ADVERTISEMENT

മുംബൈ∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിയെ പുകഴ്ത്തി മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം എബി ഡിവില്ലിയേഴ്സ്. തന്റെ ഫേവറീറ്റ് ക്രിക്കറ്റർമാരിൽ ഒരാളാണു സഞ്ജു സാംസണെന്ന് ഡിവില്ലിയേഴ്സ് ഐപിഎൽ മത്സരത്തിനു ശേഷമുള്ള ചർച്ചയ്ക്കിടെ പ്രതികരിച്ചു. ‘‘സഞ്ജുവിന്റെ മികവിനെക്കുറിച്ചു നമുക്കെല്ലാം അറിയാം. എന്നാല്‍ നായകനെന്ന നിലയിൽ സഞ്ജുവിന്റെ പ്രകടനത്തേപ്പറ്റി അധികമാരും സംസാരിച്ചിട്ടില്ല. സഞ്ജുവിന്റെ ശാന്തതയാണ് ആദ്യം എന്റെ മനസ്സിലേക്കു വരിക. അമിത ആവേശം കാണിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല.’’– ഡിവില്ലിയേഴ്സ് പ്രതികരിച്ചു.

‘‘ഒന്നിനോടും അമിത ആവേശം കാണിക്കാതിരിക്കുന്നത് ഒരു നായകനു വേണ്ട പ്രധാന ഗുണമാണ്. മത്സരത്തിനിടെ തന്ത്രങ്ങളൊരുക്കുന്നതിലും സഞ്ജു സാംസണ്‍ മിടുക്കനാണ്. അദ്ദേഹം കൂടുതൽ പരിചയ സമ്പത്തുള്ള ക്യാപ്റ്റനായി മാറും. ജോസ് ബട്‌ലർ ഉൾപ്പെടെയുള്ള ലോകോത്തര താരങ്ങൾ സഞ്ജുവിനൊപ്പം ഉള്ളത് ഒരു നേട്ടം തന്നെയാണ്. ഇത്തരം താരങ്ങളിൽ നിന്ന് ഒരുപാടു കാര്യങ്ങൾ പഠിക്കാൻ സാധിക്കും.’’

‘‘മികച്ച ക്യാപ്റ്റനായി മാറാൻ സാധിക്കുന്ന എല്ലാ ലക്ഷണങ്ങളും സഞ്ജുവിലുണ്ട്. ഭാവിയിൽ അദ്ദേഹം ഏതെങ്കിലും ഫോർമാറ്റിൽ ടീം ഇന്ത്യയുടെ ക്യാപ്റ്റനാവില്ലെന്ന് ആർക്കറിയാം. ക്യാപ്റ്റൻസി സഞ്ജുവിന്റെ കരിയറിനും ഗുണം ചെയ്യും. അദ്ദേഹത്തെ ഇന്ത്യൻ ജഴ്സിയിൽ വീണ്ടും കാണാനാണു ഞാന്‍ കാത്തിരിക്കുന്നത്.’’– ഡിവില്ലിയേഴ്സ് പ്രതികരിച്ചു.

സീസണിലെ ആദ്യ മത്സരത്തിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയല്‍സ് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ വമ്പൻ വിജയം സ്വന്തമാക്കിയിരുന്നു. എന്നാൽ രണ്ടാം മത്സരത്തിൽ പഞ്ചാബ് കിങ്സിനോട് അഞ്ച് റൺസിന് രാജസ്ഥാൻ റോയല്‍സ് പരാജയപ്പെട്ടു. ആദ്യ മത്സരത്തിൽ തന്നെ അര്‍ധ സെഞ്ചറിയുമായി സഞ്ജുവും തിളങ്ങി. 32 പന്തുകൾ നേരിട്ട സഞ്ജു 55 റൺസാണു നേടിയത്. രണ്ടാം പോരാട്ടത്തിൽ 25 പന്തിൽ താരം 42 റൺസെടുത്തിരുന്നു.

ഇതോടെ രാജസ്ഥാൻ റോയൽസിനായി ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന താരമായി സഞ്ജു സാംസൺ. 118 മത്സരങ്ങളിൽനിന്ന് രാജസ്ഥാനു വേണ്ടി 3138 റൺസാണു സഞ്ജു ഇതുവരെ നേടിയത്. മുൻ ഇന്ത്യൻ താരം അജിൻക്യ രഹാനെയെ പിന്തള്ളിയാണു സഞ്ജുവിന്റെ നേട്ടം. 106 കളികളിൽനിന്ന് 3098 റൺസാണ് രഹാനെ രാജസ്ഥാനുവേണ്ടി അടിച്ചെടുത്തത്.

English Summary: Sanju Samson could captain India one day: AB de Villiers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com