ADVERTISEMENT

അഹമ്മദാബാദ്∙ ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ പോരാട്ടത്തിൽ നായകനൊത്ത പ്രകടനവുമായി രാജസ്ഥാൻ റോയൽസിനെ മുന്നിൽനിന്ന് നയിച്ച മലയാളി താരം സ‍ഞ്ജു സാംസണിനെ പുകഴ്ത്തി ടീം പരിശീലകൻ കുമാർ സംഗക്കാര. ഗുജറാത്തിന്റെ പ്രധാന ബോളറും ട്വന്റി20യിൽ ലോക ഒന്നാം നമ്പർ താരവുമായ റാഷിദ് ഖാനെതിരെ ഒരു ഓവറിൽ സഞ്ജു നേടിയ ഹാട്രിക് സിക്സറുകളാണ് മത്സരത്തിന്റെ ഗതി മാറ്റിയതെന്ന് സംഗക്കാര അഭിപ്രായപ്പെട്ടു.

മത്സരശേഷം ഡ്രസിങ് റൂമിൽ ടീമംഗങ്ങളോട് സംസാരിക്കുമ്പോഴാണ് സംഗക്കാര സഞ്ജുവിനെ വാനോളം പുകഴ്ത്തിയത്. സംഗക്കാരയുടെ അനുമോദനം രാജസ്ഥാൻ റോയൽസ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

‘‘പവർപ്ലേയിൽ രാജസ്ഥാനെ താങ്ങിനിർത്തി എന്നതു മാത്രമല്ല, റാഷിദ് ഖാന്റെ ആ ഓവറും അവിടുന്നങ്ങോട്ട് സഞ്ജു പുറത്തെടുത്ത പ്രകടനവുമാണ് മത്സരത്തിൽ നിർണായകമായത്’ – സംഗക്കാര പറഞ്ഞു.

‘ഇന്ന് ട്വന്റി20യിൽ ലോകത്തെ ഏറ്റവും മികച്ച സ്പിന്നറെന്ന് ഒരു വിഭാഗം പറയുന്ന അവരുടെ ഏറ്റവും മികച്ച ബോളറിനെ പൂർണമായും തകർത്തുകളഞ്ഞു. ഫോമിലാണെങ്കിൽ എന്തും സാധ്യമാണ് എന്നതിന്റെ തെളിവാണ് ഈ പ്രകടനം. റാഷിദ് ഖാനോ ഷെയ്ൻ വോണോ മുത്തയ്യ മുരളീധരനോ ആകട്ടെ, ഫോമിലാണെങ്കിൽ ഇവരാരും പ്രശ്നമല്ല. നമ്മൾ പന്തിനെയാണ് നേരിടുന്നത്. അതെറിയുന്ന വ്യക്തിയെയല്ല’– സംഗക്കാര ചൂണ്ടിക്കാട്ടി.

ഗുജറാത്തിനെതിരായ മത്സരത്തിലാകെ 32 പന്തുകൾ നേരിട്ട സ‍‍ഞ്ജു, മൂന്നു ഫോറും ആറു സിക്സും സഹിതം അടിച്ചുകൂട്ടിയത് 60 റൺസാണ്. മൂന്നാം വിക്കറ്റിൽ മലയാളി താരം ദേവ്ദത്ത് പടിക്കലിനൊപ്പം 34 പന്തിൽനിന്ന് 43 റൺസ് അടിച്ചെടുത്ത സഞ്ജു, അഞ്ചാം വിക്കറ്റിൽ ഹെറ്റ്മെയറിനൊപ്പം 27 പന്തിൽ 59 റൺസും കൂട്ടിച്ചേർത്തു. ഈ കൂട്ടുകെട്ടുകളാണ് രാജസ്ഥാന്റെ വിജയത്തിൽ നിർണായകമായത്.

English Summary: Hat-trick of sixes against Rashid Khan was a game changer’: Kumar Sangakkara lauds Sanju Samson’s knock

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com