മുംബൈ∙ ഏഷ്യാ കപ്പ് മത്സരങ്ങൾക്കായി ഇന്ത്യ പാക്കിസ്ഥാനിലേക്കു പോകില്ല. ഇന്ത്യയുടെ മത്സരങ്ങൾ പാക്കിസ്ഥാനിൽനിന്നു മാറ്റി മറ്റേതെങ്കിലും രാജ്യത്തുനടത്തും. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായതായാണ് റിപ്പോർട്ടുകൾ. ഏഷ്യാ കപ്പിലെ മറ്റു മത്സരങ്ങളെല്ലാം നേരത്തേ തീരുമാനിച്ചതുപോലെ പാക്കിസ്ഥാനിൽ തന്നെ നടത്തും. ഇന്ത്യയുടെ കളികൾ മാത്രം ഇംഗ്ലണ്ട്, ഒമാൻ, ശ്രീലങ്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ എവിടെയെങ്കിലും നടത്താനാണ് ധാരണയായിരിക്കുന്നത്.
ഏഷ്യാ കപ്പിന്റെ കാര്യം ചർച്ച ചെയ്യാൻ ബിസിസിഐ ഉദ്യോഗസ്ഥരും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയതായി വാർത്താ ഏജൻസിയായ എഎന്‍ഐ റിപ്പോർട്ട് ചെയ്തു. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ വേദിയുടെ കാര്യത്തിൽ തീരുമാനം പിന്നീടായിരിക്കും. ഏഷ്യാ കപ്പിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരവും വിദേശ വേദിയിലായിരിക്കും കളിക്കുക.
ഇന്ത്യ ഫൈനലിലെത്തിയാൽ ഫൈനൽ പോരാട്ടവും പാക്കിസ്ഥാനു പുറത്തു നടത്തേണ്ടിവരുമെന്നും എഎൻഐ റിപ്പോർട്ട് ചെയ്തു. ആറു ടീമുകൾ മത്സരിക്കുന്ന ഏഷ്യാ കപ്പ് ഈ വര്‍ഷം സെപ്റ്റംബറിലാണു നടക്കേണ്ടത്. ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. ഫൈനൽ ഉൾപ്പെടെ ആകെ 13 മത്സരങ്ങളാണ് ഏഷ്യ കപ്പിലുള്ളത്. രണ്ടു ഗ്രൂപ്പുകളിൽനിന്ന് മികച്ച രണ്ടു ടീമുകൾ വീതം സൂപ്പർ ഫോർ റൗണ്ടിൽ കളിക്കും. സൂപ്പർ ഫോറിൽ മുന്നിലെത്തുന്ന ടീമുകൾ ഫൈനൽ യോഗ്യത നേടും.
പാക്കിസ്ഥാനിൽ കളിക്കാനില്ലെന്ന നിലപാടാണ് തുടക്കം മുതല്‍ ബിസിസിഐ സ്വീകരിച്ചത്. ഇന്ത്യ പാക്കിസ്ഥാനിൽ കളിച്ചില്ലെങ്കില്‍ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് കളിക്കില്ലെന്നായിരുന്നു പാക്കിസ്ഥാന്റെ ഭീഷണി. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡും മുൻ താരങ്ങളും ഇന്ത്യ ഏഷ്യാ കപ്പ് കളിക്കാൻ പാക്കിസ്ഥാനിലേക്കു പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ബിസിസിഐ വഴങ്ങിയില്ല.
English Summary: India Won't Travel To Pakistan For Asia Cup: Reports