ADVERTISEMENT

ജയ്പുർ∙ സ്വന്തം തട്ടകത്തിൽ ഏറ്റ വമ്പൻ തോൽവിക്ക് എതിരാളിയുടെ ‘ഹോം ഗ്രൗണ്ടിൽ’ പകരം വീട്ടി ഗുജറാത്ത് ടൈറ്റൻസ്. ബോളിങ്ങിലും ബാറ്റിങ്ങിലും ഗുജറാത്ത് ആധിപത്യം പുലർത്തിയ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനിനെതിരെ 9 വിക്കറ്റ് ജയം. രാജസ്ഥാൻ മുന്നോട്ടു വച്ച 118 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഗുജറാത്ത് 13.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ‌ വിജയത്തേരിലേറി. ഓപ്പണർമാരായ വൃദ്ധിഹ്മാൻ സാഹ( 28 പന്തിൽ 38) യും ശുഭ്മാൻ ഗില്ലും( 35 പന്തിൽ 36) തുടങ്ങിയവച്ച് പോരാട്ടം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (15 പന്തിൽ 39) മനോഹരമായി ഫിനിഷ് ചെയ്തപ്പോൾ രാജസ്ഥാന്റെ ഹോം ഗ്രൗണ്ടിൽ ഗുജറാത്തിന്റെ മധുരപ്രതികാരം.

സീസണിൽ ഇരു ടീമുകളും ആദ്യമായി ഏറ്റുമുട്ടിയപ്പോൾ ജയം രാജസ്ഥാനൊപ്പമായിരുന്നു. അന്ന് ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കഴിഞ്ഞ വർഷത്തെ ഫൈനൽ തോൽവിക്ക് രാജസ്ഥാൻ പകരം വീട്ടുകയായിരുന്നു. ഗുജറാത്ത് ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം നാലു പന്ത് ശേഷിക്കേ ഏഴു വിക്കറ്റിനാണ് രാജസ്ഥാൻ മറികടന്നത്. ഈ തോൽവിക്ക് എല്ലാ പഴുതുകളും അടച്ച് ഗുജറാത്ത് ഇത്തവണ മറുപടി നൽകി. ഇതോടെ 14 പോയന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി ഗുജറാത്ത് പ്ലേ ഓഫ് സാധ്യത ഒന്നുകൂടി ഊട്ടി ഉറപ്പിച്ചു. 10 പോയന്റുമായി പട്ടികയിൽ നാലാം സ്ഥാനത്തുള്ള രാജസ്ഥാന് പ്ലേ ഓഫിലേക്കുള്ള യാത്ര ഇനി കഠിനമാകും.

gill-saha

അടിപതറി റോയൽസ്!

ടോസ് നേടിയ ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന്റെ യാത്ര 17.5 ഓവറിൽ 118 റൺസിന് അവസാനിച്ചു. 20 പന്തിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ നേടിയ 30 റൺസാണ് മത്സരത്തിലെ ടോപ് സ്കോർ.

ഫോം വീണ്ടെടുക്കാതെ കളത്തിലിറങ്ങിയ ജോസ് ബട്‍ലറും (8 പന്തിൽ 6) അനാവശ്യ റണ്ണൗട്ടിൽ കളം വിട്ട യശസ്വി ജയ്‍സ്വാളും (11 പന്തിൽ 14) രാജസ്ഥാൻ ആരാധകരെ നിരാശയിലാക്കിയപ്പോൾ ക്യാപ്റ്റൻ സഞ്ജുവിലൂടെ ഹോം ഗ്രൗണ്ടിൽ ടീം തിരികെ വരുമെന്ന് പ്രതീക്ഷിച്ചു. ഇത്തവണ രാജസ്ഥാനെ തോളിലേറ്റുക സഞ്ജുവാണെന്ന് ഒരു ഘട്ടത്തിൽ തോന്നിപ്പിച്ചെങ്കിലും ജോഷ്വ ലിറ്റിലിന്റെ പന്ത് ഹാർദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ച് ആ പ്രതീക്ഷയ്ക്കും വിരാമമിട്ടു. സ്കോർ 60ൽ നിൽക്കെയാണ് സഞ്ജു പുറത്താകുന്നത്.

rashid-khan-ipl
രാജസ്ഥാന്റെ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ റാഷിദ് ഖാൻ. Image. Twitter/@IPL

പിന്നീടെല്ലാം വളരെപെട്ടെന്നായിരുന്നു. റാഷിദ് ഖാനും നൂർ അഹമ്മദും ചേർന്ന് രാജസ്ഥാന്റെ മധ്യനിരയിലെ ഒരോരുത്തരെയായി ഡ്രസിങ് റൂമിലേക്ക് മടക്കിയയച്ചു. ദേവ്ദത്ത് പടിക്കൽ( 12 പന്തിൽ 12), രവിചന്ദ്രൻ അശ്വിൻ( 6 പന്തിൽ 2), ഇംപാക്ട് പ്ലയർ റയാൻ പരാഗ്( 6 പന്തിൽ 4), ഹെറ്റ്മെയർ ( 13 പനിതിൽ 7), ധ്രുവ് ജുറൽ( 8പന്തിൽ 9) എന്നിവർ മിന്നൽ വേഗത്തിൽ ക്രീസ് വിട്ടപ്പോൾ ഒരുഘട്ടത്തിൽ സ്കോർ 100 പോലും കടക്കില്ലെന്ന് കരുതി. എന്നാൽ എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ട്രെന്റ് ബോൾട്ടും(11 പന്തിൽ 15) ആദം സാംപ ( 9 പന്തിൽ 7)യും നടത്തിയ ചെറിയൊരു ചെറുത്തുനിൽപാണ് സ്കോർ 118 എന്ന നിലയിൽ എത്തിച്ച് നാണക്കേട് ഒഴിവാക്കിയത്.

നാല് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത റാഷിദ് ഖാനാണ് രാജസ്ഥാന്റെ നടുവൊടുച്ചത്. നൂർ അഹമദ് രണ്ടു വിക്കറ്റും നേടി. ഗുജറാത്തിനായി ഹാർദിക് പാണ്ഡ്യ, മുഹമ്മദ് ഷമി, ജോഷ്വ ലിറ്റിൽ എന്നിവർ ഒരോ വിക്കറ്റു വീതവും വീഴ്ത്തി

English Summary: IPL: Rajasthan Royals vs Gujarat Titans- Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com