ADVERTISEMENT

അഹമ്മദാബാദ് ∙ ഐപിഎൽ ക്രിക്കറ്റ് 16–ാം സീസണിലെ ആദ്യ മത്സരത്തിൽ ഓപ്പണർമാരുടെ ബാറ്റിങ് വെടിക്കെട്ട്. ചെന്നൈ സൂപ്പർ കിങ്സ് ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദിന്റെ തകർപ്പൻ ബാറ്റിങ്ങിന് ഗുജറാത്ത് ടൈറ്റൻസ് ഓപ്പണർ ശുഭ്മൻ ഗില്ലിന്റെ മറുപടി. അവസാന ഓവർ വരെ ആവേശം നീണ്ട മത്സരത്തിൽ, നിലവിലെ ചാംപ്യന്മാരായ ഗുജറാത്തിന് 5 വിക്കറ്റ് വിജയം.സ്കോർ: ചെന്നൈ – 20 ഓവറിൽ 7ന് 178. ഗുജറാത്ത് 19.2 ഓവറിൽ 5ന് 182. 

ആദ്യം ബാറ്റ് ചെയ്ത ചെന്നൈയ്ക്കായി ഗെയ്ക്‌വാദ് 92 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങി‍ൽ ഗുജറാത്തിനായി ഗിൽ 63 റൺസ് നേടി. ചെന്നൈ പേസർ രാജ്‌വർധൻ ഹംഗരേക്കർ 3 വിക്കറ്റ് വീഴ്ത്തി. ഗുജറാത്തിനായി മുഹമ്മദ് ഷമി, റാഷിദ് ഖാൻ, അൽസരി ജോസഫ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.

ഗില്ലാടി ഗുജറാത്ത്

ഗുജറാത്തിന് ഗില്ലും വൃദ്ധിമാൻ സാഹയും ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. 4–ാം ഓവറിന്റെ അവസാന പന്തിൽ സാഹയെ പുറത്താക്കി രാജ്‌വർധൻ ഹംഗരേക്കർ ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് നൽകി. ഗുജറാത്തിന്റെ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ട് സായ് സുദർശനെ കൂട്ടുപിടിച്ച് ഗിൽ ആഞ്ഞടിക്കാൻ തുടങ്ങിയതോടെ ചെന്നൈ വിയർത്തു. സുദർശനെ (22 റൺസ്) ഹംഗരേക്കർ പുറത്താക്കി. ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ െ(8) നിലയുറപ്പിക്കും മുൻപ് രവീന്ദ്ര ജഡേജയും പറഞ്ഞുവിട്ടു. 63 റൺസെടുത്ത് ഗിൽ ഔട്ടായതോടെ ചെന്നൈ പിടിമുറുക്കിയെങ്കിലും അവസാന 2 ഓവറുകളിൽ റാഷിദ് ഖാനും (10) രാഹുൽ തെവാത്തിയയും (15) ആഞ്ഞടിച്ചതോടെ വിജയം ഗുജറാത്തിന്റേതായി.

രാജകീയ തുടക്കം 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ ടൈം മികച്ചതാക്കിയത് ഋതുരാജ് ഗെയ്ക്‌വാദിന്റെ മികച്ച ടൈമിങ്ങുള്ള ബാറ്റിങ്ങാണ്. പവർപ്ലേ ഓവറുകളിൽ ആഞ്ഞടിച്ച ഗെയ്ക്‌വാദ് 23 പന്തിൽ അർധ സെഞ്ചറി തികച്ചു. 50 പന്തിൽ 4 ഫോറും 9 സിക്സും അടങ്ങുന്നതാണ് ഋതുരാജിന്റെ ഇന്നിങ്സ്. എന്നാൽ സെഞ്ചറിക്ക് 8 റൺസ് അകലെ അൽസരിക്ക് വിക്കറ്റ് നൽകി മടങ്ങി.ഒരു സമയത്ത് 200 കടക്കുമെന്ന് തോന്നിച്ച ചെന്നൈ സ്കോർ 180ൽ താഴെ പിടിച്ചു നിർത്തിയത് മധ്യ ഓവറുകളിൽ ഗുജറാത്ത് നടത്തിയ തിരിച്ചുവരവാണ്.

ടോസ്: ഗുജറാത്ത് 

പ്ലെയർ ഓഫ് ദ് മാച്ച്: റാഷിദ് ഖാൻ 

ചെന്നൈ: 178/7 (20 ഓവർ)

ഗെയ്ക്‌വാദ് 92 (50)

മൊയീൻ 23 (17)

റാഷിദ് 2/26 (4)

ഷമി 2/29 (4)

ഗുജറാത്ത്: 182/5 (19.2 ഓവർ)

ഗിൽ 63 (36)

വിജയ് 27(21)

ഹംഗരേക്കർ 3/36 (4)

ജഡേജ 1/28 (4)

English Summary : Gujarat Titans 5 wickets win against Chennai Super Kings in IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com