‘ടീം ഇന്ത്യയിൽ ചില താരങ്ങള്‍ക്കു മാത്രം സംരക്ഷണം, സൂര്യകുമാര്‍ തന്നെ ഉദാഹരണം’

rohit-suryakumar
രോഹിത് ശർമ, സൂര്യകുമാർ യാദവ്. Photo: FB@RohitSharma,SuryakumarYadav
SHARE

മുംബൈ∙ സൂര്യകുമാർ യാദവിനെ ട്വന്റി20 ക്രിക്കറ്റിലെ മികവു നോക്കി ഏകദിനവും ടെസ്റ്റും കളിപ്പിക്കുന്ന ബിസിസിഐയ്ക്കെതിരെ മുൻ ഇന്ത്യൻ താരം ലക്ഷ്മൺ ശിവരാമകൃഷ്ണന്‍. ഇന്ത്യൻ ടീമിൽ ചില താരങ്ങൾക്കു മാത്രം പ്രത്യേക സംരക്ഷണം ലഭിക്കുന്നുണ്ടെന്നും ലക്ഷ്മൺ ശിവരാമകൃഷ്ണൻ ട്വിറ്ററിൽ കുറിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നു മത്സരങ്ങളിലും സൂര്യകുമാര്‍ യാദവ് ഗോൾഡൻ ഡക്കായി പുറത്തായതിനു പിന്നാലെയാണ് മുൻ ഇന്ത്യൻ താരത്തിന്റെ വിമര്‍ശനം.

‘‘ചില താരങ്ങൾക്കു മാത്രം ഇവിടെ സംരക്ഷണം ലഭിക്കുന്നുവെന്നതിന്റെ മികച്ച ഉദാഹരണമാണ് സൂര്യകുമാർ യാദവ്. 50 ഓവർ ക്രിക്കറ്റും ട്വന്റി20യും വളരെയേറെ വ്യത്യാസമുണ്ട്. സൂര്യകുമാർ ടെസ്റ്റ് ടീമിലുമുണ്ടായിരുന്നു. ട്വന്റി20യിലെ പ്രകടനത്തിന്റെ പേരിൽ ഒരു താരത്തെ എല്ലാ ഫോർമാറ്റിലും കളിപ്പിക്കരുത്.’’– ശിവരാമകൃഷ്ണന്‍ ട്വിറ്ററിൽ കുറിച്ചു.

ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ മിച്ചൽ സ്റ്റാർക്കിന്റെ ആദ്യ പന്തുകളിൽ എൽബിഡബ്ല്യു ആയ സൂര്യകുമാര്‍, മൂന്നാം മത്സരത്തിൽ ആഷ്ടൻ ആഗറിന്റെ പന്തിൽ ബോൾ‍ഡാകുകയായിരുന്നു. ഇതോടെ ട്വന്റി20 ലോക ഒന്നാം നമ്പർ ബാറ്ററായ സൂര്യകുമാർ യാദവിനെതിരെ വിമർശനം ഉയർന്നു. സൂര്യകുമാർ യാദവിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ സ്വീകരിച്ചത്. സൂര്യ ആകെ മൂന്നു പന്തുകൾ മാത്രമാണ് നേരിട്ടതെന്ന് രോഹിത് പ്രതികരിച്ചു.

‘‘സൂര്യ നേരിട്ട മൂന്നു പന്തുകളും മികച്ചതായിരുന്നു. താരം പുറത്തായതു നിരാശയുണ്ടാക്കുന്നു. പക്ഷേ സൂര്യകുമാർ യാദവിനൊപ്പമാണു ഞാൻ. അദ്ദേഹത്തിന്റെ മികവു കുറച്ചു വർഷങ്ങളായി ഞങ്ങൾ കാണുന്നതാണ്.’’– മൂന്നാം ഏകദിനത്തിലെ തോൽവിക്കു ശേഷം രോഹിത് ശർമ മാധ്യമങ്ങളോടു പ്രതികരിച്ചു. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീമിന്റെ താരമാണ് സൂര്യകുമാർ യാദവ്.

English Summary: Ex India Star's Hard-Hitting Comment On Suryakumar Yadav Getting Repeated Chances

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA