സംഭവിക്കാനിടയുള്ള പിഴവുകൾ സിവിൽ എൻജിനീയർമാർ മുൻപേ കണക്കുകൂട്ടും. സ്വന്തം കരിയർ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ തനിക്കു പിഴവുപറ്റാനിടയുണ്ടെന്ന് ആകാശ് മധ്‌വാൾ എന്ന സിവിൽ എൻജിനീയർ 5 വർഷം മുൻപേ കണക്കുകൂട്ടി. 23–ാം വയസ്സിൽ ജോലി ഉപേക്ഷിച്ചു ക്രിക്കറ്റ് പ്രഫഷനായി സ്വീകരിക്കാൻ ആകാശ് ധൈര്യം കാട്ടിയതങ്ങനെയാണ്. അതുവരെ ടെന്നിസ് ബോളിൽ മാത്രം ക്രിക്കറ്റ് കളിച്ചിട്ടുള്ള, ഒരുവട്ടം പോലും റെഡ്ബോൾ കയ്യിലെടുത്തിട്ടില്ലാത്ത, പറയത്തക്ക മത്സരപരിചയമില്ലാത്ത ആകാശ് മധ്‌വാൾ (29) ഇന്നിതാ മുംബൈ ഇന്ത്യൻസിന്റെ ‘പേസ് സെൻസേഷൻ’ ആയി മാറിയിരിക്കുന്നു!
ഐപിഎൽ എലിമിനേറ്ററിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ അലക്കിപ്പിഴിഞ്ഞ് അയയിൽ വിരിക്കാൻ മുംബൈയെ പ്രാപ്തമാക്കിയത് ആകാശിന്റെ അവിശ്വസനീയ പ്രകടനം. 3.3 ഓവറിൽ 5 റൺസ് മാത്രം വിട്ടുനൽകി 5 വിക്കറ്റ് വീഴ്ത്തിയതു വഴി ഏറ്റവും കുറച്ചു റൺസ് വിട്ടുനൽകി ഏറ്റവുമധികം വിക്കറ്റ് നേട്ടമെന്ന ഐപിഎൽ റെക്കോർഡിൽ അനിൽ കുംബ്ലെയ്ക്ക് ഒപ്പമെത്താനും ആകാശിനായി.
∙ ആരാണ് ആകാശ് മധ്‌വാൾ?
കരസേനയിലെ എൻജിനീയറിങ് വിഭാഗത്തിൽ ഉദ്യോഗസ്ഥനായിരുന്ന ഘാനാ നന്ദിന്റെയും ആശയുടെയും രണ്ടുമക്കളിൽ മൂത്തവനായി ഉത്തരാഖണ്ഡിലെ ദുംഗ്രയിലാണ് ആകാശിന്റെ ജനനം. സഹോദരൻ ആശിഷിനൊപ്പം ടെന്നിസ് ബോളിൽ ക്രിക്കറ്റ് കളിയായിരുന്നു പ്രധാന വിനോദം.
അച്ഛനു സ്ഥലംമാറ്റമായപ്പോൾ കുടുംബത്തോടൊപ്പം ആകാശ് റൂർക്കിയിലെത്തി. അവിടെ അയൽവാസിയായ ചെറുപ്പക്കാരനൊപ്പം കളി കൂടുതൽ സജീവമായി. നിലംതൊടാതെ സിക്സറുകൾ പായിച്ചിരുന്ന ആ ചെറുപ്പക്കാരനെ യോർക്കറുകളിലൂടെ വിഷമിപ്പിക്കലായി ആകാശിന്റെ വിനോദം. ആ ചെറുപ്പക്കാരൻ പിന്നീട് ഇന്ത്യൻ ടീമിലെത്തി – ഋഷഭ് പന്ത്!
എൻജിനീയറിങ് പാസായി ജോലി തുടങ്ങിയശേഷവും ടെന്നിസ് ബോൾ ക്രിക്കറ്റ് തുടർന്നു. 2018ൽ ഉത്തരാഖണ്ഡ് സംസ്ഥാന ടീമിലേക്കുള്ള സിലക്‌ഷൻ ട്രയൽസിൽ പങ്കെടുക്കാൻ പോയതാണു വഴിത്തിരിവായത്.
മുംബൈ ഇന്ത്യൻസിൽ ജസ്പ്രീത് ബുമ്രയുടെ പകരക്കാരനല്ല ഞാൻ. ടീം എന്നെയേൽപിച്ച ഉത്തരവാദിത്തം ഭംഗിയായി പൂർത്തിയാക്കാനാണു ഞാൻ ശ്രമിച്ചത്. എനിക്ക് എന്തു സാധിക്കുമെന്നു ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് നന്നായി അറിയാം. യോർക്കറുകൾ എറിയാൻ കഴിയുന്നതു പോലെ ന്യൂബോൾ എറിയാനും എനിക്കു സാധിക്കുമെന്ന് നെറ്റ്സ് പ്രാക്ടീസിനിടെ അദ്ദേഹം മനസ്സിലാക്കിയിരുന്നു
ആകാശ് മധ്‌വാൾ (മുംബൈ ഇന്ത്യൻസ് ബോളർ)
∙ വൈൽഡ് ആയ എൻട്രി!
22–ാം വയസ്സിൽ എൻജിനീയർ, 23–ാം വയസ്സിൽ ടെന്നിസ് ബോൾ ക്രിക്കറ്റർ, 24ാം വയസ്സിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റം, 27–ാം വയസ്സിൽ ഐപിഎൽ നെറ്റ്ബോളർ, 29–ാം വയസ്സിൽ സൂപ്പർതാരം! 10 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 17 ലിസ്റ്റ് എ മത്സരങ്ങളുമാണ് ഈ വലംകൈ പേസർ ആകെ കളിച്ചിട്ടുള്ളത്. ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിന്റെ നെറ്റ്ബോളറായി 2019ൽ ആകാശ് ഐപിഎലിലെത്തി. 2022ൽ നെറ്റ്ബോളറായി മുംബൈ ഇന്ത്യൻസിൽ.
ടെന്നിസ് ബോളിൽ യോർക്കർ എറിയുമ്പോൾ പന്തൽപം കൂടുതൽ ഉയരുകയോ താഴുകയോ ചെയ്താൽ സിക്സർ ഉറപ്പാണെന്നതിനാൽ അണുവിട തെറ്റാതെ എറിഞ്ഞാർജിച്ചെടുത്ത മികവ് ആകാശിനു കരുത്തായി. പഞ്ചാബിനെതിരെയായിരുന്നു അരങ്ങേറ്റം. ആ കളിയിൽ വിക്കറ്റൊന്നും ലഭിച്ചില്ല. ചെന്നൈയ്ക്കെതിരായ കളിയിൽ 4 റൺസ് വഴങ്ങി ഒരു വിക്കറ്റ്. ഹൈദരാബാദിനെതിരായ കളിയിൽ 4 വിക്കറ്റ് വീഴ്ത്തിയതോടെ മുംബൈ ആരാധകരടക്കം ചോദിച്ചു, ‘എവിടെയായിരുന്നു ഇത്രയുംകാലം!’
English Summary: Akash Madhwal: Meet the man who 'engineered' LSG's exit from IPL 2023