‘ക്രിക്കറ്റ് കളിക്കാൻ പോയതിന് അച്ഛൻ ബെൽറ്റുകൊണ്ടു തല്ലി, പാടുകളുണ്ടായി’

khaleel-ahmed-1248
ഖലീല്‍ അഹമ്മദ് ഡൽഹി ക്യാപിറ്റൽസ് ടീമിലെ സഹതാരങ്ങളോടൊപ്പം. Photo: FB@KhaleelAhmed
SHARE

മുംബൈ∙ കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിച്ചതിന് അച്ഛൻ ബെൽറ്റുകൊണ്ടു തല്ലിയിട്ടുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ഖലീൽ അഹമ്മദ്. ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിനു മുന്നോടിയായി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ‍ഡൽഹി ക്യാപിറ്റൽസ് താരമായ ഖലീൽ അഹമ്മദ് കുട്ടിക്കാലത്തെ അനുഭവങ്ങളെക്കുറിച്ചു വെളിപ്പെടുത്തിയത്. ‘‘എനിക്ക് മൂത്ത മൂന്ന് സഹോദരിമാരുണ്ട്. ഒരു ആശുപത്രിയിലായിരുന്നു പിതാവിന് ജോലി. അച്ഛൻ ജോലിക്കു പോകുമ്പോൾ വീട്ടിലേക്കു സാധനങ്ങളും പാലും വാങ്ങേണ്ടത് എന്റെ ചുമതലയായിരുന്നു. ഞാൻ ക്രിക്കറ്റ് കളിക്കാൻ പോയതോടെ അതു മുടങ്ങി.’’– ഖലീൽ അഹമ്മദ് പറഞ്ഞു.

‘‘അമ്മ ഇക്കാര്യം അച്ഛനോടു പറഞ്ഞപ്പോൾ ഞാൻ എവിടെയായിരുന്നെന്നു ചോദിച്ചു. ഞാൻ മൈതാനത്ത് കളിക്കുകയായിരുന്നല്ലോ? ഞാൻ പഠിക്കുന്നില്ലെന്നും ജോലിയൊന്നും ചെയ്യുന്നില്ലെന്നും അറിഞ്ഞതോടെ അച്ഛന് ദേഷ്യമായി. അദ്ദേഹം എന്നെ ബെൽറ്റ് വച്ച് അടിച്ചു, അതിന്റെ പാടുകൾ ശരീരത്തിലുണ്ടായിരുന്നു. രാത്രിയിൽ എന്റെ സഹോദരിമാർ അതിൽ മരുന്നുവച്ചു തരുമായിരുന്നു.’’– ഖലീൽ അഹമ്മദ് വെളിപ്പെടുത്തി.

‘‘എന്റെ അച്ഛൻ ആശുപത്രി ജീവനക്കാരനായതുകൊണ്ട് ഞാൻ ഒരു ഡോക്ടർ ആയിക്കാണണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതല്ലെങ്കിൽ ആ മേഖലയിൽ തന്നെ മറ്റെന്തെങ്കിലും ജോലി ഞാന്‍ ചെയ്യുമെന്ന് അദ്ദേഹം കരുതി. ഞാൻ ഭാവിയിൽ ഒരു ബുദ്ധിമുട്ടുകളും ഇല്ലാതെ ജീവിക്കണമെന്നേ അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാകൂ. ക്രിക്കറ്റിൽ ഞാൻ തിളങ്ങിയതോടെ അച്ഛൻ എന്നെ പിന്തുണച്ചു.’’

‘‘എന്നോട് ക്രിക്കറ്റ് കളിക്കാൻ‌ അച്ഛൻ പറഞ്ഞിട്ടുണ്ട്. ക്രിക്കറ്റിൽ തിളങ്ങാനായില്ലെങ്കിൽ‌ ജീവിക്കുന്നതിനായി അച്ഛന്റെ പെൻഷൻ തുക ഉപയോഗിക്കാനും പറഞ്ഞു.’’– ഖലീൽ അഹമ്മദ് പറഞ്ഞു. കഴിഞ്ഞ ഐപിഎല്ലിൽ 10 മത്സരങ്ങൾ കളിച്ച ഖലീൽ 16 വിക്കറ്റുകളാണു വീഴ്ത്തിയത്. പരുക്കിനെ തുടർന്ന് താരത്തിന് കഴിഞ്ഞ രഞ്ജി ട്രോഫി സീസണ്‍ നഷ്ടമായിരുന്നു. ഇന്ത്യയ്ക്കായി 11 ഏകദിനങ്ങളും 14 ട്വന്റി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

English Summary: My father thrashed me with belt which left marks: Khaleel Ahmed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS