ശ്രീശാന്തിനോട് ചെയ്ത കാര്യമോർത്ത് നാണക്കേട്; കോലി അങ്ങനെ ചെയ്യരുതെന്ന് ഹർഭജൻ
Mail This Article
ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സ്– റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിനിടെ വിരാട് കോലിയും ഗൗതം ഗംഭീറും തർക്കിച്ച സംഭവത്തിൽ പ്രതികരിച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. വിരാട് കോലി ക്രിക്കറ്റിലെ ഇതിഹാസമാണെന്നും ഇത്തരം സംഭവങ്ങളിൽ അദ്ദേഹം ഉൾപ്പെടരുതെന്നും ഹർഭജൻ സിങ് ട്വിറ്ററിൽ പ്രതികരിച്ചു. ‘‘2008 ൽ ശ്രീശാന്തിനോട് ചെയ്ത കാര്യമോർത്ത് എനിക്കു നാണക്കേട് തോന്നാറുണ്ട്. വിരാട് കോലിയെപ്പോലൊരു ഇതിഹാസം ഇത്തരം കാര്യങ്ങളുടെ ഭാഗമാകരുത്.’’– ഹർഭജന്‍ സിങ് ട്വിറ്ററിൽ കുറിച്ചു.
വിരാട് കോലിക്കും ഗൗതം ഗംഭീറിനും ഇടയിൽ ഉണ്ടായ കാര്യങ്ങൾ ക്രിക്കറ്റിനു ചേരാത്തതാണെന്നും ഹർഭജൻ സിങ് പ്രതികരിച്ചു. ഐപിഎല്ലിന്റെ ഉദ്ഘാടന സീസണിൽ മുംബൈ ഇന്ത്യൻസിന്റെ താരമായിരുന്നു ഹർഭജൻ സിങ്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ ഹർഭജൻ ശ്രീശാന്തിന്റെ മുഖത്തടിച്ചെന്നായിരുന്നു പരാതി. സംഭവം അന്ന് ഐപിഎല്ലിൽ വൻ വിവാദങ്ങൾക്കാണു തിരികൊളുത്തിയത്.
തിങ്കളാഴ്ച ലക്നൗ സൂപ്പർ ജയന്റ്സിനെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ 18 റൺസിനു തോൽപിച്ചതിനു പിന്നാലെയാണ് വിരാട് കോലിയും ഗൗതം ഗംഭീറും തമ്മിൽ ഗ്രൗണ്ടിൽവച്ച് തർക്കിച്ചത്. മത്സരത്തിനിടെ ലക്നൗ താരം നവീൻ ഉൾ ഹഖും കോലിയും തമ്മിൽ ഗ്രൗണ്ടിൽവച്ച് ഉരസിയതിന്റെ തുടർച്ചയായിരുന്നു ഇത്. മത്സരത്തിനു ശേഷം താരങ്ങൾ കൈകൊടുക്കുന്ന സമയത്തും കോലിയും നവീനും തർക്കിച്ചു.
പിന്നീടു ലക്നൗ താരം കൈൽ മെയര്‍സുമായി കോലി സംസാരിക്കുന്നതിനിടെ ഗംഭീർ വന്ന് മെയർസിന്റെ കയ്യില്‍ പിടിച്ചുകൊണ്ടുപോയി. തുടർന്നായിരുന്നു കോലി– ഗംഭീർ തർക്കം. ലക്നൗ ക്യാപ്റ്റൻ കെ.എൽ. രാഹുൽ ഇടപെട്ടാണു രംഗം ശാന്തമാക്കിയത്. ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിന് കോലിക്കും ഗംഭീറിനുമെതിരെ ഐപിഎൽ പിഴ ചുമത്തിയിട്ടുണ്ട്.
English Summary: I Am Ashamed: Harbhajan Singh