ഇസ്‍ലാമബാദ്∙ ഇന്ത്യ ഐപിഎൽ കളിക്കാൻ അനുവദിക്കാത്തതുകൊണ്ട് പാക്കിസ്ഥാനിൽനിന്നുള്ള ക്രിക്കറ്റ് താരങ്ങൾ നിരാശരാകരുതെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനും പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ. ഇന്ത്യയുടെ നടപടി വിചിത്രവും ധിക്കാരപരവുമാണെന്നും ഒരു പാക്കിസ്ഥാൻ മാധ്യമത്തോടു സംസാരിക്കവെ ഇമ്രാൻ ഖാൻ പ്രതികരിച്ചു. ‘‘ഇന്ത്യ പാക്കിസ്ഥാന്റെ താരങ്ങളെ ഐപിഎല്ലില്‍ അനുവദിക്കാതിരുന്നാൽ ആശങ്കപ്പെടേണ്ട കാര്യമൊന്നുമില്ല. കുറേയേറെ പണം സ്വരൂപിക്കാനുള്ള ശേഷിയുള്ളതിനാൽ ബിസിസിഐയ്ക്ക് ഇപ്പോൾ ധിക്കാരമാണ്. ഇന്ത്യ– പാക്കിസ്ഥാൻ ബന്ധം ഇങ്ങനെയായത് ഭൗർഭാഗ്യകരമാണ്.’’– ഇമ്രാൻ ഖാൻ പറഞ്ഞു.
‘‘ക്രിക്കറ്റ് ലോകത്തെ സൂപ്പർ പവറായാണ് ഇന്ത്യ ഇപ്പോൾ പെരുമാറുന്നത്. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ ഫണ്ട് സ്വരൂപിക്കാൻ ശേഷിയുണ്ടെന്നതാണ് അതിനു കാരണം. ആരുടെയൊക്കെ കൂടെ കളിക്കണം, കളിക്കരുത് എന്ന കാര്യത്തിലൊക്കെ ഏകാധിപതിയെപ്പോലെയാണ് ഇന്ത്യ പെരുമാറുന്നത്.’’– ഇമ്രാൻ ഖാൻ ആരോപിച്ചു. 2008ൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആദ്യ സീസണിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളും കളിച്ചിരുന്നു. മുംബൈ ഭീകരാക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായപ്പോഴാണ് പാക്ക് താരങ്ങളെ ഐപിഎല്ലിൽ കളിപ്പിക്കേണ്ടെന്നു തീരുമാനിച്ചത്.
രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നതും ഐസിസി സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റുകളിൽ മാത്രമായി. ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യാകപ്പിൽ കളിക്കാന്‍ പാക്കിസ്ഥാനിലേക്കു പോകില്ലെന്ന് ബിസിസിഐ നേരത്തേ അറിയിച്ചിരുന്നു. ഇന്ത്യയുടെ മത്സരങ്ങൾ മറ്റേതെങ്കിലും രാജ്യത്തു നടത്തണമെന്നാണ് ആവശ്യം. അതോടെ ഏകദിന ലോകകപ്പിലെ പാക്കിസ്ഥാന്റെ മത്സരങ്ങൾ ഇന്ത്യയ്ക്കു പുറത്തുനടത്തണമെന്ന് പാക്കിസ്ഥാനും ആവശ്യമുന്നയിച്ചു.
English Summary: Imran Khan slams BCCI over IPL