ഗില്ലിന് എന്തെങ്കിലും ‘പ്രകൃതിവിരോധം’ ഉണ്ടോ? മുംബൈ ബോളർമാരെ നിലംതൊടീച്ചില്ല; റെക്കോർഡുകളുടെ ‘വനം’

Mail This Article
അഹമ്മദാബാദ്∙ ഐപിഎൽ പ്ലേഓഫ് മത്സരങ്ങളിലെ ഓരോ ഡോട്ട് ബോളിനും മരം വച്ചുപിടിപ്പിക്കുന്ന പദ്ധതി ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. എന്നാൽ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെതിരെ ബാറ്റു ചെയ്ത ഗുജറാത്ത് ടൈറ്റൻസ് ബാറ്റർ ശുഭ്മാൻ ഗിൽ ‘വനനശീകരണ’ യജ്ഞത്തിലായിരുന്നു. മുംബൈ ബോളർമാരെ നിലംതൊടീക്കാതെ ബൗണ്ടറികൾ പായിച്ച ഗില്ലിനെ പുകഴ്ത്താൻ കമന്റേറ്റർമാരാണ് ഗില്ലിന്റെ ‘പ്രകൃതിവിരോധ’ത്തെപ്പറ്റി പറഞ്ഞത്. 60 പന്തിൽ 10 സിക്സറുകളുടെയും 7 ഫോറിന്റെ അകടമ്പടിയോടെയാണ് ഗിൽ 129 റൺസെടുത്തത്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഗില്ലിന്റെ സെഞ്ചറിക്കരുത്തിൽ ഗുജറാത്ത് ടൈറ്റൻസ് വിജയിച്ചതോടെയാണ് മുംബൈയ്ക്ക് പ്ലേഓഫിലേക്ക് വാതിൽ തുറന്നത്. എന്നാൽ അതിലും ‘അക്രമണകാരി’യായ ഗില്ലിനെയാണ് അഹദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കണ്ടത്. കഴിഞ്ഞ മത്സരത്തിൽ മുംബൈയുടെ വിജയശിൽപിയായിരുന്ന ആകാശ് മധ്‌വാളിനെതിരെ 12–ാം ഓവറിൽ മൂന്നു സിക്സ് ഉൾപ്പെടെ 20 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്. 13–ാം ഓവറിൽ 19 റൺസും 15–ാം ഓവറിൽ 18 റൺസും ഗിൽ നേടി. ‘പ്രകൃതിവിരോധി’യായ ഗിൽ റെക്കോർഡുകളുടെ ‘വനം’ തീർക്കുകയും ചെയ്തു.
ഐപിഎൽ സീസണിലെ മൂന്നാം സെഞ്ചറിയാണ് ഗിൽ തികച്ചത്. ഒരു ഐപിഎൽ സീസണിൽ ഏറ്റവുമധികം സെഞ്ചറി നേടുന്ന താരങ്ങളിൽ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തു. 2016ൽ കോലിയും 2022ൽ ജോസ് ബട്‌ലറും നാല് സെഞ്ചറികൾ വീതം നേടിയിരുന്നു. ഐപിഎൽ പ്ലേ ഓഫിൽ സെഞ്ചറി നേടുന്ന ഏഴാമത്തെ താരമാണ് ശുഭ്മാൻ ഗിൽ. 23 വയസ്സും 260 ദിവസവും പ്രായമുള്ള ഗിൽ, ഈ നാഴികക്കല്ല് പിന്നിടുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ്. 49 പന്തിൽ സെഞ്ചറി തികച്ച ഗിൽ, പ്ലേഓഫിലെ വേഗതയേറിയ സെഞ്ചറിയുടെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു.
ഐപിഎല്‍ പ്ലേ ഓഫിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് ഗില്‍ കുറിച്ചത്. വീരേന്ദര്‍ സേവാഗ് (122), ഷെയ്ന്‍ വാട്സൻ (117*), വൃദ്ധിമാന്‍ സാഹ (115*) എന്നിവര്‍ പിന്നിലായി. ഐപിഎലിൽ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയാണിത്. 132* റൺസ് നേടിയ കെ.എല്‍.രാഹുലാണ് ഒന്നാമന്‍. ഋഷഭ് പന്ത് (128*), മുരളി വിജയ് (127) എന്നിവരാണ് ഗില്ലിനു പിന്നിലുള്ളത്
പ്ലേ ഓഫില്‍ ഏറ്റവും സിക്‌സുകള്‍ നേടുന്ന താരവുമായി ഗിൽ മാറി. 10 സിക്‌സറുകളാണ് ഗിൽ മുെബൈയ്ക്കെതിരെ നേടിയത്. എട്ട് വീതം സിക്‌സുകള്‍ നേടിയ സാഹ, ക്രിസ് ഗെയ്ല്‍, സേവാഗ്, വാട്‌സൻ എന്നിവരെ ഗില്‍ മറികടന്നു. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളില്‍ മൂന്നാമതായി ഗില്‍. വിരാട് കോലി (973), ജോസ് ബട്‌ലര്‍ (863) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. ഗില്‍ ഇതുവരെ 851 റണ്‍സ് നേടി. ഡേവിഡ് വാര്‍ണര്‍ (848), കെയ്ന്‍ വില്യംസൻ (735) എന്നിവരാണ് പിന്നില്‍. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ (4+6) നേടുന്ന നാലാമത്തെ താരം കൂടിയായി ഗില്‍. 111 ബൗണ്ടറികളാണ് ഗില്‍ നേടിയത്. ജോസ് ബട്‌ലര്‍ (128), കോലി (122), വാര്‍ണര്‍ (119) എന്നിവരാണ് മുന്നില്‍.
രണ്ടാം വിക്കറ്റിൽ ഗില്‍- സായ് സുദര്‍ശന്‍ സഖ്യം 138 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. പ്ലേ ഓഫിലെ ഏറ്റവും മികച്ച മൂന്നാമത്തെ കൂട്ടുകെട്ടാണിത്. മൈക്ക് ഹസി- മുരളി വിജയ് (159), ഹസി- സുരേഷ് റെയ്‌ന (140*) സഖ്യങ്ങളാണ് മുന്നില്‍. മാന്‍വിന്ദര്‍ ബിസ്ല- ജാക്വസ് കാലിസ് (136), സാഹ- മനന്‍ വോറ (129) സഖ്യങ്ങള്‍ പിന്നിലായി.
English Summary: 'Shubman Gill on a mission for deforestation'