ചെന്നൈ∙ ഐപിഎല്‍ എലിമിനേറ്ററില്‍ ലക്നൗ സൂപ്പര്‍ ജയന്റ്സിന്റെ ഇന്നിങ്സിലെ രണ്ടാം ഓവര്‍. ഓപ്പണര്‍ പ്രേരക് മങ്കാദിനെ മടക്കി മുംബൈ ഇന്ത്യന്‍സിന്റെ യുവ പേസര്‍ വരാന്‍ പോകുന്നൊരു കൊടുങ്കാറ്റിന്റെ സൂചന നല്‍കി. 16.3 ഓവറില്‍ ലക്നൗ 101 റണ്‍സിന് പുറത്താവുമ്പോള്‍ ആകാശ് മധ്‍വാളിന്റെ നേട്ടം 3.3 ഓവറിൽ അഞ്ച് റൺസ് വഴങ്ങി അഞ്ച് വിക്കറ്റ്. നാല് വര്‍ഷം മുന്‍പ് വരെ ടെന്നീസ് ബോളില്‍ കളിച്ച് നിന്നിരുന്ന താരം അങ്ങനെ റെക്കോര്‍ഡുകള്‍ കടപുഴക്കി മുംബൈയെ വിജയിപ്പിച്ച് കളിയിലെ താരമായി.
2019ല്‍ ഉത്തരാഖണ്ഡ് പരിശീലകനായ വസീം ജാഫറുടെ ശ്രദ്ധയിലേക്ക് എത്തിയതോടെയാണ് ആകാശിന്റെ കൈകളിലേക്ക് റെഡ് ബോള്‍ എത്തുന്നത്. എൻജിനീയറിങ് വിദ്യാർഥിയായിരുന്ന ആകാശ് റെഡ് ബോളിൽ പരിശീലനം തുടങ്ങിയതും അപ്പോഴാണ്. ഫാസ്റ്റ് ബോളിങ്ങിലെ മികവിനൊപ്പം ഉത്തരാഖണ്ഡ് ടീമിന്റെ ക്യാപ്റ്റന്‍ എന്ന ചുമതലയും ആകാശിന്റെ കൈകളിലേക്ക് എത്തി.
2022ലാണ് ആകാശിനെ മുംബൈ സ്വന്തമാക്കിയത്. സൂര്യകുമാര്‍ യാദവിനു പരുക്കേറ്റപ്പോള്‍ പകരക്കാരനായിട്ടായിരുന്നു ഇത്. ആര്‍ച്ചര്‍ക്ക് പകരം ടീമില്‍ ലഭിച്ച അവസരം ഏഴ് കളിയിലും മുതലാക്കിയാണ് ആകാശ് ശ്രദ്ധ പിടിച്ചത്. 7 കളിയില്‍ നിന്ന് പിഴുതത് 13 വിക്കറ്റ്.
ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് വരുന്ന ഉത്തരാഖണ്ഡിലെ അതേ മേഖലയില്‍ നിന്നാണ് ആകാശും എത്തുന്നത്. ഡൊമസ്റ്റിക് ക്രിക്കറ്റില്‍ ഡല്‍ഹിയുടെ താരമായി മാറുന്നതിന് മുന്‍പ് പന്ത് പരിശീലനം നേടിയിരുന്ന അവ്തര്‍ സിങ്ങിനു കീഴിലാണ് ആകാശും പരിശീലിച്ചത്.
English Summary: Who Is Akash Madhwal?