കളിച്ച ആദ്യ സീസണിൽ തന്നെ ഐപിഎൽ കിരീടം നേടിയ രണ്ട് ടീമുകളിൽ ഒന്നാണ് ഗുജറാത്ത് ടൈറ്റൻസ്. ഐപിഎൽ ആദ്യ സീസണിലെ വിജയികളായ രാജസ്ഥാൻ റോയൽസാണ് മറ്റൊരു ടീം. ക്യാപ്റ്റൻസിയുടെ കാര്യത്തിൽ കഴിഞ്ഞ സീസണിൽ ഹാർദിക് ജൂനിയർ ആയിരുന്നെങ്കിൽ ഇത്തവണ സീനിയറാണ്. അന്ന് പയ്യനായിരുന്ന ശുഭ്മൻ ഗിൽ ഇന്ന് ഇന്ത്യൻ ടീമിലെ സ്ഥിരം സാന്നിധ്യവും.
കരുത്ത്
ഹോം ഗ്രൗണ്ടായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയമാണ് ഗുജറാത്തിന്റെ ഏറ്റവും വലിയ കരുത്ത്. ഒരു ലക്ഷത്തോളം വരുന്ന ആരാധകർക്കു മുന്നിലാണ് കളിക്കുന്നത്. തിരഞ്ഞെടുക്കാൻ രണ്ടിലധികം പിച്ചുകൾ ഉള്ളതും ഗുണം ചെയ്യും. കഴിഞ്ഞ തവണ കിരീടം നേടിയ ടീമിലെ മിക്കവരെയും നിലനിർത്തിയിട്ടുണ്ട്. ഹാർദിക്, ഡേവിഡ് മില്ലർ, രാഹുൽ തെവാത്തിയ, റാഷിദ് ഖാൻ എന്നിവർ മധ്യനിരയിൽ ബാറ്റിങ് വെടിക്കെട്ടിന് തിരികൊളുത്തും. മുഹമ്മദ് ഷമി, അൽസാരി ജോസഫ്, റാഷിദ് ഖാൻ എന്നിവർ നയിക്കുന്ന ബോളിങ് നിരയും ശക്തം.
ദൗർബല്യം
ശുഭ്മൻ ഗില്ലിനൊപ്പം ബാറ്റിങ് ഓപ്പൺ ചെയ്യുന്നതാരെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. വൃദ്ധിമാൻ സാഹ, കെയ്ൻ വില്യംസൻ, മാത്യു വെയ്ഡ്– പരിഗണിക്കപ്പെടുന്ന മൂന്നു പേരും ട്വന്റി20യിൽ ഫോമിലല്ല. മികച്ച 3–ാം നമ്പർ ബാറ്റർ ഇല്ലെന്ന കുറവ് നികത്തിയിട്ടില്ല.
TEAM OVERVIEW
മുഖ്യ പരിശീലകൻ: ആശിഷ് നെഹ്റ
ക്യാപ്റ്റൻ: ഹാർദിക് പാണ്ഡ്യ
പ്രധാന താരങ്ങൾ: ഹാർദിക് പാണ്ഡ്യ (15 കോടി), റാഷിദ് ഖാൻ (15 കോടി), രാഹുൽ തെവാത്തിയ (9 കോടി), ശുഭ്മൻ ഗിൽ (8 കോടി), മുഹമ്മദ് ഷമി (6.25), ശിവം മവി (6 കോടി), ജോഷ്വ ലിറ്റിൽ (4.4 കോടി), ഡേവിഡ് മില്ലർ (3 കോടി)
പ്രായം കൂടിയ താരം: വൃദ്ധിമാൻ സാഹ (38 വർഷം 149 ദിവസം)
പ്രായം കുറഞ്ഞ താരം: നൂർ അഹമ്മദ് (18 വർഷം, 78 ദിവസം)
ആദ്യ മത്സരം: ഗുജറാത്ത്-ചെന്നൈ, മാർച്ച് 31 (അഹമ്മദാബാദ്)
English Summary: Indian Premier League 2023, Gujarat Titans Team