ADVERTISEMENT

ചെന്നൈ∙ മൈതാനത്തിനു നടുവിലേക്ക് ആ കാലുകൾ നടന്നടുത്തപ്പോൾ ആരാധകർ ഒരിക്കൽ കൂടി ആർത്തിരമ്പി, ‘ധോണീ, ധോണീ..’. ‘പെരിയ’ ആവേശത്തോടെയുള്ള ആ വിളികളിൽ ചെപ്പോക്ക് സ്റ്റേഡിയം പ്രകമ്പനം കൊണ്ടു. തന്റെ അവസാന ഐപിഎൽ സീസൺ തുടങ്ങുന്നതിനു മുന്നോടിയായി മഹേന്ദ്ര സിങ് ധോണി പരിശീലന മത്സരത്തിന് ഇറങ്ങിയപ്പോഴുണ്ടായ ‘രോമാഞ്ചം’ സീൻ ആണ് ഇത്. ‘തല എൻട്രി’യുടെ വിഡിയോ ചെന്നൈ സൂപ്പർ കിങ്സ് തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. നിമിഷങ്ങൾക്കുള്ളിൽ അതു വൈറലാവുകയും ചെയ്തു.

ചെന്നൈയിൽ മത്സരം കളിച്ച് ആരാധകരോടു നന്ദി പറയാതെ ഐപിഎലിൽ നിന്നു വിരമിക്കുന്നതെങ്ങനെ? കഴിഞ്ഞ സീസണിനൊടുവിൽ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ്.ധോണിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ചെന്നൈ സൂപ്പർ കിങ്സ് ടീം ഇത്തവണ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഹോം മത്സരങ്ങൾ കളിക്കുമ്പോൾ ടീമിന്റെ നായകനായി നാൽപ്പത്തൊന്നുകാരൻ ധോണിയുണ്ട്. ഉറച്ച പിന്തുണയുടെ ‘പെരിയ വിസിലു’മായി ആരാധകരും. സീസണിനൊടുവിൽ ധോണി ഐപിഎലിൽ നിന്നു വിരമിക്കരുതെന്ന ആഗ്രഹം മാത്രമാണ് അവർക്കുള്ളത്.

വെള്ളിയാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ 2023 ഉദ്ഘാടന മത്സരത്തിൽ ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പർ കിങസ് നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. നാല് തവണ ഐപിഎൽ ചാംപ്യന്മാരായ ചെന്നൈയുടെ ഏറ്റവും മോശം പ്രകടനത്തിനാണ് കഴിഞ്ഞ സീസൺ സാക്ഷിയായത്. 14 മത്സരങ്ങളിൽ ജയിച്ചത് വെറും 4 കളികളിൽ മാത്രം. 8 പോയിന്റുമായി 9–ാം സ്ഥാനത്തായിരുന്നു സീസൺ അവസാനിപ്പിച്ചത്. ആദ്യഘട്ടത്തിൽ ടീമിനെ നയിച്ച രവീന്ദ്ര ജഡേജ, ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ധോണി വീണ്ടും നായകസ്ഥാനത്തെത്തിയത്.

കൊച്ചിയിൽ നടന്ന താരലേലത്തിൽ അത്യാവശ്യം മിനുക്കു പണികൾ നടത്തിയാണ് പുതിയ സീസണിനായി ചെന്നൈ ഒരുങ്ങിയിരിക്കുന്നത്. കഴിഞ്ഞ സീസണിലെ താരം സാം കറനെ നഷ്ടമായപ്പോൾ ഇംഗ്ലിഷ് സൂപ്പർതാരം ബെൻ സ്റ്റോക്സിനെ ടീമിലെത്തിച്ചു. ശ്രീലങ്ക താരങ്ങളായ മഹേഷ് തീക്ഷണയും മതീഷ പതിരണയും സിഎസ്‌കെ ക്യാംപിൽ ഉടൻ ചേരും. മുൻ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെയും ചെന്നൈ ടീമിലെത്തിച്ചിരുന്നു.

English Summary: Dhoni walks out to bat at Chepauk before CSK's IPL 2023 opener; Thala's iconic entry sends goosebumps in Chennai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com