ADVERTISEMENT

ഹൈദരാബാദ് ∙ അവസാന ഓവറിൽ ഹൈദരാബാദിന് ജയിക്കാൻ വേണ്ടത് 20 റൺസ്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ നിർണായകമായ ആ ഓവർ എറിയാൻ പന്തേൽപിച്ചത് അർജുൻ തെൻഡുൽക്കറിനെ. ഭുവനേശ്വർ കുമാറും അബ്ദുൽ സമദും ക്രീസിൽ. സമ്മർദത്തിന്റെ ലക്ഷണങ്ങളൊന്നുമില്ലാതെ അർജുന്റെ ചടുലമായ റണ്ണപ്പ്. മുംബൈ ഇന്ത്യൻസ് ജഴ്സി ധരിച്ച് നിശ്ശബ്ദനായി സച്ചിൻ തെൻഡുൽക്കർ സ്റ്റാൻഡ്സിൽ. അബ്ദുൽ സമദ് നേരിട്ട ആദ്യ പന്തിൽ റണ്ണൊന്നുമില്ല. രണ്ടാം പന്തിൽ രണ്ടാം റണ്ണിനോടിയ അബ്ദുൽ സമദ് റൺഔട്ട്. അഞ്ചാം പന്തിൽ ഭുവനേശ്വർ കുമാറിനെ എക്സ്ട്രാ കവറിൽ രോഹിത് ശർമ പിടിച്ചു. അർജുന് ആദ്യ ഐപിഎൽ വിക്കറ്റ്. ഹൈദരാബാദ് ഓൾഔട്ട്.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് 14 റൺസ് വിജയം. സ്കോർ: മുംബൈ– 20 ഓവറിൽ 5ന് 192, ഹൈദരാബാദ് – 19.5 ഓവറിൽ 178ന് ഓൾഔട്ട്. അസാധ്യമൊന്നുമല്ലാത്ത വിജയലക്ഷ്യത്തിലേക്ക് ഹൈദരാബാദിനെ നയിക്കാൻ ഒരു ബാറ്ററുണ്ടായില്ല എന്നതാണ് അവരുടെ തോൽവിക്കു കാരണം. 41 പന്തിൽ 48 റൺസെടുത്തു മയാങ്ക് അഗർവാൾ ടീമിന്റെ ടോപ് സ്കോററായെങ്കിലും പിന്തുണയ്ക്ക് ആളുണ്ടായിരുന്നില്ല. 16 പന്തിൽ 36 റൺസെടുത്ത ഹെൻറിച്ച് ക്ലാസനും 17 പന്തിൽ 22 റൺസെടുത്ത ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിനും ടീമിനെ വിജയത്തിലേക്കു നയിക്കാൻ മാത്രം ക്രീസിൽ ആയുസ്സുണ്ടായില്ല.

നേരത്തേ, ഓപ്പണർമാരായ രോഹിത് ശർമയും (28) ഇഷാൻ കിഷനും (38) നൽകിയ തുടക്കം പിന്നാലെയിറങ്ങിയ കാമറൂൺ ഗ്രീനും (40 പന്തിൽ 64) തിലക് വർമയും (17 പന്തിൽ 37) മുതലെടുത്തപ്പോഴാണ് മുംബൈയ്ക്ക് മികച്ച സ്കോർ നേടാനായത്. 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് മുംബൈ നേടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് രോഹിത്തും ഇഷാൻ കിഷനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. സൂര്യകുമാർ യാദവ് സിക്സറോടെ തുടങ്ങിയെങ്കിലും അതേ ഓവറിൽ തന്നെ പുറത്ത്. മാർക്രത്തിന്റെ ഉജ്വല ക്യാച്ച്. തിലക് വർമ വന്നതോടെയാണ് മുംബൈ ഇന്നിങ്സ് വേഗമാർജിച്ചത്. ജാൻസന്റെ 15–ാം ഓവറിൽ ഗ്രീനിന്റെ 2 ഫോറും തിലകിന്റെ 2 സിക്സും ഉൾപ്പെടെ മുംബൈ നേടിയത് 21 റൺസ്. മാർക്കണ്ഡെയുടെ അടുത്ത ഓവറിലും വന്നു 14 റൺസ്.

ഭുവനേശ്വറിന്റെ അടുത്ത ഓവറിൽ ഒരു സിക്സറടിച്ചതിനു പിന്നാലെ തിലക് പുറത്തായെങ്കിലും ഗ്രീൻ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. നടരാജന്റെ 18–ാം ഓവറിൽ 3 ഫോറും ഒരു സിക്സുമായി 20 റൺസ്. മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ ഐപിഎൽ ക്രിക്കറ്റിൽ 6000 റൺസ് പിന്നിട്ടു. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ താരമാണ്. വിരാട് കോലി (6844), ശിഖർ ധവാൻ (6477), ഡേവിഡ് വാർണർ (6109) എന്നിവരാണ് രോഹിത്തിനു മുന്നിലുള്ളത്.

SCORE BOARD

ടോസ്: ഹൈദരാബാദ്

പ്ലെയർ ഓഫ് ദ് മാച്ച്: കാമറൂൺ ഗ്രീൻ 

മുംബൈ: 5–192 (20 ഓവർ)

ഗ്രീൻ 64 (40)

ഇഷാൻ 38 (31)

ജാൻസൻ 2–43 (4)

ഭുവനേശ്വർ 1–31 (4)

ഹൈദരാബാദ്: 10–178 (19.5)

മയാങ്ക് 48 (41)

ക്ലാസൻ 36 (16)

മെറഡിത് 2–33 (4)

ബയ്റൻഡോർഫ് 2–37 (4)

English Summary : Mumbai Indians defeated Sunrisers Hyderabad in IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com