ADVERTISEMENT

ഷാർജ∙ രണ്ടു വർഷത്തിനു ശേഷം പാക്കിസ്ഥാൻ ദേശീയ ടീമിലേക്കു തിരിച്ചെത്തിയ അബ്ദുല്ല ഷെഫീക്കിന് നാണക്കേടിന്റെ റെക്കോർഡ്. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ രണ്ടു മത്സരത്തിലും താരം റണ്ണൊന്നുമെടുക്കാതെയാണു പുറത്തായത്. തുടർച്ചയായ നാലു ട്വന്റി20 മത്സരങ്ങളിൽ റണ്ണൊന്നുമെടുക്കാതെ പുറത്താകുന്ന ആദ്യ താരമാണ് ഷെഫീക്ക്. ഇന്നലെ നടന്ന അഫ്ഗാനെതിരായ പോരാട്ടത്തിലും പൂജ്യത്തിനു പുറത്തായതോടെയാണ് നാണക്കേടിന്റെ റെക്കോർഡ് ഷെഫീക്കിന്റെ പേരിലായത്.

2020 ൽ കളിച്ച രണ്ടു മത്സരങ്ങളിലും 2023 ലെ മത്സരങ്ങളിലുമാണ് താരം പൂജ്യത്തിനു പുറത്തായത്. 2020 ന്യൂസീലൻഡിനെതിരെ ഓക്‌‍ലൻഡിൽ നടന്ന ട്വന്റി20യിൽ നേരിട്ട രണ്ടാം പന്തിൽ ഷെഫീക്ക് പുറത്തായിരുന്നു. ഹാമിൽട്ടനിൽ നടന്ന രണ്ടാം പോരാട്ടത്തിലും താരം രണ്ടാം പന്തില്‍ പുറത്തായി. അതിനു ശേഷം ഈ വർഷമാണ് താരത്തിന് ട്വന്റി20യിൽ ദേശീയ ടീമിൽ അവസരം ലഭിച്ചത്. അപ്പോഴും നിരാശയായിരുന്നു ഫലം.

അഫ്ഗാനെതിരെ ആദ്യ ട്വന്റി20യിൽ അസ്മത്തുല്ല ഒമർസായിയുടെ പന്തിലും രണ്ടാം മത്സരത്തിൽ ഫസൽഹഖ് ഫറൂഖിയുടെ പന്തിലും താരം എല്‍ബിഡബ്ല്യു ആയി പുറത്താകുകയായിരുന്നു. വൺ ഡൗണായി ബാറ്റിങ്ങിന് ഇറങ്ങുന്ന താരത്തെ മൂന്നാം ട്വന്റി20യിൽ കളിപ്പിക്കുമോയെന്ന കാര്യം ഉറപ്പില്ല. രണ്ടാം ട്വന്റി20യിൽ പാക്കിസ്ഥാനെ ഏഴു വിക്കറ്റിനു തോൽപിച്ച് അഫ്ഗാനിസ്ഥാൻ പരമ്പര സ്വന്തമാക്കിയിരുന്നു.

ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര അഫ്ഗാനിസ്ഥാൻ 2–0നാണ് വിജയിച്ചത്. ക്രിക്കറ്റിലെ ‘ടോപ് സിക്സ്’ ടീമുകളിലൊന്നിനെതിരെ ആദ്യമായാണ് അഫ്ഗാനിസ്ഥാൻ ഒരു പരമ്പര വിജയിക്കുന്നത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ ആറു വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് ആകെ നേടിയത്. മറുപടിയിൽ ഒരു പന്ത് ബാക്കി നിൽക്കെ അഫ്ഗാനിസ്ഥാൻ വിജയമുറപ്പിക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാനു വേണ്ടി മധ്യനിര താരം ഇമാദ് വസീം അർധ സെഞ്ചറിയുമായി പുറത്താകാതെ നിന്നു. 57 പന്തുകൾ നേരിട്ട താരം 64 റൺസാണു നേടിയത്.

2020 നവംബറിൽ സിംബാബ്‍വെയ്ക്കെതിരെയാണ് ഷെഫീഖ് ട്വന്റി20യിൽ അരങ്ങേറിയത്. അന്ന് 41 റൺസുമായി താരം പുറത്താകാതെ നിന്നിരുന്നു. 23 വയസ്സുകാരനായ ഷെഫീഖ് ടെസ്റ്റിൽ പാക്കിസ്ഥാനു വേണ്ടി 12 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മൂന്ന് സെഞ്ചറിയും നാല് അർധ സെഞ്ചറിയും അടക്കം ടെസ്റ്റിൽ 992 റൺസ് നേടിയിട്ടുണ്ട്.

English Summary: Pakistan star Abdullah Shafique first to register four consecutive ducks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com