ADVERTISEMENT

മൊഹാലി∙ ആദ്യ തവണ ഏറ്റുമുട്ടിയപ്പോൾ തന്റെ മിഡിൽ സ്റ്റംപ് എറിഞ്ഞുടച്ച അർഷ്ദീപ് സിങ്ങിനെതിരായ തിലക് വർമയുടെ മധുരപ്രതികാരത്തിനു വേദിയായ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 6 വിക്കറ്റ് ജയം. സ്കോർ: പഞ്ചാബ് കിങ്സ് 3ന് 214. മുംബൈ ഇന്ത്യൻസ് 18.5 ഓവറിൽ 4ന് 216.

ടൂർണമെന്റിൽ രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും 215 റൺസ് എന്ന വിജയലക്ഷ്യമായിരുന്നു പഞ്ചാബ് കിങ്സ്, മുംബൈ ഇന്ത്യൻസിനു മുന്നിൽ വച്ചത്. ആദ്യ തവണ വിജയത്തിലേക്കു കുതിച്ച മുംബൈയുടെ പോരാട്ടം 13 റൺസ് അകലെ അവസാനിപ്പിച്ചത് അർഷ്ദീപ് സിങ്ങിന്റെ തീപ്പൊരി സ്പെല്ലായിരുന്നു (4–0–29–4). അന്ന് യോർക്കറുകളുമായി കളം നിറഞ്ഞ അർഷ്ദീപ്, നേരിട്ട ആദ്യ പന്തിൽ തന്നെ തിലക് വർമയുടെയും നേഹാൽ വദേരയുടെയും മിഡിൽ സ്റ്റംപ് തെറിപ്പിച്ചിരുന്നു.

 തകർന്ന മിഡിൽ സ്റ്റംപിന്റെ ഫോട്ടോയുമായി ‘‍ഹേയ്, മുംബൈ പൊലീസ്, ഞങ്ങൾ ഒരു കുറ്റകൃത്യം റിപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു’ എന്ന അടിക്കുറിപ്പോടെ പഞ്ചാബ് കിങ്സ് ട്വീറ്റ് ചെയ്ത ചിത്രം വൈറലായിരുന്നു. അതിനുള്ള മധുരപ്രതികാരമെന്നോണമാണ് കഴിഞ്ഞ ദിവസം അർഷ്ദീപിനെതിരെ തിലക് ബാറ്റ് ചെയ്തത്. അർഷ്ദീപിനെതിരെ 8 പന്തിൽ 3 സിക്സറുകൾ ഉൾപ്പെടെ 25 റൺസാണ് തിലക് അടിച്ചുകൂട്ടിയത്. 19ാം ഓവർ എറിയാനെത്തിയ അർഷ്ദീപിന്റെ അ‍ഞ്ചാം പന്തിൽ സിക്സ് നേടി തിലക് മത്സരം ഫിനിഷ് ചെയ്തു. മത്സരത്തിൽ 3.5 ഓവറിൽ 66 റൺസാണ് അർഷ്ദീപ് വഴങ്ങിയത്.

ലിയാം ലിവിങ്സ്റ്റൻ (42 പന്തിൽ പുറത്താവാതെ 82), ജിതേഷ് ശർമ (27 പന്തിൽ പുറത്താവാതെ 49) എന്നിവരുടെ ബാറ്റിങ് കരുത്തിൽ പഞ്ചാബ് ഉയർത്തിയ 215 റൺസ് വിജയലക്ഷ്യം ഇഷാൻ കിഷന്റെയും (41 പന്തിൽ 75) സൂര്യകുമാർ യാദവിന്റെയും (31 പന്തിൽ 66) അർധ സെഞ്ചറിയുടെ ബലത്തിൽ 18.5 ഓവറിൽ മുംബൈ മറികടക്കുകയായിരുന്നു.

English Summary : Mumbai Indians defeated Punjab Kings in IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com