ADVERTISEMENT

മൊഹാലി∙ ബോളർമാരുടെ മിന്നലാക്രമണത്തിനും പിന്നീട് തകർത്തു പെയ്ത മഴയ്ക്കുമൊടുവിൽ കൊൽക്കത്ത നൈറ്റ് റൈഡ‍േഴ്സിനെതിരെ പഞ്ചാബ് കിങ്സിനു ഉജ്വല ജയം. മഴയെത്തുടർന്നു പൂർത്തിയാക്കാൻ സാധിക്കാതെ പോയ മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ ഏഴു റൺസിനാണ് ഡിഎൽഎസ് നിയമപ്രകാരം പഞ്ചാബിന്റെ ജയം. പഞ്ചാബ് ഉയർത്തിയ 192 റൺസ് വിജയം പിന്തുടർന്ന കൊൽക്കത്ത, 16 ഓവറിൽ ഏഴു വിക്കറ്റ നഷ്ടത്തിൽ 146 റൺസെടുത്തു നിൽക്കെയാണ് മഴ എത്തിയത്. ഡിഎൽഎസ് നിയമപ്രകാരം 153 റൺസായിരുന്നു അപ്പോൾ കൊൽക്കത്തയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ മത്സരം പുനരാരംഭിക്കാൻ സാധിക്കാതിരുന്നതോടെ പഞ്ചാബ് ഏഴു റൺസിനു വിജയിക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിൽ, അർഷ്‌ദീപ് സിങ്, രാഹുൽ ചെഹർ, സാം കറൻ തുടങ്ങിയവരുടെ മാസ്മരിക ബോളിങ്ങിനു മുന്നിൽ കൊൽക്കത്തയ്ക്ക് അടിതെറ്റുകയായിരുന്നു. ഓപ്പണർ റഹ്മാനുല്ല ഗുർബാസ് (16 പന്തിൽ 22), വെങ്കടേഷ് അയ്യർ (28 പന്തിൽ 34), ക്യാപ്റ്റൻ നിതീഷ് റാണ(17 പന്തിൽ 24), ആന്ദ്ര റസൽ (19 പന്തിൽ 35) എന്നിവർ ഇടയ്ക്ക് വിജയപ്രതീക്ഷ ഉയർത്തിയെങ്കിലും വൻ ലക്ഷ്യം എത്തിപ്പിക്കാൻ മാത്രം െകൽപ്പുള്ള ഇന്നിങ്സുകൾ ആയിരുന്നില്ല. മൂന്നു ഓവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപിന്റെ സ്പെല്ലാൺ കൊൽക്കത്തയെ തകർത്തത്. പതനം പൂർത്തിയാകുന്നതിനു മുൻപു തന്നെ മഴ അവരുടെ വില്ലനാകുകയും ചെയ്തു.

∙ കിങ് രാജപക്സ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 191 റണ്‍സെടുത്തത്. ശ്രീലങ്കൻ താരം ഭാനുക രാജപക്സ പഞ്ചാബിനായി അർധ സെഞ്ചറി നേടി. 32 പന്തുകൾ നേരിട്ട താരം 50 റൺസെടുത്താണു പുറത്തായത്. 29 പന്തുകൾ നേരിട്ട ക്യാപ്റ്റൻ ശിഖർ ധവാൻ 40 റൺസെടുത്തു പുറത്തായി. ഹോം ഗ്രൗണ്ടിൽ ആദ്യ മത്സരത്തിനിറങ്ങിയ പഞ്ചാബിന് സ്കോർ 23 ൽ നിൽക്കെയാണ് ഓപ്പണർ പ്രഭ്സിമ്രൻ സിങ്ങിനെ നഷ്ടമാകുന്നത്. 12 പന്തിൽ രണ്ടു വീതം സിക്സും ഫോറും ബൗണ്ടറി കടത്തിയ താരം 23 റൺസെടുത്തു പുറത്തായി. ടിം സൗത്തിയുടെ പന്തിൽ വിക്കറ്റ് കീപ്പർ റഹ്മാനുല്ല ഗുർബാസ് ക്യാച്ചെടുത്താണ് പഞ്ചാബ് ഓപ്പണറെ പുറത്താക്കിയത്. ഭാനുക രാജപക്സ ധവാന് കൂട്ടായെത്തിയതോടെ പഞ്ചാബ് സ്കോർ കുതിച്ചുയർന്നു. 10 ഓവറിൽ പഞ്ചാബ് നൂറു കടന്നു.

 പഞ്ചാബിനായി അർധ സെഞ്ചറി നേടിയ ഭാനുക രാജപക്സയുടെ ബാറ്റിങ്.
പഞ്ചാബിനായി അർധ സെഞ്ചറി നേടിയ ഭാനുക രാജപക്സയുടെ ബാറ്റിങ്.

അർധ സെഞ്ചറി തികച്ചതിനു പിന്നാലെ രാജപക്സയെ ഉമേഷ് യാദവ് പുറത്താക്കി. സ്കോർ 143 ൽ നിൽക്കെ പഞ്ചാബിന് ക്യാപ്റ്റൻ ധവാനെ നഷ്ടമായി. വരുൺ ചക്രവർത്തിയുടെ പന്തിൽ ധവാൻ ബോൾഡായി. ജിതേഷ് ശർമ (11 പന്തിൽ 21), സികന്ദർ റാസ (13 പന്തിൽ 16) എന്നിവർക്ക് ആദ്യ മത്സരത്തിൽ വലിയ സ്കോർ കണ്ടെത്താൻ സാധിച്ചില്ല. 17 പന്തിൽ 26 റൺസെടുത്ത് സാം കറനും ഏഴു പന്തിൽ 11 റൺസുമായി ഷാരൂഖ് ഖാനും പുറത്താകാതെ നിന്നു. കൊൽക്കത്തയ്ക്കായി ടിം സൗത്തി രണ്ടു വിക്കറ്റുകൾ വീഴ്ത്തി. ഉമേഷ് യാദവ്, സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലേയിങ് ഇലവൻ– റഹ്മാനുല്ല ഗുർബാസ് (വിക്കറ്റ് കീപ്പർ), മൻദീപ് സിങ്, നിതീഷ് റാണ (ക്യാപ്റ്റൻ), റിങ്കു സിങ്, ആന്ദ്ര റസൽ, ഷാർദൂൽ ഠാക്കൂര്‍, സുനിൽ നരെയ്ൻ, ടിം സൗത്തി, അനുകൂൽ റോയ്, ഉമേഷ് യാദവ്, വരുൺ ചക്രവർത്തി.

പഞ്ചാബ് കിങ്സ് പ്ലേയിങ് ഇലവൻ– ശിഖർ ധവാൻ (ക്യാപ്റ്റൻ), പ്രഭ്സിമ്രൻ സിങ് (വിക്കറ്റ് കീപ്പർ), ഭാനുക രാജപക്സ, ജിതേഷ് ശർമ, ഷാറൂഖ് ഖാൻ, സാം കറൻ, സികന്ദർ റാസ, നേഥൻ എലിസ്, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, അർഷ്ദീപ് സിങ്.

English Summary : Punjab Kings vs Kolkata Knight Riders Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com