‘എല്ലാ മത്സരത്തിലും 40 റൺസിലധികം വഴങ്ങും, യഥാർഥ റൺ മെഷീൻ’; തുഷാറിന് പരിഹാസം, മറുപടി

tushar-deshpande
തുഷാർ ദേശ്‌പാണ്ഡെ (ചെന്നൈ സൂപ്പർ കിങ്സ് പങ്കുവച്ച ചിത്രം)
SHARE

ചെന്നൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 16–ാം സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് ഫൈനൽ ഉറപ്പിക്കുന്ന ആദ്യ ടീമാകുമ്പോൾ, ചെന്നൈയുടെ ബോളിങ് വിഭാഗത്തിൽ ഏറ്റവും തിളങ്ങിയ ബോളർമാരിലൊരാളാണ് യുവതാരം തുഷാർ ദേശ്പാണ്ഡെ. ഇതുവരെ കളിച്ച 15 മത്സരങ്ങളിൽനിന്ന് 21 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് യുവതാരം. ഇതുവരെ ടൂർണമെന്റിലാകെ 52.5 ഓവറുകൾ ബോൾ ചെയ്താണ് ദേശ്പാണ്ഡെയുടെ ഈ നേട്ടം.

അതിനിടെ സമൂഹമാധ്യമങ്ങളിലൂടെ ദേശ്പാണ്ഡെയെ പരിഹസിച്ച് രംഗത്തെത്തിയ ഒരു ആരാധകന്, താരം നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിക്കറ്റ് വേട്ടയിൽ മുന്നിലാണെങ്കിലും, താരം സ്ഥിരമായി കൂടുതൽ റൺസ് വിട്ടുകൊടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു ആരാധകൻ പരിഹാസവുമായെത്തിയത്. നിർണായകമായ ഒന്നാം ക്വാളിഫയറിൽ ചെന്നൈ ഗുജറാത്തിനെതിരെ 15 റൺസിന്റെ വിജയം നേടിയതിനു പിന്നാലെയായിരുന്നു ‘ട്രോളു’മായി ആരാധകന്റെ വരവ്.

ഗുജറാത്തിനെതിരായ മത്സരത്തിൽ നാല് ഓവറുകൾ ബോൾ ചെയ്ത ദേശ്പാണ്ഡെ ആകെ 43 റൺസാണ് വഴങ്ങിയത്. ഇതുൾപ്പെടെ ചെന്നൈ ബോളർമാരുടെ പ്രകടനം വ്യക്തമാക്കുന്ന സ്ക്രീൻ ഷോട്ട് സഹിതമായിരുന്നു ട്വിറ്ററിലൂടെയുള്ള ട്രോൾ.

‘എല്ലാ മത്സരങ്ങളിലും കുറഞ്ഞത് 40 റൺസ് വീതം വിട്ടുനൽകുക എന്നതാണ് ഇദ്ദേഹത്തിന്റെ പ്രധാന ജോലി. ശരിക്കും ഒരു റൺ മെഷീൻ തന്നെ’ – ദേശ്പാണ്ഡെയെയും ചെന്നൈ സൂപ്പർ കിങ്സിനെയും ടാഗ് ചെയ്ത് ആരാധകൻ കുറിച്ചു.

എന്നാൽ, ദേശ്പാണ്ഡെയുടെ മറുപടി ഒട്ടും വൈകിയില്ല. ‘‘കളത്തിലിറങ്ങാനും കളിക്കാനുമുള്ള തന്റേടമുണ്ടെങ്കിൽ മാത്രം ഇത്തരം കമന്റുകൾ പോസ്റ്റ് ചെയ്യുക. ഒരു കാര്യം എനിക്കുറപ്പാണ്. കളത്തിലെ ബൗണ്ടറി ലൈൻ കടക്കാൻ പോലും നിങ്ങളെക്കൊണ്ട് സാധിക്കില്ല’ – ഇതായിരുന്നു തുഷാർ ദേശ്പാണ്ഡെയുടെ മറുപടി. താരത്തെ പിന്തുണച്ച് ഒട്ടേറെപ്പേരാണ് ട്വിററ്റിലുൾപ്പെടെ രംഗത്തെത്തിയത്.

English Summary: “You can't even cross the boundary rope” - CSK bowler roasts fan for teasing him!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA