ADVERTISEMENT

അഹമ്മദാബാദ്∙ ഐപിഎലിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിങ്സ് താരം അമ്പാട്ടി റായുഡു. ഗുജറാത്ത് ടൈറ്റൻസുമായി നടക്കുന്ന ഐപിഎൽ ഫൈനലാണ് തന്റെ അവസാന ഐപിഎൽ മത്സരമെന്ന് റായുഡു ട്വീറ്റ് ചെയ്തു. 2018 മുതൽ സിഎസ്കെയുടെ ഭാഗമായ റായുഡു, ടീമിനൊപ്പം രണ്ടു കിരീടങ്ങൾ നേടി. 2010ൽ മുംബൈ ഇന്ത്യൻസിലൂടെയാണ് റായുഡു ഐപിഎൽ കരിയർ ആരംഭിച്ചത്. 2013, 2015, 2017 വർഷങ്ങളിൽ മുംബൈയ്‌ക്കൊപ്പം ഐപിഎൽ കിരീടം നേടി.

‘‘രണ്ടു മികച്ച ടീമുകൾ, 204 മത്സരങ്ങൾ, 14 സീസണുകൾ, 11 പ്ലേഓഫുകൾ, 8 ഫൈനൽ, 5 ട്രോഫികൾ. ഇന്ന് രാത്രി ആറാം ട്രോഫി പ്രതീക്ഷിക്കുന്നു. ഇതു തീർച്ചയായും മികച്ച യാത്രയായിരുന്നു. ഇന്ന് രാത്രി നടക്കുന്ന ഫൈനൽ എന്റെ അവസാന ഐപിഎൽ മത്സരമായിരിക്കും. ഐപിഎലിൽ കളിക്കുന്നത് ഞാൻ ശരിക്കും ആസ്വദിച്ചു. എല്ലാവർക്കും നന്ദി. ഇനി യുടേൺ ഉണ്ടാകില്ല.”– റായുഡു തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു

ഇതിനു മുൻപ് രണ്ടു തവണ അമ്പാട്ടി റായുഡു വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം, ഐപിഎൽ അവസാനിക്കുന്നതിനു മുൻപാണ് അമ്പാട്ടി റായുഡു അവസാനം വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് തീരുമാനത്തിൽനിന്നു ‘യുടേൺ’ അടിക്കുകയായിരുന്നു. . ‘‘ഇത് എന്റെ അവസാന ഐപിഎൽ ആയിരിക്കുമെന്ന് സന്തോഷത്തോടെ പ്രഖ്യാപിക്കുന്നു. 13 വർഷത്തിനിടെ ഐപിഎലിലെ മികച്ച 2 ടീമുകളായ മുംബൈ ഇന്ത്യൻസിനും ചെന്നൈ സൂപ്പർ കിങ്സിനും വേണ്ടി കളിക്കാൻ കഴിഞ്ഞു. മുംബൈയ്ക്കും ചെന്നൈയ്ക്കും നന്ദി..’’– റായുഡു അന്നു ട്വീറ്റു ചെയ്തു. എന്നാൽ ഒരു മണിക്കൂറിനകം ട്വീറ്റ് അപ്രത്യക്ഷമായി.

പിന്നാലെ വിശദീകരണവുമായി ചെന്നൈ സിഇഒ: കാശി വിശ്വനാഥൻ രംഗത്തെത്തി. ‘‘അമ്പാട്ടി റായുഡു ഐപിഎലിൽനിന്നു വിരമിക്കുന്നില്ല. പെട്ടെന്നുള്ള വൈകാരികാവസ്ഥയിൽ അദ്ദേഹം ട്വീറ്റ് ചെയ്തതാണ് അത്. അദ്ദേഹവുമായി സംസാരിച്ചു. അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു’’– കാശി വിശ്വനാഥൻ പറഞ്ഞു.

2019 ഏകദിന ലോകകപ്പിൽ, തന്നെ തഴഞ്ഞ് വിജയ് ശങ്കറിനെ ടീമിൽ ഉൾപ്പെടുത്തിയതിനു സിലക്ടർമാരെ പരിഹസിച്ച് ട്വീറ്റ് ചെയ്ത റായുഡു ആ വർഷം ജൂലൈയിൽ രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് തീരുമാനം പിൻവലിച്ചു. ഐപിഎൽ ചരിത്രത്തിൽ ഇരുന്നൂറിലധികം മത്സരങ്ങൾ കളിച്ച ചുരുക്കം താരങ്ങളിൽ ഒരാളാണ് റായിഡു. 204 മത്സരങ്ങളിൽനിന്ന് 4239 റൺസ് നേടിയ റായുഡു നിലവിൽ ഐപിഎലിലെ റൺവേട്ടക്കാരിൽ 12-ാം സ്ഥാനത്താണ്.

English Summary: Ambati Rayudu announces IPL retirement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com