ADVERTISEMENT

ഇസ്‍ലാമബാദ്∙ ഏഷ്യാ കപ്പ് ക്രിക്കറ്റിനായി പാക്കിസ്ഥാനിലേക്കു പോകില്ലെന്ന് ഇന്ത്യ പറയുന്നത് സുരക്ഷാ പ്രശ്നം കാരണമല്ലെന്ന് പാക്കിസ്ഥാൻ മുന്‍ ക്രിക്കറ്റ് താരം ഇമ്രാൻ നാസിർ. പാക്കിസ്ഥാനിലേതു മികച്ച സുരക്ഷാ സംവിധാനങ്ങളാണെന്നും ഇന്ത്യ തോൽവി ഭയന്നാണു ഇത്തരമൊരു നിലപാട് എടുക്കുന്നതെന്നും ഇമ്രാൻ നാസിർ പ്രതികരിച്ചു. ‘‘ഇവിടെ സുരക്ഷാ പ്രശ്നങ്ങളില്ല. ഏതൊക്കെ ടീമുകള്‍ കളിക്കുന്നതിനായി പാക്കിസ്ഥാനിലേക്കു വരുന്നുണ്ടെന്നു നോക്കുക.’’– ഒരു അഭിമുഖത്തിൽ ഇമ്രാൻ നാസിർ പറഞ്ഞു.

‘‘ഓസ്ട്രേലിയ പോലും പാക്കിസ്ഥാനിലേക്കു കളിക്കാൻ വന്നു കഴിഞ്ഞു. ഇന്ത്യയ്ക്ക് പാക്കിസ്ഥാനിൽ കളിച്ച് തോൽക്കുമോയെന്ന ഭയമാണ്. അതാണ് അവരുടെ പിൻമാറ്റത്തിനു കാരണം. സുരക്ഷാപ്രശ്നങ്ങളൊക്കെ വെറുതെ പറയുന്നതാണ്. ഇവിടെ വന്നു ക്രിക്കറ്റ് കളിക്കൂ. നിങ്ങൾ രാഷ്ട്രീയം കളിക്കാൻ നോക്കിയാൽ പിന്നെ മറ്റൊരു വഴിയുമുണ്ടാകില്ല. ആളുകള്‍ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം കാണാൻ ആഗ്രഹിക്കുന്നുണ്ട്. അതിൽ വേറെ തന്നെ ഒരു ആവേശമുണ്ട്. ലോകത്തിനാകെ അക്കാര്യം അറിയാം.’’– ഇമ്രാൻ നാസിർ വ്യക്തമാക്കി.

‘‘ഇന്ത്യ– പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം നടന്നാൽ മാത്രമേ, ക്രിക്കറ്റ് കൂടുതൽ ഇടങ്ങളിലേക്കു വ്യാപിക്കൂ എന്ന് ഒരു ക്രിക്കറ്റർ എന്ന നിലയിൽ ഞാൻ കരുതുന്നു. എന്നാൽ തോൽക്കുന്ന കാര്യം ഇന്ത്യയ്ക്ക് അംഗീകരിക്കാൻ സാധിക്കില്ല. ഇത് ഒരു മത്സരമാണ്, ചിലപ്പോൾ ജയിക്കും, ചിലപ്പോൾ തോൽക്കും.’’– മുൻ പാക്കിസ്ഥാൻ താരം വ്യക്തമാക്കി. ഏഷ്യാ കപ്പ് ക്രിക്കറ്റിനായി പാക്കിസ്ഥാനിലേക്കു പോകേണ്ടതില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഇന്ത്യയുടെ മത്സരങ്ങൾ മാത്രം മറ്റേതെങ്കിലും വേദികളിൽ നടത്താനും സാ‌ധ്യതയുണ്ട്.

English Summary: India Won't Come To Pakistan As They Are Afraid Of Losing: Imran Nazir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com