ADVERTISEMENT

ജയ്പൂർ∙ ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിനോടു തോറ്റതിനു പിന്നാലെ രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗിനെതിരെ രൂക്ഷവിമർശനം ഉയർത്തി മുൻ ഇന്ത്യൻ താരം രവി ശാസ്ത്രി. രാജസ്ഥാൻ ചേസിങ്ങിന്റെ അവസാനം ബാറ്റ് ചെയ്യാനിറങ്ങിയ പരാഗ് ആദ്യം നേരിട്ട എട്ട് പന്തിൽ നാല് റൺസാണ് ആകെ നേടിയത്. മത്സരം ജയിക്കാനുള്ള ദൃ‍ഢനിശ്ചയമൊന്നും പരാഗിൽ കണ്ടില്ലെന്നാണു ശാസ്ത്രിയുടെ നിലപാട്.

‘‘രാജസ്ഥാൻ റോയൽസിന് സാംസൺ, ബട്‍ലർ, യശസ്വി ജയ്‍സ്വാൾ എന്നിവരെ മത്സരത്തിൽ നഷ്ടപ്പെട്ടു. എങ്കിലും ശക്തരായ ബാറ്റർമാർ രാജസ്ഥാനിൽ ബാക്കിയുണ്ടായിരുന്നു. പരാഗ് ബാറ്റിങ്ങിനെത്തി നേരിട്ട ആദ്യ എട്ട് പന്തുകളാണു കളിയുടെ സ്വഭാവം തന്നെ മാറ്റിയതെന്നാണ് എനിക്കു തോന്നുന്നത്. അപ്പുറത്തുണ്ടായിരുന്ന ദേവ്ദത്ത് പടിക്കലിനും സ്കോറിങ്ങിലെ താളം നഷ്ടമായി’’– രവി ശാസ്ത്രി കമന്ററിക്കിടെ പ്രതികരിച്ചു.

‘‘സിംഗിളുകളിലൂടെയാണ് റൺ വന്നത്. അവസാന 28 പന്തിൽ ഒരു ബൗണ്ടറി പോലുമില്ല എന്ന അവസ്ഥയുണ്ടായിരുന്നു. ഇതു പ്രശ്നങ്ങൾ വിളിച്ചുവരുത്തുന്നതു പോലെയാണ്.’’– രവി ശാസ്ത്രി പ്രതികരിച്ചു. രാജസ്ഥാൻ ബാറ്റിങ് നിരയിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൻ പ്രതികരിച്ചു. ‘‘എത്ര സ്കോറാണു പിന്തുടരേണ്ടതെന്നു രാജസ്ഥാൻ താരങ്ങൾക്കു നന്നായി അറിയാം. ഭാഗ്യത്തിന് അവരാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. ബാറ്റിങ്ങിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് രാജസ്ഥാൻ പഠിച്ചിട്ടുണ്ടാകും.’’– പീറ്റേഴ്സൻ പറഞ്ഞു.

ലക്നൗവിനെതിരായ മത്സരത്തിൽ 12 പന്തുകളിൽനിന്ന് 15 റൺസാണു റിയാൻ പരാഗ് നേടിയത്. ധ്രുവ് ജുറൽ, ജേസൺ ഹോൾഡർ തുടങ്ങിയ ബാറ്റർമാർ ഉള്ളപ്പോൾ ദേവ്ദത്ത് പടിക്കലിനെയും റിയാൻ പരാഗിനെയും നേരത്തേ ഇറക്കിയ റോയൽസിനെതിരെ ആരാധകരും വിമർശനം ഉന്നയിക്കുന്നുണ്ട്. ലക്നൗ ഉയർത്തിയ 155 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനേ സാധിച്ചുള്ളൂ. ലക്നൗവിന് 10 റൺസ് വിജയം. ആറു മത്സരങ്ങളിൽ നാലും ജയിച്ച രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.

English Summary: Ravi Shastri Slams Riyan Parag, Questions RR Stars Intent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com