അഹമ്മദാബാദ് ∙ ഐപിഎലിൽ അഞ്ച് തവണ കിരീടം നേടിയിട്ടും മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ രോഹിത് ശർമയുടെ കഴിവുകളെ അംഗീകരിക്കപ്പെടുന്നില്ലെന്ന് മുൻ താരം സുനിൽ ഗാവസ്കർ. ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ്. ധോണിയായിരുന്നെങ്കിൽ ഇപ്പോൾ വാനോളം പുകഴ്ത്തിയേനെയെന്നും അദ്ദേഹം പറഞ്ഞു. ഐപിഎൽ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടാനിരിക്കെയാണ് ധോണിയുടെയും രോഹിത്തിന്റെയും ക്യാപ്റ്റൻസിയെ ഗാവസ്കർ താരതമ്യം ചെയ്തത്. ഉദാഹരണസഹിതമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘കഴിഞ്ഞ ദിവസം ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ മുംബൈയുടെ ആകാശ് മധ്‌വാൾ ആയുഷ് ബദോനിയുടെ വിക്കറ്റ് എടുത്തശേഷം നിക്കൊളാസ് പുരാനെതിരെ ഓവർ ദ് വിക്കറ്റാണ് പന്തെറിഞ്ഞത്. സാധാരണ വലംകൈയൻ ബാറ്റർക്കെതിരെ ഓവർ ദ് വിക്കറ്റ് പന്തെറിഞ്ഞ് വിക്കറ്റെടുക്കുന്ന ബൗളർ, ഇടംകൈയൻ ബാറ്റർ വന്നാലും എറൗണ്ട് ദ് വിക്കറ്റ് പന്തെറിയാറാണ് പതിവ്. എന്നാൽ നിക്കൊളാസിനെതിരെ ആകാശ് ഓവർ ദ് വിക്കറ്റ് ആണ് ആദ്യ പന്തെറിഞ്ഞത്. അതിൽ വിക്കറ്റെടുക്കുകയും ചെയ്തു. ഈ സംഭവം ധോണിക്ക് കീഴിലാണ് അരങ്ങേറിയിരുന്നെങ്കിൽ എല്ലാവരും ധോണിയുടെ ബുദ്ധിയെ വാഴ്ത്തുമായിരുന്നു. ചെന്നൈയുടെ തുഷാർ ദേശ്പാണ്ഡെയെ പോലുള്ള പേസറെ മികച്ച ബോളാറാക്കി മാറ്റിയതിനും അജിങ്ക്യ രഹാനെ, ശിവം ദുബെ എന്നിവരുടെ തിരിച്ചുവരവിനും ധോണിയെയാണ് എല്ലാവരും പ്രശംസിക്കുന്നത്. മധ്‌വാൾ ധോണിയുടെ കീഴിലായിരുന്നെങ്കിൽ ധോണിയുടെ ക്യാപ്റ്റൻസിയെയും പ്രതിഭകളുടെ കണ്ടെത്താനുള്ള കഴിവിനെയും വാനോളം പുകഴ്ത്തിയേനെ. ചിലത് കൂടുതൽ പൊലിപ്പിച്ചു കാണിക്കുന്നതാണ് ഇപ്പോഴത്തെ രീതി.’– ഗവാസ്കർ പറഞ്ഞു.
ആദ്യം ബാറ്റ് ചെയ്യുമ്പോൾ ബാറ്ററെ ഇംപാക്ട് പ്ലേയറായി ഉപയോഗിക്കാൻ ഒരു ക്യാപ്റ്റനും തയാറാകില്ല. പക്ഷേ രോഹിത് ശർമ നെഹാൽ വധേരയെ അതിനായി തിരഞ്ഞെടുത്തു. ആ ക്രെഡിറ്റെങ്കിലും രോഹിത് ശർമയ്ക്ക് നൽകണമെന്ന് ഗാവസ്കർ ആവശ്യപ്പെട്ടു.
English Summary: 'If it was Dhoni and CSK…': Gavaskar says Rohit 'doesn't get credit' for captaincy ahead of IPL Qualifier vs GT