ADVERTISEMENT

രാജ്യാന്തര ക്രിക്കറ്റിന്റെ ക്രീസിലേക്ക് കൊച്ചി സ്റ്റെപ്പ് ഔട്ട് ചെയ്തിറങ്ങി നേടിയ സിക്സറിന് ഇന്ന് 25 വർഷത്തിന്റെ തലപ്പൊക്കം.കൊച്ചിയിൽ ആദ്യ രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരം നടന്നിട്ട് കാൽ നൂറ്റാണ്ട് തികയുന്നു. 1998 ഏപ്രിൽ ഒന്നിനു കരുത്തരായ ഓസ്ട്രേലിയയും ഇന്ത്യയും നേർക്കുനേർ. സൂപ്പർ താരങ്ങളായ സ്റ്റീവ് വോയും മുഹമ്മദ് അസ്ഹറുദ്ദീനും നായകർ. പ്രഥമ മത്സരം തന്നെ ‘സൂപ്പർ’ പോരാട്ടം. 577 റൺസ് പിറന്ന കളി. താരദൈവങ്ങളോടുള്ള ആരാധന ആവേശമാക്കി പതിനായിരങ്ങൾ സാക്ഷികളായി. കേരളത്തിലൊട്ടാകെ പ്രസരിച്ച ആവേശം. ഓസ്ട്രേലിയയെ 41 റൺസിനു തകർത്തു കൊച്ചിയുടെ മണ്ണിൽ ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 300 കടത്താൻ സെഞ്ചറി നേടിയ പാതിമലയാളി അജയ് ജഡേജയുടെ പ്രകടനം. മുഹമ്മദ് അസ്ഹറുദീന്റെയും ഋഷികേശ് കനിത്കറുടെയും ബാറ്റിങ് മികവ്.

പക്ഷേ, കൊച്ചിയിലെ ആദ്യ രാജ്യാന്തര ഏകദിനത്തിന്റെ ഹൈലൈറ്റ് ഇതൊന്നുമായിരുന്നില്ല. ഒരു ഇതിഹാസതാരത്തിന്റെ ക്രിക്കറ്റ് കരിയറിലെ കണക്കുകളിൽ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം ചിരപ്രതിഷ്ഠ നേടിയെന്നതാണു ഹൈലൈറ്റ്. ജനകോടികൾ നെഞ്ചിലേറ്റുന്ന സച്ചിൻ തെൻഡുൽക്കറുടെ ഏകദിനത്തിലെ മികച്ച ബോളിങ് പ്രകടനം. 310 റൺസ് വിജയലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ച ഓസീസിനെ തകർത്ത മികവ്. ആദ്യവിക്കറ്റിൽ 102 റൺസ് നേടി ആഡം ഗിൽക്രിസ്റ്റ്–മാർക് വോ സഖ്യം മുന്നോട്ടു കുതിച്ചപ്പോൾ ഇന്ത്യ തോൽക്കുമെന്നു തോന്നിയ നിമിഷങ്ങൾ. 45 പന്തിൽ 61 റൺസുമായി കുതിച്ച ഗിൽക്രിസ്റ്റിനെ വീഴ്ത്തി അജിത് അഗാർക്കർ തന്റെ രാജ്യാന്തര അരങ്ങേറ്റം അവിസ്മരണീയമാക്കി.

ക്രിക്കറ്റ് മത്സരം കാണാനെത്തിയ ആരാധകർ
ക്രിക്കറ്റ് മത്സരം കാണാനെത്തിയ ആരാധകർ

എങ്ങനെ മറക്കും? ഡോ.കെ.എൻ.രാഘവൻ (1998ലെ ഇന്ത്യ–ഓസ്ട്രേലിയ മത്സരത്തിലെ തേഡ് അംപയർ)

മനസ്സിൽനിന്നു മായാതെ നിൽക്കുന്നു കൊച്ചിയിലെ ആദ്യ രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരം. ഇന്ത്യയും ഓസ്ട്രേലിയയും കൊച്ചിയിൽ ഏറ്റുമുട്ടുമെന്നു സ്വപ്നത്തിൽപോലും കരുതാനാകാത്ത കാലം. എന്നാൽ, പുതിയ രാജ്യാന്തര സ്റ്റേഡിയം യാഥാർഥ്യമായി വൈകാതെ ദക്ഷിണാഫ്രിക്കയും ഇറാനി ട്രോഫി ജേതാക്കളായ കർണാടകയും  തമ്മിലുള്ള ത്രിദിന മത്സരം നടന്നു. അതോടെ കൊച്ചി ഏകദിന മത്സരങ്ങൾക്ക് അനുയോജ്യമാണെന്ന ബിസിസിഐ തീരുമാനം വന്നു.

ആവേശത്തിലായിരുന്നു കേരളത്തിലെ ക്രിക്കറ്റ് സംഘാടകർ. ഒരുക്കങ്ങളുടെ ഭാഗമായിരുന്നു ഞാനും. തേഡ് അംപയറായി കൊച്ചിയിലെ പ്രഥമ രാജ്യാന്തര ഏകദിനത്തിന്റെ ഭാഗമാകാനായതു ഭാഗ്യം. സുഹൃത്തും രാജ്യാന്തര പാനൽ അംപയറുമായ എസ്.ദണ്ഡപാണിയുടെ പേരായിരുന്നു ആദ്യം പട്ടികയിലുണ്ടായിരുന്നത്. എന്നാൽ അദ്ദേഹത്തിന് മറ്റൊരു മത്സരത്തിൽ ഫീൽഡ് അംപയറായി അവസരം ലഭിച്ചതോടെ എന്നെ പരിഗണിക്കുകയായിരുന്നു. 

ആ കാലത്തു തേഡ് അംപയറുടെ ചുമതല വളരെ പരിമിതമായിരുന്നു. റൺ ഔട്ട്, സ്റ്റംപിങ് തീരുമാനങ്ങളാണു പ്രധാനമായും തേഡ് അംപയർക്കു വിടുക. പന്തെറിയുമ്പോൾ ബോളറുടെ കാൽ ലൈനിനു പുറത്തേക്കു കടന്നോ, ബൗണ്ടറി ലൈനിൽ വീഴുന്ന പന്ത് സിക്സറാണോ അല്ലയോ, ബൗണ്ടറി ലൈനിൽനിന്നെടുക്കുന്ന ക്യാച്ചുകൾ ലൈനിനുള്ളിൽവച്ചു തന്നെയാണോ തുടങ്ങിയ തീരുമാനങ്ങളിലെ സംശയങ്ങളും തേഡ് അംപയറുടെ പരിഗണനയ്ക്കു വിടും. ഇന്ന് ഇവയ്ക്കു പുറമെയുള്ള  തീരുമാനങ്ങളും തേഡ് അംപയറുടെ പരിഗണനയ്ക്കു വരും.  

കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ– ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റിൽ  അസ്ഹറുദീൻ ലൈൻലെഗ് ബൗണ്ടറിയിലേക്ക് പന്തു പായിക്കുന്നു. നോൺ സ്ട്രൈക്കർ  അജയ് ജഡേജയെയും കാണാം. ( ഫയൽ ചിത്രം)
കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ– ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റിൽ അസ്ഹറുദീൻ ലൈൻലെഗ് ബൗണ്ടറിയിലേക്ക് പന്തു പായിക്കുന്നു. നോൺ സ്ട്രൈക്കർ അജയ് ജഡേജയെയും കാണാം. ( ഫയൽ ചിത്രം)

ആദ്യത്തെ പ്രശ്നം തേഡ് അംപയർ എവിടെ ഇരിക്കുമെന്നതായിരുന്നു. ക്രിക്കറ്റിനായി മാത്രം നിർമിച്ച സ്റ്റേഡിയമല്ലാത്തതിനാൽ തേഡ് അംപയർക്കായുള്ള ബോക്സും മറ്റും സ്ഥാപിച്ചിരുന്നില്ല. എന്നോടുതന്നെ ഉചിതമായ സ്ഥാനം കണ്ടെത്താനായിരുന്നു നിർദേശം. അവിടെയാണു തേഡ് അംപയർക്കും മാച്ച് റഫറിക്കും മത്സരം വീക്ഷിക്കാനായി ബോക്സ് തയാറാക്കിയത്. അന്നു വോക്കി ടോക്കി ഉപയോഗിച്ചാണ് അംപയർമാരുമായുള്ള ആശയവിനിമയം. മത്സരദിനത്തിലാണു യഥാർഥ വിസ്മയം കാത്തിരുന്നത്. കൊച്ചി സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു കാണികൾ. അവരുണ്ടാക്കുന്ന ശബ്ദങ്ങൾ, കുഴൽവിളികൾ, വാദ്യമേളങ്ങൾ. നിറഞ്ഞ സ്റ്റേഡിയങ്ങളിലിരുന്ന് അതിനു മുൻപും പല കളികളും കണ്ടിട്ടുണ്ട്. എന്നാൽ, കൊച്ചിയിൽ മത്സരം വരുമ്പോൾ ഇത്രയധികം കാണികളെത്തിയത് അതിശയിപ്പിച്ചു.  

ഒരു പ്രാവശ്യമേ അന്നു ഫീൽഡ് അംപയർ ഞാനുമായി ആശയവിനിമയത്തിനു ശ്രമിച്ചുള്ളൂ. പക്ഷേ, കാണികളുടെ ആരവത്തിനിടയിൽ ഒന്നും കേൾക്കാനായില്ല. അന്ന് ഒരു തീരുമാനവും ഫീൽഡ് അംപയർമാർ എന്റെ പരിഗണനയ്ക്കു വിടേണ്ടി വന്നില്ല. അതു ചെറിയ നിരാശ തീർച്ചയായും എന്നിലുണ്ടാക്കി. ഒരു ഔട്ടോ നോട്ടൗട്ടോ കൊടുക്കാനുള്ള അവസരം ലഭിച്ചില്ലെന്ന നിരാശ. മത്സരത്തിൽ ആരാകണം മാൻ ഓഫ് ദ് മാച്ച് എന്നതു സംബന്ധിച്ചു മാച്ച് റഫറിയും ഞാനും തമ്മിൽ അനൗദ്യോഗികമായ ചർച്ചയുണ്ടായിരുന്നു. അജയ് ജഡേജയുടെ സെഞ്ചറി, അസ്ഹറുദീന്റെ മികച്ച ഇന്നിങ്സ്. പക്ഷേ, സച്ചിൻ തെൻഡുൽക്കർ ബോൾ ചെയ്യാൻ തുടങ്ങിയതോടെ മറ്റാർക്കും ആ മത്സരത്തിൽ മാൻ ഓഫ് ദ് മാച്ചാകാൻ സാധിക്കില്ലെന്നു വ്യക്തമായി.  

ആവേശം വാനോളം കെ.പ്രദീപ് (പത്രപ്രവർത്തകൻ, മുൻ ക്രിക്കറ്റ്താരം)

കൊച്ചിയെ സംബന്ധിച്ചിടത്തോളം, നെഹ്റു ട്രോഫി ഫുട്ബോളിൽ ഇന്ത്യ–ഇറാഖ് മത്സരം കഴിഞ്ഞാൽ ഏറ്റവുമധികം കാണികൾ കണ്ട സൂപ്പർ പോരാട്ടമായിരുന്നു1998 ഏപ്രിൽ ഒന്നിനു നടന്ന ഇന്ത്യ–ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് മത്സരം. കൊച്ചി വേദിയായ ആദ്യ രാജ്യാന്തര ഏകദിനം.കൊച്ചിയിലെ പഴയ വിമാനത്താവളത്തിലാണു (നാവികസേനാ വിമാനത്താവളം) ഇന്ത്യ, ഓസീസ് ടീമുകളും ഒഫിഷ്യലുകളുമെല്ലാം വന്നിറങ്ങിയത്. സംഘാടകരിലും സുരക്ഷാ ജീവനക്കാരിലും ജനങ്ങളിലുമെല്ലാം അമിതാവേശം. അതിന്റേതായ എല്ലാ ബഹളവും വിമാനത്താവളത്തിലുണ്ടായിരുന്നു. 

ആരാധനാമൂർത്തികളായ താരങ്ങളെ കാണുന്നതിന്റെ ആവേശം ജനങ്ങളിൽ മാത്രമല്ല സംഘാടകരിലും സുരക്ഷാജീവനക്കാരിലുമെല്ലാമുണ്ടായി. തിക്കിത്തിരക്കിയാണ് ഓരോ താരങ്ങളും പുറത്തെത്തിയത്. ഓട്ടോഗ്രാഫിനായി ജനം തിക്കിത്തിരക്കി. ചില താരങ്ങൾ അതു നൽകി, ചിലർ ക്ഷോഭിച്ചു.

മത്സരം സംപ്രേക്ഷണം ചെയ്യുന്ന സ്പോർട്സ് ചാനലിന്റെ സാധനസാമഗ്രികളുമായി പടുകൂറ്റൻ ഐഎൽ 76 യുക്രേനിയൻ വിമാനം പഴയ വിമാനത്താവളത്തിൽ വന്നിറങ്ങിയതും മറക്കാനാകാത്ത അനുഭവമായി. ലാൻഡ് ചെയ്ത വിമാനം മുന്നോട്ടു നീങ്ങുന്നതിനിടെ ചിറകു മരച്ചില്ലയിൽ തട്ടിയതു പരിഭ്രാന്തിയുണ്ടാക്കി. ഇന്ത്യൻ നിരയിൽ അജിത് അഗാർക്കറുടെ അരങ്ങേറ്റ മത്സരമായിരുന്നു കൊച്ചിയിലേത്. ടീമിലെ ‘ബേബി’ അന്നു വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യക്കായി കളിക്കുന്നതിലെ ആവേശം അഗാർക്കർ മറച്ചുവച്ചതുമില്ല. 

മത്സരത്തിന്റെ ഒരുക്കങ്ങൾക്കു പല പരിമിതികളുമുണ്ടായിരുന്നു. കലൂർ സ്റ്റേഡിയത്തിന്റെ പല ഭാഗങ്ങളിലും മേൽക്കൂരയുണ്ടായിരുന്നില്ല. കളിക്കാർക്കു ഡ്രസ്സിങ് റൂമടക്കമുള്ള കാര്യങ്ങൾ താൽക്കാലികമായി സജ്ജീകരിക്കേണ്ടിവന്നു. ടീമുകൾക്കു കൊച്ചി കോർപറേഷൻ ഔദ്യോഗിക സ്വീകരണം നൽകുമെന്നറിയിച്ചിരുന്നെങ്കിലും അതുണ്ടായില്ല.  

പക്ഷേ, എല്ലാ പരിമിതികളും കുറവുകളും മറക്കാൻ അവിസ്മരണീയവും ആവേശകരവുമായ ഒരു മത്സരം കൊച്ചിക്കു ലഭിച്ചു.  ബാറ്റിങ്ങിൽ അജയ് ജഡേജയും മുഹമ്മദ് അസ്ഹറുദ്ദീനും ഗിൽക്രിസ്റ്റും ഋഷികേശ് കനിത്കറുമെല്ലാം തിളങ്ങിയ മത്സരം. സച്ചിൻ തെൻഡുൽക്കറുടെ ബോളിങ് പ്രകടനം മറക്കാനാകാത്ത അനുഭവം.

സച്ചിൻ...സച്ചിൻ

82 പന്തിൽ 65 റൺസുമായി മൈക്കൽ ബേവനും ക്യാപ്റ്റൻ സ്റ്റീവ് വോയുമെല്ലാം ഓസീസിനെ വിജയത്തിലേക്കു നയിക്കുമ്പോഴായിരുന്നു സച്ചിന്റെ വരവ്. ആദ്യം സ്റ്റീവ് വോയെയും പിന്നെ ഡാരൻ ലേമാനെയും ബേവനെയും വീഴ്ത്തി സച്ചിൻ ഇന്ത്യൻ പ്രതീക്ഷകളെ ഉണർത്തി. പിന്നാലെ ടോം മൂഡിയും ഡാമിയൻ മാർട്ടിനും സച്ചിനു കീഴടങ്ങി. വേഗം കുറയുന്ന പിച്ചിൽ എങ്ങനെ പന്തെറിയണമെന്നു കാണിച്ചായിരുന്നു സച്ചിന്റെ 5 വിക്കറ്റ് നേട്ടം. അതും 32 റൺസ് മാത്രം വഴങ്ങി. മാൻ ഓഫ് ദ് മാച്ച് പദവി സച്ചിനു സ്വാഭാവിക നേട്ടമായി.

ജഡേജയുടെ സെഞ്ചറി

അജയ് ജഡേജയുടെ സെ‍‍ഞ്ചറിയായിരുന്നു ഇന്ത്യൻ ഇന്നിങ്സിലെ മികച്ച പ്രകടനം. 109 പന്തിൽ 105 റൺസ്. 12 ബൗണ്ടറി. 91 പന്തിൽ 82 റൺസോടെ ക്യാപ്റ്റൻ അസ്ഹറുദ്ദീന്റെ മികച്ച പിന്തുണ. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിനു 104 റൺസിന്റെ പങ്കാളിത്തം. അവസാന ഓവറുകളിൽ മിന്നുന്ന പ്രകടനത്തോടെ ഋഷികേശ് കനിത്കറും (55 പന്തിൽ 57 റൺസ്) മികച്ച ഇന്നിങ്സ് കളിച്ചു. സച്ചിന്റെ ബോളിങ് പ്രകടനം വരും വരെ അജയ് ജഡേജയാകും മാൻ ഓഫ് ദ് മാച്ചെന്ന പ്രതീക്ഷയിലായിരുന്നു കാണികൾ. കൊച്ചിയിൽ നടന്ന രണ്ടാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച പ്രകടനവുമായി ജഡേജ മാൻ ഓഫ് ദ് മാച്ചായതു ചരിത്രം.

അജയ് ജഡേജ
അജയ് ജഡേജ

‘കാക്കിക്കളം’

കൊച്ചിയിലെ ആദ്യ മത്സരത്തിലെ മറക്കാനാകാത്ത ഒരു നിമിഷം കളിക്കളം പൊലീസുകാരെക്കൊണ്ടു നിറഞ്ഞതായിരുന്നു. ഒരു പക്ഷേ, രാജ്യാന്തര ക്രിക്കറ്റിൽ അത്തരമൊരു ദൃശ്യം അപൂർവം. കൊചചിയിൽ ആദ്യമായി നടക്കുന്ന ഏകദിന രാജ്യാന്തര മത്സരം. കനത്ത സുരക്ഷയൊരുക്കിയിരുന്നു പൊലീസ്. ജഡേജയുടെ സെഞ്ചറി പിറന്നതോടെ കാണികളിലൊരാൾ മൈതാനത്തേക്കു പാഞ്ഞു. ജഡേജയെ അഭിനന്ദിക്കാനുള്ള ആരാധകന്റെ ശ്രമം. ഇതോടെ എല്ലാ വശത്തുനിന്നും നിറയെ പൊലീസുകാർ മൈതാനത്തേക്കോടി. മൈതാനം കാക്കിമയമായി.

മനം നിറച്ച മത്സരം

കാണികളെ എല്ലാ വിധത്തിലും തൃപ്തിപ്പെടുത്തിയെന്നതാണു കൊച്ചിയിലെ ആദ്യ രാജ്യാന്തര ഏകദിനത്തിലെ പ്രധാനകാര്യം. കളിയിൽ ഓരോ തലത്തിലും ആവേശം നിറഞ്ഞു. ഇന്ത്യയുടെ മികവ് ആഗ്രഹിക്കുന്ന കാണികൾക്കു ബാറ്റിൽനിന്നും ബോളിൽനിന്നും അതു കാണാനായി. ഇന്ത്യൻ ഇന്നിങ്സ് 309ലെത്തിയിട്ടും ഒരു സിക്സർപോലുമുണ്ടായില്ലെന്നതു മാത്രമാകും സൂക്ഷ്മനിരീക്ഷണത്തിലെ ഏകനിരാശ.

English Summary: 25 years of the first international cricket match at Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com