തുടർച്ചയായി മൂന്ന് ഗോൾഡൻ ഡെക്കുകൾ, ഒരു പരമ്പരയിലെ മുഴുവൻ മത്സരങ്ങളിലും ഡെക്കിനു പുറത്താകുന്ന താരം, ഒരു പരമ്പരയിലെ മുഴുവൻ മത്സരങ്ങൾ കളിച്ചിട്ടും റണ്ണൊന്നും നേടാൻ സാധിക്കാത്ത താരം... നാണക്കേടിന്റെ ഒരുപിടി റെക്കോർഡുകളും പേറിയാണ് ഇന്ത്യ– ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്കു ശേഷം സൂര്യകുമാർ യാദവ് മടങ്ങുന്നത്. ട്വന്റി20യിലെ മിന്നും ഫോമിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ ഉദിച്ചുയർന്ന സൂര്യകുമാർ പക്ഷേ ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ തന്റെ പ്രതിഭയുടെ നിഴൽ മാത്രമായി ഒതുങ്ങുന്ന കാഴ്ചയ്ക്കാണ് ഓസ്ട്രേലിയൻ പരമ്പര സാക്ഷ്യം വഹിച്ചത്. സൂര്യയുടെ ഏകദിന കരിയർ തന്നെ ഇതോടെ അസ്തമിച്ചേക്കുമെന്ന് ക്രിക്കറ്റ് വിദഗ്ധർ കണക്കുകൂട്ടുമ്പോൾ അവിടെ ഉദിച്ചുയരാൻ അവസരം കാത്ത് മറ്റൊരാൾ തയാറായി ഇരിപ്പുണ്ട്– സഞ്ജു സാംസൺ. സൂര്യയുടെ ദയനീയ പ്രകടനത്തിനു പിന്നാലെ ഏകദിന ക്രിക്കറ്റിലേക്ക് സഞ്ജുവിനെ പരിഗണിക്കണമെന്ന ആവശ്യവുമായി മുൻ താരങ്ങൾ ഉൾപ്പെടെ വീണ്ടും രംഗത്തെത്തിക്കഴിഞ്ഞു. ജൂലൈയിൽ വെസ്റ്റിൻഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര എന്നതിനാൽ വരുന്ന ഐപിഎൽ സീസണിലെ പ്രകടനം അനുസരിച്ചായിരിക്കും സഞ്ജുവിന് ദേശീയ ടീമിലേക്കുള്ള വഴി തുറക്കുക. ഇന്ത്യൻ ഏകദിന ടീമിലേക്ക് മടങ്ങിയെത്താൻ സഞ്ജുവിന് ഇനി എത്രനാൾ കൂടി കാത്തിരിക്കണം?
HIGHLIGHTS
- ഇന്ത്യൻ ഏകദിന ടീമിലേക്ക് സഞ്ജു സാംസൺ മടങ്ങിയെത്തുമോ? സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ചിട്ടും വീണ്ടും വീണ്ടും തഴയപ്പെടുന്ന സഞ്ജുവിന് ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്താൻ വഴിതുറക്കുമോ?