‘അപ്സ്റ്റോക്സി’ന് മനസ്സിലായി, എന്നിട്ടും ചില ഫാൻസിന് മനസ്സിലായിട്ടില്ല: വീണ്ടും ‘കുത്തി’ ജഡേജ

jadeja-award
രവീന്ദ്ര ജഡേജ ട്വീറ്റ് ചെയ്ത ചിത്രം
SHARE

ചെന്നൈ∙ ഐപിഎൽ 16–ാം സീസണിലെ ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിനെ വിജയത്തിലെത്തിയ തകർപ്പൻ പ്രകടനത്തിനു പിന്നാലെ, സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം ആരാധകരെ പരിഹസിച്ച് രവീന്ദ്ര ജഡേജ. തന്റെ മികവിൽ സംശയമുള്ള ആരാധകരെ ഉന്നമിട്ടാണ് മത്സരശേഷം ജഡേജ ട്വിറ്ററിലൂടെ രംഗത്തെത്തിയത്. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ ആദ്യം 16 പന്തിൽ രണ്ടു ഫോറുകൾ സഹിതം 22 റൺസെടുത്തും, പിന്നീട് നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയുമാണ് ജഡേജ ചെന്നൈയുടെ വിജയശിൽപിയായത്.

കളിയിലെ കേമനായി തിരഞ്ഞെടുക്കപ്പെട്ടത് ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദാണെങ്കിലും, ‘മോസ്റ്റ് വാല്യുബിൾ അസറ്റ് ഓഫ് ദി മാച്ച്’ പുരസ്കാരം നേടിയത് ജഡേജയായിരുന്നു. ‘അപ്സ്റ്റോക്സ്’ സ്പോൺസർ ചെയ്യുന്ന ഈ പുരസ്കാരം ഏറ്റുവാങ്ങുന്ന ചിത്രം സഹിതമാണ് ജഡേജ വിമർശകർക്കെതിരെ ആഞ്ഞടിച്ചത്.

‘‘അപ്സ്റ്റോക്സിനു വരെ മനസ്സിലായി. എന്നിട്ടും ചില ആരാധകർക്ക് ഇതുവരെ മനസ്സിലായിട്ടില്ല’ – ഇതായിരുന്നു ജഡേജ ട്വിറ്ററിൽ കുറിച്ച വാക്കുകൾ. ഗുജറാത്തിനെതിരായ മത്സരത്തിൽ താൻ ചെലുത്തിയ സ്വാധീനം പുരസ്കാരം സമ്മാനിച്ച ‘അപ്സ്റ്റോക്സ്’ തിരിച്ചറിഞ്ഞെങ്കിലും, ഒരു വിഭാഗം ആരാധകർ ഇപ്പോഴും വിമർശനം തുടരുന്നു എന്നായിരുന്നു ട്വീറ്റിന്റെ അർഥം.

ഈ ഐപിഎൽ സീസണിൽ ജഡേജ ആരാധകർക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തുന്നത് ഇതാദ്യമല്ല. ഈ മാസം ആദ്യം ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന മത്സരത്തിനു ശേഷവും ജഡേജ ആരാധകർക്കെതിരെ രംഗത്തെത്തിയിരുന്നു.

ചെന്നൈ സൂപ്പർ കിങ്സിനായി നേരത്തേ ബാറ്റിങ്ങിന് ഇറങ്ങുന്നതിൽ തനിക്കു താല്‍പര്യമില്ലെന്നായിരുന്നു ജഡേജയുടെ പ്രഖ്യാപനം. നേരത്തേ ബാറ്റിങ്ങിന് ഇറങ്ങിയാൽ താൻ വേഗം പുറത്താകാൻ സ്വന്തം ആരാധകർ തന്നെ ആഗ്രഹിക്കുമെന്ന് ജഡേജ ചൂണ്ടിക്കാട്ടിയിരുന്നു. തനിക്കു ശേഷം ഇറങ്ങുന്ന ധോണിയുടെ ബാറ്റിങ് കാണാനാണ് ചെന്നൈ ഫാൻസിനു താൽപര്യമെന്നും അന്ന് അദ്ദേഹം പറഞ്ഞു.

English Summary: Ravindra Jadeja Takes A Subtle Jibe At Fans Amid Rumoured Rift With MS Dhoni

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA