അഹമ്മദാബാദ്∙ 2008ൽ ലോകക്രിക്കറ്റിന്റെ പൂരപ്പറമ്പിൽ തിരികൊളുത്തപ്പെട്ട വെടിക്കെട്ട് മധുരപ്പതിനാറിന്റെ നിറവിൽ. ലോകക്രിക്കറ്റിന്റെ ഗതി തന്നെ തിരുത്തിയ ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ (ഐപിഎൽ) 16–ാം എഡിഷന് ഇന്നു നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കൊടിയേറ്റ്. കഴിഞ്ഞ സീസണിലെ ചാംപ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ നേരിടുന്നത് 4 തവണ കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്സ്. അതോടെ ഇനിയുള്ള 58 ദിനങ്ങളിൽ 74 മത്സരങ്ങളിലായി 300 മണിക്കൂർ നീളുന്ന ട്വന്റി20 പോരാട്ടങ്ങൾ.
എം.എസ്. ധോണി മുതൽ സഞ്ജു സാംസൺ വരെയുള്ള നായകൻമാരുടെ നേതൃത്വത്തിൽ 10 ടീമുകൾ ഒരുക്കുന്ന ‘ക്രിക്കറ്റ് കച്ചേരി’ നെഞ്ചിലേറ്റാൻ കാത്തിരിക്കുകയാണ് കോടിക്കണക്കിന് ആരാധകർ. കോവിഡ് കാലത്തിനു ശേഷം ഹോം, എവേ അടിസ്ഥാനത്തിൽ നടക്കുന്ന ലീഗ് മത്സരങ്ങൾക്ക് വേദിയാകുന്നത് 12 നഗരങ്ങളാണ്.
ഭുവനേശ്വർ കുമാർ ക്യാപ്റ്റനാകും
ന്യൂഡൽഹി ∙ ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ആദ്യ മത്സരത്തിൽ ഭുവനേശ്വർ കുമാർ ടീമിനെ നയിക്കും. ക്യാപ്റ്റനായ എയ്ഡൻ മാർക്രമിന് ദക്ഷിണാഫ്രിക്ക – നെതർലൻഡ്സ് ഏകദിന മത്സരത്തിൽ പങ്കെടുക്കേണ്ടതിനാലാണ് ഈ താൽക്കാലിക മാറ്റം. ഞായറാഴ്ച രാജസ്ഥാനെതിരെയാണ് ഹൈദരാബാദിന്റെ ആദ്യ മത്സരം.
ഹെയ്സൽവുഡ് തുടക്കത്തിലില്ല; മാക്സ്‌വെലും സംശയത്തിൽ
ന്യൂഡൽഹി ∙ ഐപിഎലിൽ ഞായറാഴ്ച മുംബൈ ഇന്ത്യൻസിനെതിരെ ആദ്യ മത്സരത്തിനിറങ്ങുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് തിരിച്ചടിയായി ഓസ്ട്രേലിയൻ താരങ്ങളുടെ പരുക്ക്. കാലിന്റെ പരുക്കിൽ നിന്നു മോചിതനാകുന്ന പേസ് ബോളർ ജോഷ് ഹെയ്ഡൽവുഡ് ആദ്യ മത്സരങ്ങൾക്കുണ്ടാവില്ല. പരുക്കു മൂലം ഇന്ത്യയ്ക്കെതിരായ പരമ്പരയിലും ഹെയ്‌സൽവുഡ് കളിച്ചിരുന്നില്ല. കാലിനു പരുക്കേറ്റ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെലും മുംബൈയ്ക്കെതിരെ മത്സരത്തിനുണ്ടാവില്ല.
English Summary: IPL 16th edition starts today