ADVERTISEMENT

ക്രിക്കറ്റ് ഷോട്ടുകൾ പ്രധാനമായും രണ്ടു വിധം; ഒന്ന്, ബോളിന്റെ വേഗം പരമാവധി ഉപയോഗപ്പെടുത്തി, ടൈമിങും ഫൂട്‌വർക്കും ഉപയോഗിച്ചുള്ള ക്ലാസിക്കൽ സ്ട്രോക്ക് പ്ലേ. രണ്ടാമത്തേത്ത് കൈക്കരുത്തിന്റെ ബലത്തിൽ പരമാവധി ബാറ്റ് സ്വിങ്ങോടു കൂടിയുള്ള ടെന്നിസ് ബോൾ സ്ലോഗ്. വെള്ളിയാഴ്ച നടന്ന മുംബൈ– ഗുജറാത്ത് മത്സരം സാക്ഷിയായത് ക്ലാസും മാസും ചേർന്ന ബാറ്റിങ് പ്രകടനങ്ങൾക്കാണ്. മുംബൈയ്ക്കു വേണ്ടി സൂര്യകുമാർ കത്തിക്കയറിയപ്പോൾ (49 പന്തിൽ 103*) മറുവശത്ത് ഗുജറാത്തിന് ആശ്വാസമായത് റാഷിദ് ഖാന്റെ (32 പന്തിൽ 79*) വീരോചിത ചെറുത്തുനിൽപായിരുന്നു. റൺമഴ കണ്ട മത്സരത്തിൽ 27 റൺസിനായിരുന്നു മുംബൈയുടെ ജയം. സ്കോർ: മുംബൈ– 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 218. ഗുജറാത്ത്– 20 ഓവറിൽ 8ന് 191.

∙ സൂര്യയുടെ വീണ്ടുവിചാരം

0,0,0,15,1,0– അവസാന 3 ഏകദിന മത്സരങ്ങളിലെയും സീസണിലെ ആദ്യ 3 ഐപിഎൽ മത്സരങ്ങളിലെയും സൂര്യകുമാർ യാദവിന്റെ സ്കോർ ഇപ്രകാരമായിരുന്നു. അവിടെ നിന്നാണ് അടുത്ത 5 ഐപിഎൽ മത്സരങ്ങളിൽ 55,66,26,83,103* എന്നീ സ്കോറുകളിലേക്ക് സൂര്യ കുതിച്ചുയർന്നത്. ഈ കുതിപ്പിലേക്ക് സൂര്യയെ നയിച്ച ഘടകങ്ങളിൽ പ്രധാനമാണ് വി ഏരിയയോട് ഉണ്ടായ വിമുഖതയിൽ സൂര്യയ്ക്കുണ്ടായ വീണ്ടുവിചാരം. മൈതാനത്ത് ലോങ് ഓണിനും ലോങ് ഓഫിനും ഇടയിലുള്ള പ്രദേശമാണ് ‘വി’. 2020നു ശേഷമുള്ള പ്രകടനം പരിശോധിച്ചാൽ സൂര്യ നേടിയ റൺസിന്റെ 75 ശതമാനവും വന്നിരിക്കുന്നത് ‘വി’ക്ക് പുറത്താണ്. ഇതിൽ 50 ശതമാനത്തിൽ അധികം റൺസ് വന്നത് വിക്കറ്റിനു പുറകിലാണെന്നതും ശ്രദ്ധേയം.

ക്രോസ് ബാറ്റ് ഷോട്ടുകളെ കൂടുതലായി ആശ്രയിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. എന്നാൽ ഈ ഐപിഎലിന്റെ തുടക്കത്തിലേറ്റ തിരിച്ചടികൾ കൂടി ആയപ്പോൾ ഒന്നു മാറ്റിച്ചിന്തിക്കാൻ സൂര്യ തീരുമാനിച്ചു. സീസണിലെ അവസാന 6 മത്സരങ്ങളിൽ സൂര്യയുടെ പ്രകടനം പരിശോധിച്ചാൽ 35 ശതമാനത്തോളം റൺസും വി–യിലാണ് വന്നിരിക്കുന്നത്. ആകെ റൺസിന്റെ 75 ശതമാനവും പിറന്നത് വിക്കറ്റിനു മുന്നിലും. കഴിഞ്ഞ മത്സരത്തിലെ വാഗൺ വീൽ പരിശോധിച്ചാൽ ഈ കണക്കുകൾ അൽപം കൂടി വ്യക്തമാകും. ആകെ നേടിയ 103 റൺസിൽ 30 റൺസും വി–യിൽ വന്നപ്പോൾ ആകെ 26 റൺസ് മാത്രമാണ് വിക്കറ്റിനു പിന്നിൽ സൂര്യ നേടിയത്.

∙ റാഷിദിന്റെ റാക്കറ്റ്

ഒരു വശത്ത് സൂര്യ സ്ട്രൈറ്റ് ബാറ്റ് ഷോട്ടുകളിലൂടെ റൺസ് വാരിക്കൂട്ടിയപ്പോൾ മറുവശത്ത് ടെന്നിസ് റാക്കറ്റ് വീശുന്ന ലാഘവത്തോടെ ബാറ്റ് വീശി, ക്രോസ് ബാറ്റ് ഷോട്ടുകളിലൂടെയാണ് റാഷിദ് റൺസ് വാരിക്കൂട്ടിയത്. നേടിയ 79ൽ 31 റൺസും പിറന്നത് മിഡോണിലാണ്. ലെഗ് സൈഡിൽ ആകെ നേടിയത് 53 റൺസ്. ഹിറ്റിങ് ആർക്കിനു പുറത്താണെങ്കിൽ കൂടി, വരുന്ന എല്ലാ ബോളുകളും പരമാവധി ബാറ്റ് സ്വിങ്ങോടു കൂടി നേരിടുക എന്ന തന്ത്രമാണ് റാഷിദ് വിജയകരമായി നടപ്പാക്കിയത്.

∙ സൂര്യ സ്പെഷൽ

സ്ട്രൈറ്റ് ബാറ്റ് ഷോട്ടുകളിലൂടെ കളം നിറഞ്ഞപ്പോഴും കഴിഞ്ഞ ദിവസം തേർഡ്മാൻ ഏരിയയിൽ സൂര്യ നേടിയ ഒരു സിക്സ് അമ്പരപ്പോടെയാണ് ക്രിക്കറ്റ് ലോകം കണ്ടത്. മുഹമ്മദ് ഷമിയെറിഞ്ഞ 19–ാം ഓവറിലെ രണ്ടാം പന്ത് ഗുഡ് ലെങ്ത്തിൽ പിച്ച് ചെയ്ത് ഓഫ്സ്റ്റംപ് ലൈനിനു പുറത്താണ് വന്നത്. സ്ട്രൈറ്റ് ബാറ്റോടു കൂടി, ഒരു ലോഫ്റ്റഡ് കവർ ഡ്രൈവിനു സമാനമായ രീതിയിലാണ് സൂര്യ ആ പന്ത് കളിച്ചത്. പക്ഷേ, പന്ത് ചെന്നു പതിച്ചതാവട്ടെ തേർഡ്മാൻ ബൗണ്ടറിയിലും. അവസാന നിമിഷം തന്റെ കൈക്കുഴ തിരിച്ച് പന്തിന് ദിശ നൽകുക മാത്രമായിരുന്നു സൂര്യ ചെയ്തത്. മറ്റൊരു ക്ലിനിക്കൽ ടച്ച്!

English Summary Batting Style of Suryakumar Yadav and Rashid Khan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com