ഐപിഎല്ലിന് ഇനി ഒരാഴ്ച മാത്രം; ധോണിയുടെ ലാസ്റ്റ് സീസണ്‍, കെകെആറിന് ക്യാപ്റ്റൻ ആയില്ല

HIGHLIGHTS
  • 10 ടീമുകൾ
  • 12 വേദികൾ
  • 74 മത്സരങ്ങൾ
ധോണി ചെന്നൈ ടീം ക്യാംപിൽ.
SHARE

വെടിക്കെട്ട് ക്രിക്കറ്റിന്റെ നാട്ടുൽസവമായ ഇന്ത്യൻ പ്രിമിയർ ലീഗ് ട്വന്റി20യുടെ 16–ാം സീസണിന് ഇനി ഒരാഴ്ച മാത്രം. ഇംപാക്ട് പ്ലെയർ ഉൾപ്പെടെ ഒട്ടേറെ പുതുമകളും പരീക്ഷണങ്ങളുമായി കളത്തിലിറങ്ങുന്ന സീസണിന് മാർച്ച് 31ന് തുടക്കമാകും. ഇടവേളയ്ക്കുശേഷം മത്സരങ്ങൾ ഹോം, എവേ ഫോർമാറ്റിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. മേയ് 21വരെ നീളുന്ന ലീഗ് റൗണ്ടിൽ ഓരോ ടീമും 7 വീതം ഹോം, എവേ മത്സരങ്ങൾ കളിക്കും. മേയ് 28നാണ് ഫൈനൽ.

ഒക്ടോബറിൽ ഏകദിന ലോകകപ്പിന് വേദിയൊരുക്കുന്ന ഇന്ത്യൻ ഗ്രൗണ്ടുകളിൽ പരമാവധി മത്സര പരിചയം നേടുകയെന്ന ലക്ഷ്യത്തോടെയാകും വിദേശ താരങ്ങളുടെ വരവ്. നാട്ടിലെ സാഹചര്യത്തിൽ മികവ് തെളിയിച്ച് ലോകകപ്പ് ടീമിലിടം പിടിക്കാനുള്ള നിർണായക അവസരമാണ് ഇന്ത്യൻ താരങ്ങൾക്ക് ഇത്തവണത്തെ ഐപിഎൽ ടൂർണമെന്റ്. ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനും ഇംഗ്ലണ്ട് ബാറ്റർ ഹാരി ബ്രൂക്കും സിംബാബ്‍വെ ഓൾ‌റൗണ്ടർ സിക്കന്ദർ റാസയും ഈ സീസണിലൂടെ ഐപിഎലിൽ അരങ്ങേറ്റം കുറിക്കും.

പരുക്കേറ്റു പുറത്തായ ഇന്ത്യൻ താരങ്ങളായ ജസ്പ്രീത് ബുമ്രയുടെയും ഋഷഭ് പന്തിന്റെയും അസാന്നിധ്യം ടീമുകൾക്കു തിരിച്ചടിയാകും. ഐപിഎലിലെ കഴിഞ്ഞ 16 സീസണുകളിലും ഒരു ടീമിനായി മാത്രം കളിച്ച താരമെന്ന റെക്കോർഡ് ഇത്തവണ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരം വിരാട് കോലിക്കു സ്വന്തമാകും.

ധോണിയുടെ ലാസ്റ്റ് ഡാൻസ് ?

ചെന്നൈയിൽ മത്സരം കളിച്ച് ആരാധകരോടു നന്ദി പറയാതെ ഐപിഎലിൽ നിന്നു വിരമിക്കുന്നതെങ്ങനെ? കഴിഞ്ഞ സീസണിനൊടുവിൽ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ്.ധോണിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ചെന്നൈ സൂപ്പർ കിങ്സ് ടീം ഇത്തവണ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഹോം മത്സരങ്ങൾ കളിക്കുമ്പോൾ ടീമിന്റെ നായകനായി നാൽപ്പത്തൊന്നുകാരൻ ധോണിയുണ്ട്. ഈ സീസണിനൊടുവിൽ ധോണി ഐപിഎലിൽ നിന്നു വിരമിച്ചേക്കും.

കൊൽക്കത്തയ്ക്ക് ക്യാപ്റ്റനായില്ല

ഐപിഎലിലെ 10 ടീമുകളിൽ ഈ സീസണിലെ ക്യാപ്റ്റനെ തീരുമാനിക്കാത്തത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മാത്രം. ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്ന ശ്രേയസ് അയ്യർ പരുക്കേറ്റതോടെയാണ് കൊൽക്കത്തയ്ക്കു പുതിയ നായകനെ കണ്ടെത്തേണ്ടി വന്നത്. ഹൈദരാബാദ് (എയ്ഡൻ മാർക്രം), പഞ്ചാബ് (ശിഖർ ധവാൻ), ഡൽഹി (ഡേവിഡ് വാർണർ) എന്നീ ടീമുകളെയും ഈ സീസണിൽ നയിക്കുന്നത് പുതിയ ക്യാപ്റ്റൻമാരാണ്.

പരുക്കേറ്റു പുറത്തായ പ്രമുഖ താരങ്ങൾ

ഋഷഭ് പന്ത്, ജസ്പ്രീത് ബുമ്ര, ശ്രേയസ് അയ്യർ, കൈൽ ജയ്മിസൻ, പ്രസിദ്ധ് കൃഷ്ണ, വിൽ ജാക്ക്സ്, ജെ റിച്ചഡ്സൻ

ഐപിഎൽ കമന്ററി മലയാളത്തിലും

ഐപിഎൽ ക്രിക്കറ്റിന്റെ ടെലിവിഷൻ കമന്ററി  മലയാളത്തിലും കേൾക്കാം. സ്റ്റാർ സ്പോർട്സ് ചാനലിന്റെ കമന്റേറ്റർമാരുടെ പാനലിൽ മുൻ രാജ്യാന്തര താരങ്ങളായ എസ്.ശ്രീശാന്തും ടിനു യോഹന്നാനുമുണ്ട്. ഡിജിറ്റൽ സംപ്രേക്ഷണാവകാശം നേടിയെടുത്ത വയാകോമിന്റെ ജിയോ ടിവിയിലും മലയാളം കമന്ററിയുണ്ടാകും.

English Summary : One week to Indian Premier League 2023

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA