കൊൽക്കത്ത∙ വിജയത്തിനായി നടത്തിയ അധ്വാനം ആരും കണ്ടിട്ടില്ലെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിങ്. വിജയം മാത്രമാണ് ആളുകൾ കാണുന്നത്. ജീവിതത്തിൽ ഒന്നുമില്ലാത്ത സാഹചര്യത്തിൽ നിന്നുമാണ് താൻ കടന്നു വന്നത്. ദരിദ്രമായ ജീവിത സാഹചര്യങ്ങൾ, വിദ്യാഭ്യാസ യോഗ്യതകളുമില്ലെന്നും റിങ്കു പറഞ്ഞു.
ഈ ഐപിഎല്ലിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് റിങ്കു സിങ്. താരം നിരവധി മികച്ച പോരാട്ടങ്ങൾ ഈ സീസണിൽ കാഴ്ച്ചവച്ചു. ഒരു ഓവറിൽ നിന്ന് അഞ്ച് സിക്സ് നേടിയ പോരാട്ടമികവാണ് റിങ്കുവിനെ ശ്രദ്ധാകേന്ദ്രമാക്കിയത്.
‘‘തൂപ്പുകാരനായി ജോലി ചെയ്യാൻ അമ്മ എന്നോട് നിർദേശിച്ചു. അതു വഴി വീട്ടിലേക്ക് ചെറിയ വരുമാനം കിട്ടുമെന്ന് അമ്മ പ്രതീക്ഷിച്ചു. ഈ സാഹചര്യങ്ങളെ അതിജീവിക്കാൻ സഹായിക്കുന്ന ഏക ആയുധം ക്രിക്കറ്റായിരുന്നു. അതിന് വേണ്ടി എത്ര വേണമെങ്കിലും അധ്വാനിക്കാൻ തയാറായിരുന്നു. ഒരുപാട് ആളുകൾ ഈ യാത്രയിൽ സഹായിച്ചിട്ടുണ്ട്. കൊൽക്കത്ത ടീം എനിക്കൊപ്പം നിന്നു.
പരുക്ക് മാറിയ ശേഷം മാനസികമായി കൂടുതൽ കരുത്ത് നേടി. മൂന്ന് വർഷം മുൻപ് കാൽമുട്ടിന് ശസ്ത്രക്രിയ നടത്തി. മൂന്ന് മാസം കട്ടിലിലായിരുന്നു. ശുചിമുറിയിൽ പോകുന്നതിന് പടവുകൾ ഇറങ്ങണമായിരുന്നു. എന്തിലൂടെയാണ് കടന്നുപോയതെന്ന് എനിക്ക് മാത്രമേ അറിയൂ. അത് മറക്കില്ല. അതു കൊണ്ടാണ് മാനസികമായി കരുത്ത് നേടിയതും തിരിച്ച് വന്നതും.
ഒരു ഓവറിൽ നിന്ന് അഞ്ച് സിക്സ് നേടിയതാണ് ജീവിതം മാറ്റിയത്. ആളുകൾ കൂടുതലായി തിരിച്ചറിയാൻ തുടങ്ങി. പരാജയപ്പെട്ടാൽ ഇതേ ആളുകൾ പരിഹസിക്കും. വന്നത് എവിടെ നിന്നാണെന്ന് കൃത്യമായി അറിയാം. ഈ പ്രശസ്തി ക്ഷണികമാണ്.’’– റിങ്കു സിങ് വ്യക്തമാക്കി.
English Summary: Mother advised him to look for a job as a sweeper; Rinku Singh tells the story of the struggle