ADVERTISEMENT

ലക്നൗ∙ വിൻഡീസ് താരങ്ങൾ പടത്തുയർത്തിയ കൂറ്റൻ സ്കോർ എത്തിപ്പിടിക്കാൻ ഓസീസ്, ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ പോരാട്ടവീര്യം മാത്രം പോരായിരുന്നു. ലക്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസിന്റെ ബാറ്റിങ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 143 റൺസിൽ അവസാനിച്ചു. ലക്നൗവിനു 50 റൺസിന്റെ മികച്ച വിജയം. ക്യാപ്റ്റൻ ഡേവിഡ് വാർണർ (48 പന്തിൽ 56), ദക്ഷിണാഫ്രിക്കൻ ബാറ്റർ റൈലീ റൂസോ (20 പന്തിൽ 30) എന്നിവർ പൊരുതിയെങ്കിലും ഡൽഹിക്ക് ജയിക്കാനായില്ല. നാല് ഓവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയ മാർക്ക് വുഡാണ് ഡൽഹി ബാറ്റിങ് നിരയെ തകർത്തത്.

മറുപടി ബാറ്റിങ്ങിൽ, മികച്ച തുടക്കമാണ് ഡൽഹിക്കു ലഭിച്ചത്. ഒന്നാം വിക്കറ്റിൽ പൃഥ്വി ഷായും (9 പന്തിൽ 12), ഡേവിഡ് വാർണറും ചേർന്ന് 41 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ അഞ്ചാം ഓവറിൽ അടുത്തത്ത പന്തിൽ ഷായെയും മിന്നും ഫോമിലുള്ള മിച്ചൽ മാർഷിനെയും (പൂജ്യം) പുറത്താക്കി മാർക്ക് വുഡ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടതോടെ ഡൽഹിയുടെ പതനവും ആരംഭിച്ചു. വാർണർക്കു പുറമെ പിന്നീടെത്തിയ താരങ്ങളിൽ റൂസോയും അക്ഷർ പട്ടേലും (11 പന്തിൽ 16) മാത്രമാണ് രണ്ടക്കം കടന്നത്. ലക്നൗവിനായി ആവേശ് ഖാൻ, രവി ബിഷ്ണോയ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

∙ വിൻഡീസ് ‘പവർപ്ലേ’

വിൻഡീസ് താരങ്ങളായ കൈൽ മേയേഴ്സിന്റെയും (38 പന്തിൽ 73), നിക്കോളാസ് പുരാന്റെയും (21 പന്തിൽ 36) ബാറ്റിങ് മികവിലാണ് ഡൽഹിക്കെതിരെ ലക്നൗവിനു മികച്ച സ്കോർ കുറിച്ചത്. ആദ്യം ബാറ്റു ചെയ്ത ലക്നൗ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 193 റൺസെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗവിന്റെ തുടക്കം മെല്ലെയായിരുന്നു. പവർപ്ലേ പൂർത്തിയാകുമ്പോൾ സ്കോർബോർഡിൽ വെറും 30 റൺസായിരുന്നു ലക്നൗവിന്റെ സമ്പാദ്യം. ഇതിനിടെ, ക്യാപ്റ്റൻ കെ.എൽ.രാഹുലിന്റെ (12 പന്തിൽ 8) വിക്കറ്റ് നഷ്ടമാകുകയും ചെയ്തു.

ലക്നൗ ബാറ്റർ ക്രുണാൽ പാണ്ഡ്യയുടെ ബാറ്റിങ്.

ഇതിനുശേഷമായിരുന്നു കൈൽ മേയേഴ്സിന്റെ വക വെടിക്കെട്ട്. ഏഴു സിക്സും രണ്ടു ഫോറും അടങ്ങുന്നതായിരുന്നു മേയേഴ്സിന്റെ ഇന്നിങ്സ്. ഐപിഎലിലെ അരങ്ങേറ്റ മത്സരത്തിൽ നേടുന്ന ഏറ്റവും ഉയർന്ന നാലാമത്തെ സ്കോർ എന്ന നേട്ടവും മേയേഴ്സ് സ്വന്തമാക്കി. ഐപിഎലിെ ആദ്യ മത്സരത്തിൽ തന്നെ പുറത്താകാതെ 158 റൺസെടുത്ത ബ്രണ്ടൻ മക്കല്ലമാണ് ഒന്നാം സ്ഥാനത്ത്. മൈക്ക് ഹസി (116*), ഷോൺ മാർഷ് (84*) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.

രണ്ടാം വിക്കറ്റിൽ കൈൽ മേയേഴ്സും ദീപക് ഹൂഡയും ചേർന്ന് 79 റൺസ് കൂട്ടിച്ചേർത്തു. 11–ാം ഓവറിൽ ഹൂഡയെ (18 പന്തിൽ 17) പുറത്താക്കി കുൽദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത ഓവറിൽ തന്നെ കൈൽ മേയേഴ്സിനെ അക്‌സർ പട്ടേലും പുറത്താക്കി. ആറാമനായി ക്രീസിലെത്തിയ നിക്കോളാസ് പുരാനാണ് പിന്നീട് അൽപമെങ്കിലും മെച്ചപ്പെട്ട ഇന്നിങ്സ് കളിച്ചത്. ആയുഷ് ബദോനി (7 പന്തിൽ 18), കൃഷ്ണപ്പ് ഗൗതം (1 പന്തിൽ 6) എന്നിവരുടെ ബാറ്റിങ് അവസാന ഓവറുകളിൽ തുണയായി. ഡൽഹിക്കായി ഖലീൽ അഹമ്മദ്, ചേതൻ സക്കരിയ എന്നിവർ രണ്ടു വിക്കറ്റ് വീതവും അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

∙ പ്ലേയിങ് ഇലവൻ

ഡൽഹി ക്യാപിറ്റൽസ്: ഡേവിഡ് വാർണർ (ക്യാപ്റ്റൻ), പൃഥ്വി ഷാ, മിച്ചൽ മാർഷ്, റൈലീ റൂസോ, സർഫറാസ് ഖാൻ (വിക്കറ്റ് കീപ്പർ), റോവ്മാൻ പവൽ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, ചേതൻ സക്കരിയ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ

ലക്നൗ സൂപ്പർ ജയന്റ്സ്: കെ.എൽ രാഹുൽ (ക്യാപ്റ്റൻ), കൈൽ മേയേഴ്‌സ്, മാർക്കസ് സ്റ്റോയ്നിസ്, ദീപക് ഹൂഡ, ക്രുണാൽ പാണ്ഡ്യ, നിക്കോളാസ് പുരാൻ (വിക്കറ്റ് കീപ്പർ), ആയുഷ് ബദോനി, മാർക്ക് വുഡ്, ജയ്ദേവ് ഉനദ്കട്, രവി ബിഷ്‌ണോയ്, ആവേശ് ഖാൻ

English Summary : Lucknow Super Giants vs Delhi Capitals Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com