ADVERTISEMENT

ലക്നൗ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ വിരാട് കോലിയുടെ പേര് ചാന്റ് ചെയ്ത ലക്നൗ ആരാധകരോട് അതു തുടരാൻ ആവശ്യപ്പെട്ട് ലക്നൗവിന്റെ അഫ്ഗാനിസ്ഥാൻ യുവ പേസർ നവീൻ ഉൾ ഹഖ്. മുംബൈ ഇന്ത്യൻസ് ബാറ്റിങ്ങിനിടെയാണ് നവീൻ ഉൾ ഹഖിനു നേരെ ആരാധകർ ‘കോലി, കോലി ചാന്റ്’ മുഴക്കിയത്.

ബൗണ്ടറി ലൈനിനു സമീപത്ത് ഫീൽഡ് ചെയ്യുന്നതിനിടെ ആരാധകർ വീണ്ടും നവീനെ ലക്ഷ്യമിട്ടു. അപ്പോഴാണ് ചാന്റുകൾ തുടർന്നുകൊള്ളാൻ നവീൻ കൈകൊണ്ട് ആംഗ്യം കാണിച്ചത്. മത്സരത്തിൽ നാല് ഓവറുകൾ പന്തെറിഞ്ഞ നവീൻ ഉൾ ഹഖ് 37 റൺസാണു വഴങ്ങിയത്. വിക്കറ്റൊന്നും നേടാൻ അഫ്ഗാൻ യുവതാരത്തിനു സാധിച്ചുമില്ല.

19–ാം ഓവർ എറിഞ്ഞ നവീൻ 19 റൺസാണു വഴങ്ങിയത്. ആദ്യം ബാറ്റു ചെയ്ത ലക്നൗ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുക്കാനേ സാധിച്ചുള്ളൂ. ലക്നൗ അഞ്ച് റൺസിന്റെ വിജയം സ്വന്തമാക്കി. മേയ് ഒന്നിനു നടന്ന ആർസിബി– ലക്നൗ മത്സരത്തിനിടെയാണ് നവീനും വിരാട് കോലിയും തർക്കിച്ചത്.

അതിനുള്ള മറുപടിയെന്നോണമായിരുന്നു ആരാധകർ നവീനെതിരെ ‘കോലി ചാന്റ്’ ഉയർത്തിയത്. ബാംഗ്ലൂരിനെതിരെ ബാറ്റു ചെയ്യുന്നതിനിടെ കോലി ഷൂവിന്റെ അടിയിലെ പുല്ല് അടര്‍ത്തിയെടുത്തു നവീനു നേരെ ചൂണ്ടുകയും, അഫ്ഗാൻ താരം കോലിയെ രൂക്ഷമായി നോക്കുകയും ചെയ്തു. മത്സരത്തിനു ശേഷം ഇരു താരങ്ങളും ഷെയ്ക് ഹാൻഡ് ചെയ്യുന്നതിനിടെ നവീൻ കോലിയോടു തർക്കിച്ചു. സംഭവത്തിൽ കോലിക്കും നവീൻ ഉൾ ഹഖിനും ബിസിസിഐ പിഴ ചുമത്തിയിരുന്നു.

English Summary: Naveen Ul Haq's reaction to Kohli chants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com