ADVERTISEMENT

അഹമ്മദാബാദ് ∙ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്നു നടക്കുന്ന ഐപിഎൽ രണ്ടാം ക്വാളിഫയർ ഇന്ത്യൻ ക്രിക്കറ്റിലെ ഇന്നും നാളെയും തമ്മിലുള്ള പോരാട്ടമാണ്. നിലവിലെ ക്യാപ്റ്റൻ രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസിനെ നേരിടുന്നത് ഭാവി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസ്. മുംബൈയുടെ മധ്യനിരയുടെ കരുത്ത് ഇന്ത്യൻ ട്വന്റി20 ടീമിലെ സൂപ്പർതാരം സൂര്യകുമാർ യാദവ് ആണെങ്കിൽ ഭാവി സൂപ്പർ സ്റ്റാർ ശുഭ്മൻ ഗില്ലാണ് ഗുജറാത്ത് ബാറ്റിങ്ങിന്റെ നെടുംതൂൺ. ഇന്നു ജയിക്കുന്ന ടീം ഞായറാഴ്ച ഇതേ വേദിയി‍ൽ നടക്കുന്ന ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. തോൽക്കുന്ന ടീം പുറത്താകും. രാത്രി 7.30നാണ് മത്സരം. സ്റ്റാർ സ്പോർട്സിൽ തൽസമയം.

14 മത്സരങ്ങളിൽ 10 ജയവുമായി പോയിന്റ് പട്ടികയിൽ ബഹുദൂരം മുന്നിലായിരുന്ന ഗുജറാത്തിനെ പക്ഷേ ഒന്നാം ക്വാളിഫയറിൽ ചെന്നൈ ഞെട്ടിച്ചു. ആദ്യം ബാറ്റു ചെയ്ത ചെന്നൈയെ 172 റൺസിൽ ഒതുക്കിയ ഹാർദിക്കിന്റെ ടീമിന് തങ്ങളുടെ പ്രധാന ശക്തിയെന്നു കരുതിയ ചേസിങ്ങിലാണ് പിഴച്ചത്.

സീസണിലെ ആദ്യ 7 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 4 തോൽവിയുമായി പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തായിരുന്ന മുംബൈ അവസാന നിമിഷത്തെ അതിവേഗ പാച്ചിലിലാണ് പ്ലേഓഫിൽ ഇടം നേടിയത്. ഗ്രൂപ്പ് ഘട്ടം അവസാനിക്കും വരെ ബോളിങ്ങായിരുന്നു മുംബൈയുടെ വലിയ തലവേദനയെങ്കിൽ എലിമിനേറ്റർ മത്സരത്തിലൂടെ എല്ലാം തലകീഴായി മറിഞ്ഞു. 5 വിക്കറ്റ് വീഴ്ത്തിയ ആകാശ് മധ്‌വാൾ നയിക്കുന്ന ബോളിങ് നിരയിൽ പ്രതീക്ഷ നിറച്ചാകും ഇന്ന് രോഹിത് ശർമയും സംഘവും ഇറങ്ങുക.

തല‘വേദന’

ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ മോശം ഫോമാണ് ഗുജറാത്തിനെ അലട്ടുന്നത്. ടോപ് ഓർഡറിൽ ബാറ്റിങ്ങിനിറങ്ങിയിട്ടും 13 മത്സരങ്ങളിൽ നിന്ന് 297 റൺസ് നേടിയ ഹാർദിക്കിന്റെ ശരാശരി 27 മാത്രമാണ്. ലക്നൗവിനെതിരെ മേയ് 7ന് നടന്ന മത്സരത്തിനുശേഷം ഹാർദിക് ഇതുവരെ ബോൾ ചെയ്തിട്ടുമില്ല.

മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയുടെ പേടിസ്വപ്നമായി മാറുകയാണ് ലെഗ് സ്പിന്നർമാർ. സീസണിൽ ലെഗ് സ്പിന്നർമാരുടെ 27 പന്തുകളാണ് രോഹിത് ആകെ നേരിട്ടത്. അതിൽ 5 തവണ വിക്കറ്റ് നഷ്ടപ്പെടുത്തുകയും ചെയ്തു.

കിങ് ഖാൻ

ഐപിഎലിൽ മുംബൈയ്ക്കെതിരെ മികച്ച റെക്കോർഡുള്ള* അഫ്ഗാൻ ലെഗ് സ്പിന്നർ റാഷിദ് ഖാൻ ഇന്നത്തെ മത്സരത്തിൽ ഗുജറാത്തിന്റെ വജ്രായുധം

റാഷിദ് ഖാൻ Vs മുംബൈ

ഇന്നിങ്സ്: 13

വിക്കറ്റ്: 18

ഇക്കോണമി: 5.96

മികച്ച പ്രകടനം: 4/30

* ഐപിഎലിലെ ആകെ പ്രകടനം

പിച്ച് റിപ്പോർട്ട്

ബാറ്റർമാർക്കു കൂടുതൽ പിന്തുണ നൽകുന്ന അഹമ്മദാബാദ് സ്റ്റേഡിയത്തിൽ ഈ സീസണിലെ ശരാശരി ഫസ്റ്റ് ഇന്നിങ്സ് സ്കോർ 187 റൺസാണ്. ഇതുവരെയുള്ള 14 ഇന്നിങ്സുകളിൽ ആകെ വീണ 88 വിക്കറ്റുകളിൽ 61ഉം നേടിയത് പേസ് ബോളർമാരാണ്.

English Summary : Mumbai Indians vs Gujarat Titans IPL match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com