ADVERTISEMENT

ഹൈദരാബാദ് ∙ ആവേശം അവസാന പന്തുവരെ നീണ്ട മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 5 റൺസ് ജയം. വരുൺ ചക്രവർത്തി എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 9 റൺസ് വേണ്ടിയിരുന്ന ഹൈദരാബാദിന് 3 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. സ്കോർ: കൊൽക്കത്ത 9ന് 171. ഹൈദരാബാദ് 8ന് 166.

റിങ്കു സിങ്ങിന്റെയും (35 പന്തിൽ 46) നിതീഷ് റാണയുടെയും (31 പന്തിൽ 42) കൂട്ടുകെട്ടിൽ കൊൽക്കത്ത നേടിയ സ്കോറിനെതിരെ ഹെൻറിച്ച് ക്ലാസനെ (36) കൂട്ടുപിടിച്ച് ക്യാപ്റ്റൻ എയ്ഡൻ മാർക്രം (41) നടത്തിയ പോരാട്ടം ഹൈദരാബാദിനു പ്രതീക്ഷ നൽകി. എന്നാൽ ഇരുവരും പുറത്തായതോടെ  മത്സരം കൈവിട്ടു. വരുൺ ചക്രവർത്തിയെറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്തിൽ അബ്ദുൽ സമദ് (21) പുറത്തായതോടെ ഹൈദരാബാദിന്റെ പ്രതീക്ഷ അസ്തമിച്ചു. ചക്രവർത്തിയാണ് പ്ലെയർ ഓഫ് ദ് മാച്ച്. കൊൽക്കത്തയ്ക്കു വേണ്ടി ഷാർദൂൽ ഠാക്കൂർ, വൈഭവ് അറോറ എന്നിവർ 2 വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കൊൽക്കത്തയ്ക്ക് രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ റഹ്മാനുല്ല ഗുർബാസിനെ (0) നഷ്ടമായി. മാർക്കോ ജാൻസന്റെ പന്തിൽ കൂറ്റനടിക്കു ശ്രമിച്ച ഗുർബാസ് ഹാരി ബ്രൂക്കിനു ക്യാച്ച് നൽകിയതോടെ കൊൽക്കത്ത പ്രതിരോധത്തിലായി. ഓവറിലെ അവസാന പന്തിൽ വെങ്കടേഷ് അയ്യരെയും പുറത്താക്കി ജാൻസൻ ഹൈദരാബാദിനു മേൽക്കൈ നൽകി. മികച്ച തുടക്കം ലഭിച്ച ഓപ്പണർ ജയ്സൻ റോയ് അഞ്ചാം ഓവറിൽ നടരാജനു വിക്കറ്റ് നൽകി മടങ്ങിയതോടെ കൊൽക്കത്ത പ്രതിസന്ധിയിലായി. 

എന്നാൽ, അഞ്ചാമനായി എത്തിയ റിങ്കു സിങ്ങിനെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ നിതീഷ് റാണ ഇന്നിങ്സ് മുന്നോട്ടുനയിച്ചു. 12–ാം ഓവറിൽ റാണ പുറത്തായതിനു പിന്നാലെയെത്തിയ ആന്ദ്രെ റസൽ വമ്പനടികളിലൂടെ പ്രതീക്ഷ നൽകിയെങ്കിലും വൈഡ് ലൈൻ തൊട്ടുരുമ്മിയെത്തിയ മയാങ്ക് മാർക്കണ്ഡെയുടെ പന്തിൽ അനാവശ്യ ഷോട്ടിനു ശ്രമിച്ച് വിക്കറ്റ് കളഞ്ഞു. വാലറ്റക്കാരെ കൂട്ടുപിടിച്ച് റിങ്കു നടത്തിയ പോരാട്ടമാണ് സ്കോർ 171ൽ എത്തിച്ചത്. 

English Summary : Kolkata Knight riders defeated Sunrisers Hyderabad in IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com