വീണ്ടും വിറപ്പിച്ച് അഫ്ഗാനിസ്ഥാൻ, ചരിത്ര വിജയം, പരമ്പര; ഞെട്ടി പാക്കിസ്ഥാൻ

afghan-pakistan
മത്സരത്തിനു ശേഷം പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ താരങ്ങൾ. Photo: AfghanistanCricketTeam
SHARE

ഷാർജ∙ ട്വന്റി20 ക്രിക്കറ്റിൽ പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് ചരിത്രമെഴുതി അഫ്ഗാനിസ്ഥാൻ. ഷാർജയിൽ നടന്ന രണ്ടാം ട്വന്റി20യിൽ ഏഴു വിക്കറ്റിനായിരുന്നു അഫ്ഗാനിസ്ഥാന്റെ വിജയം. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര അഫ്ഗാനിസ്ഥാൻ 2–0ന് സ്വന്തമാക്കി. ക്രിക്കറ്റിലെ ‘ടോപ് സിക്സ്’ ടീമുകളിലൊന്നിനെതിരെ ആദ്യമായാണ് അഫ്ഗാനിസ്ഥാൻ ഒരു പരമ്പര വിജയിക്കുന്നത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ ആറു വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് ആകെ നേടിയത്. മറുപടിയിൽ ഒരു പന്ത് ബാക്കി നിൽക്കെ അഫ്ഗാനിസ്ഥാൻ വിജയമുറപ്പിക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാനു വേണ്ടി മധ്യനിര താരം ഇമാദ് വസീം അർധ സെഞ്ചറിയുമായി പുറത്താകാതെ നിന്നു. 57 പന്തുകൾ നേരിട്ട താരം 64 റൺസാണു നേടിയത്. ക്യാപ്റ്റൻ ശതബ് ഖാനും തിളങ്ങി. 25 പന്തിൽ 32 റൺസെടുത്ത പാക്ക് ക്യാപ്റ്റൻ റൺഔട്ടാകുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ ഓപ്പണർ റഹ്മാനുല്ല ഗുർബാസും ഇബ്രാഹിം സദ്രാനും ഉൾപ്പെടെയുള്ളവർ തിളങ്ങിയതോടെ അഫ്ഗാനിസ്ഥാൻ വിജയത്തിലേക്കു കുതിക്കുകയായിരുന്നു. 49 പന്തിൽ 44 റൺസെടുത്ത് ഗുർബാസ് റൺഔട്ടായി. ഇബ്രാഹിം സദ്രാൻ 40 പന്തിൽ 38 റൺസെടുത്തു. അവസാന ഓവറുകളിൽ മുഹമ്മദ് നബിയും (9 പന്തിൽ 14), നജിബുല്ല സദ്രാനും (12 പന്തിൽ 23) തകര്‍ത്തടിച്ചതോടെ അഫ്ഗാനിസ്ഥാൻ മൂന്നു വിക്കറ്റു നഷ്ടത്തിൽ വിജയമുറപ്പിച്ചു.

പരമ്പരയിലെ അവസാന മത്സരം തിങ്കളാഴ്ച ഷാർജയിൽ നടക്കും. ഈ കളിയെങ്കിലും ജയിച്ച് നാണക്കേടൊഴിവാക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം. ആദ്യ മത്സരത്തിൽ ആറു വിക്കറ്റിനാണ് അഫ്ഗാനിസ്ഥാന്‍ വിജയിച്ചത്. ട്വന്റി20 ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ അഫ്ഗാനിസ്ഥാന്റെ ആദ്യ വിജയമായിരുന്നു ഇത്. ക്യാപ്റ്റന്‍ ബാബർ അസം, മുഹമ്മദ് റിസ്‍വാൻ തുടങ്ങിയ പ്രമുഖരെ ഒഴിവാക്കിയാണ് പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാനെ നേരിടുന്നത്.

English Summary: Afghanistan Thump Pakistan To Claim Historic T20I Series

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA