയേക്കും. രണ്ടാം ഏകദിനത്തിൽ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവച്ച അക്ഷറും ടീമിൽ നിലനിന്നാൽ പുറത്തു പോവേണ്ടി വരിക സൂര്യ തന്നെയാകും. ടോപ് ഓർഡറിൽ രോഹിത് ശർമയുടെയും വിരാട് കോലിയുടെയും ഫോമും ഇന്ത്യയ്ക്ക് നിർണായകമാണ്.

വിജയം തുടരാൻ ഓസീസ്

ടെസ്റ്റ് പരമ്പര കൈവിട്ടതിന്റെ ക്ഷീണം മാറ്റാൻ ഏകദിന പരമ്പര സ്വന്തമാക്കണം എന്നുറപ്പിച്ചിറങ്ങിയ ഓസ്ട്രേലിയയ്ക്ക് രണ്ടാം മത്സരത്തിലെ ആധികാരിക ജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ബാറ്റിങ്ങിൽ ഓപ്പണർ മിച്ചൽ മാർഷിന്റെ ഫോമിൽ തന്നെയാണ് ടീമിന് പ്രതീക്ഷ. ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്ൻ എന്നിവരടങ്ങിയ ടോപ് ഓർഡറും പിന്നാലെയെത്തുന്ന ഗ്ലെൻ മാക്സ്‌വെൽ, കാമറൂൺ ഗ്രീൻ, മാർകസ് സ്റ്റോയ്നിസ് എന്നിവരങ്ങുന്ന മധ്യനിരയും ബാറ്റിങ് കരുത്ത് ഉറപ്പിക്കുന്നു. മിച്ചൽ സ്റ്റാർക് നയിക്കുന്ന ബോളിങ് യൂണിറ്റ് ഓസീസിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു.

വീണ്ടും പേസ് പിച്ച്

ഐപിഎലിൽ സ്പിന്നർമാർക്ക് അളവറ്റ് സഹായം നൽകുന്ന പിച്ചാണ് ചെപ്പോക്കിലേതെങ്കിലും ഏകദിനങ്ങളിൽ പേസർമാർക്കാണ് മേൽക്കൈ ലഭിച്ചിട്ടുള്ളത്. ഇതുവരെ ഇവിടെ നടന്ന ഏകദിനങ്ങളിൽ പേസർമാർ 190 വിക്കറ്റ് സ്വന്തമാക്കിയപ്പോൾ സ്പിന്നർമാർക്ക് ലഭിച്ചത് 112 വിക്കറ്റാണ്. 21 ഏകദിനങ്ങളിലായി, 259 റൺസാണ് ശരാശരി സ്കോർ.

 

English Summary: India-Australia ODI 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com