ADVERTISEMENT

ചെന്നൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 16–ാം സീസണിലെ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സ് വിജയം നേടുമ്പോൾ, വിജയം കണ്ടത് വെറ്ററൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ തന്ത്രങ്ങൾ കൂടിയാണ്. ബോളർമാരെ ഉപയോഗിക്കുന്നതിലും ഫീൽഡ് സെറ്റ് ചെയ്യുന്നതിലും ഉൾപ്പെടെ ധോണി പുറത്തെടുത്ത മികവ് ചെന്നൈയുടെ വിജയത്തിൽ നിർണായകമായെന്നാണ് വിലയിരുത്തൽ. ഇതിനിടെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ് ഗുജറാത്ത് നായകൻ ഹാർദിക് പാണ്ഡ്യയെ പുറത്താക്കാൻ ധോണി പ്രയോഗിച്ച തന്ത്രം.

173 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്തിന്, ഓപ്പണർ വൃദ്ധിമാൻ സാഹയെ നഷ്ടമായതിനു പിന്നാലെയാണ് വൺഡൗണായി പാണ്ഡ്യ ക്രീസിലെത്തിയത്. ദീപക് ചാഹർ എറിഞ്ഞ മൂന്നാം ഓവറിലെ അവസാന പന്തിലാണ് സാഹ പുറത്താകുന്നത്. തുഷാർ ദേശ്‌പാണ്ഡെയുടെ അടുത്ത ഓവറിൽ നേരിട്ട ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തിയാണ് പാണ്ഡ്യ തുടക്കമിട്ടത്.

മഹീഷ് തീക്ഷണ എറിഞ്ഞ ആറാം ഓവറിലാണ് പാണ്ഡ്യയ്‌ക്കെതിരെ ധോണിയുടെ തന്ത്രപരമായ ഫീൽഡിങ് പ്ലേസ്മെന്റ് കണ്ടത്. ചെന്നൈയുടെ ആദ്യ ബോളിങ് മാറ്റം കൂടിയായിരുന്നു തീക്ഷണയുടെ വരവ്. ആദ്യ അഞ്ച് ഓവറുകളിൽ പേസർമാരെ നിയോഗിച്ച ധോണി, ആറാം ഓവറിൽ മഹീഷ് തീക്ഷണയിലൂടെ സ്പിന്നറെ കളത്തിലിറക്കുകയായിരുന്നു. ബാറ്റിങ് പവർ പ്ലേയുടെ അവസാനം സ്കോർ ഉയർത്താൻ ഹാർദിക് ശ്രമിക്കുമെന്ന ധോണിയുടെ കണക്കുകൂട്ടൽ പിഴച്ചില്ല. ബൗണ്ടറി സ്വപ്നം കണ്ട് ബാറ്റ് വീശിയ ഹാർദികിന് പിഴച്ചു.

മാത്രമല്ല, ഹാർദിക് സ്ട്രൈക്ക് എടുക്കുന്നതിനു മുൻപ് ധോണി ഒരു ഫീൽഡറെ ഓഫ് സൈഡിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ക്രീസിലെത്തിയ ഹാർദിക് ആകട്ടെ, പന്തടിച്ചത് കൃത്യമായി ധോണി ഓഫ് സൈഡിൽ നിയോഗിച്ച രവീന്ദ്ര ജഡേജയുടെ കൈളിലേക്കും. ഇതോടെ ചെന്നൈയ്ക്ക് ലഭിച്ചത് നിർണായക വിക്കറ്റ്. പവർപ്ലേ പൂർത്തിയാകുമ്പോഴേയ്ക്കും ഗുജറാത്ത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 42 റൺസ് എന്ന നിലയിലേക്കു പതിക്കുകയും ചെയ്തു.

ധോണി ഹാർദിക്കിന്‍റെ അഹങ്കാരത്തെ തോൽപ്പിച്ചുവെന്നാണ് മനോഹരമായ ഈ കാഴ്ച കണ്ട രവി ശാസ്ത്രി കമന്‍ററി ബോക്സിലിരുന്ന് പറഞ്ഞത്. ഫീൽഡിങ് ക്രമീകരിച്ച ധോണിയുടെ മികവാണ് കളി ചെന്നൈയ്ക്കായി അനുകൂലമായി മാറ്റിയതെന്ന് വ്യക്തം.

English Summary: MS Dhoni Plays With Hardik Pandya's Mind, Tricks Him Into Giving His Wicket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com