ADVERTISEMENT

ചെന്നൈ ∙ ഓസ്ട്രേലിയൻ സ്പിൻ ആക്രമണത്തിനു മുൻപിൽ സൂപ്പർ ബാറ്റർമാർ തെന്നി വീണപ്പോൾ 4 വർഷത്തിനുശേഷം സ്വന്തം മണ്ണിൽ ഇന്ത്യയ്ക്കു പരമ്പര നഷ്ടം. ചെപ്പോക്കിൽ നടന്ന നിർണായകമായ മൂന്നാം ഏകദിന മത്സരത്തിൽ 21 റൺസിന് ഇന്ത്യയെ കീഴടക്കിയ ഓസ്ട്രേലിയ 3 മത്സരങ്ങളുടെ പരമ്പര 2–1ന് സ്വന്തമാക്കി. 270 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 248 റൺസിന് ഓൾഔട്ടായി. ഓസീസ് സ്പിന്നർമാരായ ആഡം സാപയുടെയും  (4 വിക്കറ്റ്) ആഷ്ടൻ ആഗറിന്റെയും (2 വിക്കറ്റ്) ബോളിങ്ങാണ് ഇന്ത്യൻ വിജയപ്രതീക്ഷകൾ തച്ചുടച്ചത്. ഇന്ത്യൻ മണ്ണിൽ ഏകദിനത്തിലും ടെസ്റ്റിലും ട്വന്റി20യിലുമായി തുടർച്ചയായ 26 പരമ്പര നേട്ടങ്ങൾക്കുശേഷമാണ് ഈ തിരിച്ചടി. 2019 മാർച്ചിൽ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലാണ് ഇതിനു മുൻപ് ഇന്ത്യ നാട്ടിൽ തോറ്റത്.

സ്കോർ: ഓസ്ട്രേലിയ– 49 ഓവറിൽ 269. ഇന്ത്യ– 49.1 ഓവറിൽ 248. ജയത്തോടെ ഐസിസി ഏകദിന റാങ്കിങ്ങിൽ ഓസ്ട്രേലിയ ഒന്നാംസ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ ഓസ്ട്രേലിയയ്ക്ക് ഏകദിന പരമ്പര ട്രോഫിയുമായി നാട്ടിലേക്കു തലയുയർത്തി മടങ്ങാം. ഓസീസ് ബാറ്റർ മിച്ചൽ മാർഷാണ് പരമ്പരയിലെ താരം. ആഡം സാംപയാണ് പ്ലെയർ ഓഫ് ദ് മാച്ച്. അലക്ഷ്യമായ ഷോട്ടിലൂടെ വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യൻ ബാറ്റർമാർ കളി കൈവിട്ടപ്പോൾ 2 റണ്ണൗട്ട് അടക്കം ലഭിച്ച അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തിയാണ് ഓസീസ് ടീം വിജയമുറപ്പാക്കിയത്. 

ബാറ്റിങ്ങിൽ ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നു. രോഹിത് ശർമയും (30) ശുഭ്മൻ ഗില്ലും (37) ഒന്നാം വിക്കറ്റിൽ അതിവേഗം 65 റൺസ് നേടി സ്കോറുയർത്തി. ഇരുവരും പുറത്തായശേഷം വിരാട് കോലിയും (54) കെ.എൽ.രാഹുലും (32) ചേർന്ന് ഇന്നിങ്സിനെ മുന്നോട്ടു നയിച്ചു. 2 വിക്കറ്റ് നഷ്ടത്തിൽ 146 എന്ന നിലയി‍ൽ ഇന്ത്യ വിജയത്തിലേക്കു കുതിക്കുമ്പോഴാണ് രാഹുലിന്റെ വിക്കറ്റ് വീഴ്ത്തി ആഡം സാംപ കളി തിരിച്ചത്. അടുത്ത ഓവറിൽ അനാവശ്യ റണ്ണിന് ശ്രമിച്ച അക്ഷർ പട്ടേൽ റണ്ണൗട്ടായി (2). 35–ാം ഓവറിനുശേഷം പിച്ചിലെ വേഗം കുറഞ്ഞതോടെ ഇന്ത്യയ്ക്കു ബാറ്റിങ് ദുഷ്ക്കരമായി. ഇതു നന്നായി മുതലെടുത്ത ആഷ്ടൻ ആഗർ 36–ാം ഓവറിലെ അടുത്തടുത്ത പന്തുകളിൽ വിരാട് കോലിയെയും (54) സൂര്യകുമാർ യാദവിനെയും (0) പുറത്താക്കി.

ഉജ്വലമായ ഇന്നിങ്സിലൂടെ സ്കോറുയർത്തിയ കോലി അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്. ആറാമനായി ക്രീസിലെത്തി പിടിച്ചുനിന്ന ഹാർദിക് പാണ്ഡ്യയുടെ (40) ഇന്നിങ്സിനും ടീമിനെ കരകയറ്റാനായില്ല. നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയയ്ക്ക് ഓപ്പണർമാരായ ട്രാവിസ് ഹെഡും (33) മിച്ചൽ മാർഷും (47) ചേർന്നു നൽകിയത് മികച്ച തുടക്കമായിരുന്നു. ഒന്നാം വിക്കറ്റിൽ 68 റൺസ് നേടിയ സന്ദർശകരുടെ സ്കോറിങ് വേഗം കുറഞ്ഞത് 11–ാം ഓവറിൽ ഹാർദിക് പാണ്ഡ്യ പന്തെറിയാനെത്തിയപ്പോഴാണ്. തന്റെ 3 ഓവറുകൾക്കുള്ളിൽ 2 ഓസീസ് ഓപ്പണർമാരെയും ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെയും (0) ഹാർദിക് പുറത്താക്കിയപ്പോൾ ഓസ്ട്രേലിയ മൂന്നിന് 85 എന്ന നിലയിൽ പരുങ്ങി. പിന്നാലെ ഡേവിഡ് വാർണർ (23), മാർനസ് ലബുഷെയ്ൻ (28), അലക്സ് ക്യാരി (38) എന്നിവരെ പുറത്താക്കി കുൽദീപ് യാദവ് വലിയ സ്കോറിലേക്കുള്ള ഓസീസിന്റെ കുതിപ്പിന് കടിഞ്ഞാണിട്ടു.

എങ്കിലും സൂര്യ !

തിരിച്ചടികൾക്കും വിമർശനങ്ങൾക്കും ബാറ്റുകൊണ്ടു മറുപടി പറയുന്ന ഒരു സൂര്യകുമാർ സ്റ്റൈൽ ഇന്നിങ്സിനായാണ് ഇന്നലെ ചെപ്പോക്ക് സ്റ്റേഡിയം കാത്തിരുന്നത്. എന്നാൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾഡൻ ‍‍ഡക്കായി പുറത്തായ സൂര്യകുമാർ ഇന്ത്യൻ ആരാധകർക്കു സമ്മാനിച്ചത് സമ്പൂർണ നിരാശ. ഒരു രാജ്യാന്തര ഏകദിന പരമ്പരയിലെ എല്ലാ മത്സരത്തിലും ഗോൾഡൻ ഡക്കാകുന്ന ആദ്യ ബാറ്ററെന്ന നാണക്കേടും സ്വന്തമാക്കിയായിരുന്നു പവലിയനിലേക്കുള്ള മടക്കം. ഏകദിനത്തിൽ തുടർച്ചയായ 3 മത്സരങ്ങളിൽ പൂജ്യത്തിനു പുറത്താകുന്ന ആറാമത്തെ ഇന്ത്യക്കാരനാണ് സൂര്യകുമാർ. 2019ൽ ജസ്പ്രീത് ബുമ്രയാണ് അവസാനമായി ഇത്തരത്തിൽ പുറത്തായത്. ട്വന്റി20യിൽ ലോക ഒന്നാം നമ്പർ ബാറ്ററായ സൂര്യകുമാറിന്റെ ഏകദിന ടീമിലെ സ്ഥാനവും ഇതോടെ പ്രതിസന്ധിയിലായി.

SCORE ബോർഡ്

ടോസ് : ഓസ്ട്രേലിയ

പ്ലെയർ ഓഫ് ദ് മാച്ച്:

ആഡം സാംപ

ഓസ്ട്രേലിയ: 269 (49 ഓവർ)

മാർഷ് 47

ക്യാരി 38

ഹാർദിക് 3–44 (8)

കുൽദീപ് 3–56 (10)

ഇന്ത്യ: 248 (49.1 ഓവർ)

കോലി 54

ഹാർദിക് 40

സാംപ 4–45 (10)

ആഗർ 2–41 (10)

English Summary: India vs Australia Third ODI Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com