ADVERTISEMENT

ന്യൂഡൽഹി ∙ ബാറ്റിങ്ങാണോ ബോളിങ്ങാണോ ആദ്യം എന്നറിഞ്ഞതിനു ശേഷം ഇനി ഐപിഎൽ ട്വന്റി20 ക്രിക്കറ്റിൽ ക്യാപ്റ്റന്മാർക്ക് ടീം നിശ്ചയിക്കാം. ഐപിഎൽ സീസൺ തുടങ്ങാൻ 8 ദിവസം മാത്രം ബാക്കി നിൽക്കെ ഇതുൾപ്പെടെ ഏതാനും നിയമങ്ങൾ ബിസിസിഐ പരിഷ്കരിച്ചു. മുൻപ് ടോസിനു മുൻപ് ടീം പട്ടിക കൈമാറണമായിരുന്നെങ്കിൽ ഈ സീസൺ മുതൽ ടോസിനു ശേഷം മാത്രം 11 അംഗ ടീമിനെ പ്രഖ്യാപിച്ചാൽ മതി.

ടോസിന്റെ ആനുകൂല്യം മനസ്സിലാക്കി ടീമിനെ പ്രഖ്യാപിക്കാൻ ഈ നിയമം  ഉപകരിക്കും. ഈ വർഷം നടന്ന ദക്ഷിണാഫ്രിക്കൻ‌ ട്വന്റി20 ലീഗിൽ ഈ നിയമം പരീക്ഷിച്ചിരുന്നു. 31ന് ആരംഭിക്കുന്ന ഐപിഎലിലെ ആദ്യ മത്സരത്തിൽ കഴിഞ്ഞ സീസൺ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും.

പുതിയ നിയമഭേഗഗതികൾ:

പ്ലേയിങ് ഇലവനും 5 പകരക്കാരും ഉൾപ്പെടുന്ന ടീം പട്ടിക ഈ സീസൺ മുതൽ ടോസിനു ശേഷമാണ് മാച്ച് റഫറിക്കു കൈമാറേണ്ടത്. മുൻ സീസണുകളിൽ മത്സരത്തിനു മുൻപ് പട്ടിക കൈമാറണമായിരുന്നു. മുൻപ് ടോസിനു ശേഷം എതിർ ടീം ക്യാപ്റ്റന്റെ അനുമതിയോടെ മാത്രമാണ് ടീമിൽ മാറ്റം വരുത്തിയിരുന്നത്. ഇത്തവണ മത്സരം തുടങ്ങുന്നതിനു മുൻപ് ടീമിൽ മാറ്റം വരുത്താൻ എതിർ ടീം ക്യാപ്റ്റന്റെ അനുമതി ആവശ്യമില്ല.

ബാറ്റർ പന്ത് നേരിടുന്നതിനു മുൻപ് വിക്കറ്റ്കീപ്പർ സ്ഥാനം മാറിയതായി അംപയറുമാർക്കു തോന്നിയാൽ 5 റൺസ് വരെ പെനൽറ്റി വിധിക്കാം. ഡെഡ് ബോൾ പ്രഖ്യാപിച്ച ശേഷമാകും അംപയർ പെനൽറ്റി വിധിക്കുക. ഫീൽഡിങ് ടീം ക്യാപ്റ്റനെയും ബാറ്റർമാരെയും ഇത് അംപയർ അറിയിക്കണം.

ബാറ്റർ പന്ത് നേരിടുന്നതിനു മുൻപ് ഫീൽഡർമാർ സ്ഥാനം മാറിയാലും 5 റൺസ് വരെ പെനൽറ്റി വിധിക്കാം. കുറഞ്ഞ ഓവർ നിരക്കിന് ഇനി കളിക്കളത്തിൽ തന്നെ പെനൽറ്റി. നിശ്ചിത സമയത്ത് ഓവർ പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ പിന്നീട് വൈകിയുള്ള ഓരോ ഓവറുകളിലും ഔട്ടർ സർക്കിളിനു പുറത്ത് 4 ഫീൽഡർമാരെ മാത്രമേ അനുവദിക്കൂ.

ആരാണ് ഇംപാക്ട് പ്ലെയർ?

മുൻപ് ഏകദിനങ്ങളിൽ പരീക്ഷിച്ചിരുന്ന സൂപ്പർ സബ് പോലെയുള്ള ഇംപാക്ട് പ്ലെയർ ഇത്തവണ ഐപിഎലിൽ അവതരിപ്പിക്കുമെന്ന് ബിസിസിഐ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പ്ലേയിങ് ഇലവനൊപ്പം 5 പകരക്കാരുടെ പേരും ടീമുകൾ മത്സരത്തിനു മുൻപ് പ്രഖ്യാപിക്കണം. ഇവരിൽ ഒരാളെ കളിക്കിടെ ആർക്കെങ്കിലും പകരം സബ്സ്റ്റിറ്റ്യൂട്ട് താരമായി ഇറക്കാം. ഈ താരത്തിന് ബാറ്റിങ്ങിനും ബോളിങ്ങിനും ഇറങ്ങാം.

English Summary : Changes in Indian Premier League 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com